പടിക്കൽ കലമുടച്ചു മുംബൈ പ്ലേയോഫ് കാണാതെ പുറത്ത്

ഐപിഎൽ 2018ൽ നിന്നും മുംബൈ പുറത്തേക്ക്. ഡൽഹിക്കെതിരെ വിജയത്തിൽകുറഞ്ഞൊന്നും മുംബൈയ്ക്ക് പ്ലേയോഫ് ടിക്കറ്റ് നല്കുമായിരുന്നില്ല. അവസാന ഓവറുകളിൽ ബെൻ കട്ടിങ് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മുംബൈയ്ക്ക് രക്ഷപെടാനായില്ല. എല്ലാവര്ഷത്തെയും പോലെ ഇത്തവണയും സീസണിന്റെ രണ്ടാംപകുതിയിലെ പ്രകടനം പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് നിരാശ മാത്രം. മുംബൈയുടെ തോൽവി നിലവിൽ 4ആം സ്ഥാനത്തുള്ള രാജസ്ഥാന് ആശ്വാസമായി. ചെന്നൈ പഞ്ചാബ് മത്സരം വലിയ മാർജിനിൽ പഞ്ചാബ് ജയിച്ചില്ലെങ്കിൽ രാജസ്ഥാന് സീറ്റുറപ്പിക്കാം. 
ഋഷഭ് പന്തിന്റെ അര്ധസെഞ്ചുറിയുടെ മികവിൽ ഡൽഹി പടുത്തുയർത്തിയ 174 റൺ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിംഗ്സ് 163ൽ അവസാനിച്ചു. എവിൻ ലൂയിസ്, ബെൻ കട്ടിങ് എന്നിവർ മാത്രമാണ് മുംബൈ നിരയിൽ പിടിച്ചു നിന്നത്. ക്യാപ്റ്റൻ രോഹിത് ശർമ വീണ്ടും പരാജയപ്പെട്ടു. അവസാന ഓവറുകളിൽ വെടിക്കെട്ടുമായി ബെൻ കട്ടിങ് ഡൽഹി ബോളർമാരെ വെള്ളം കുടിപ്പിച്ചു. ഒരു ഘട്ടത്തിൽ മുംബൈ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറിൽ കട്ടിങ്ങിന്റെ വിക്കറ്റ് നഷ്ടമായതോടെ മൂന്ന് വട്ടം ചാമ്പ്യൻമാരായ മുംബൈ ടൂർണമെന്റിന് പുറത്തേക്ക്.  3 വീതം വിക്കറ്റുമായി അമിത് മിശ്രയും ലാമിച്ചനെയും ഡൽഹി ബൌളിംഗ് നിരയെ മുന്നിൽനിന്ന് നയിച്ചു. ഡെല്ഹിയാവട്ടെ തുടരെ രണ്ട് വിജയങ്ങളുമായി സീസൺ അവസാനിപ്പിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here