മുരളി വിജയ് ഇംഗ്ലീഷ് കൗണ്ടി ടീം എസ്സെക്സിലേക്ക്

­നിലവിലെ ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്മാരായ എസ്സെക്സിൽ കളിക്കാൻ ഇന്ത്യൻ താരം മുരളി വിജയ്. ഈ സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിലാണ് വിജയ് ക്ലബ്ബിന് വേണ്ടി കളിക്കുക. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലെ മോശം പ്രകടനത്തെ തുടർന്ന്, പിന്നീടുള്ള മത്സരങ്ങളിൽ ടീമിൽ ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചിരുന്നില്ല.

കളിച്ച 2 ടെസ്റ്റ് മത്സരങ്ങളിലെ 4 ഇന്നിംഗ്സുകളിൽ നിന്നായി ആകെ 26 റൺസ് മാത്രമേ താരത്തിന് നേടാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ വാം അപ്പ് മത്സരത്തിൽ 53 റൺസ് നേടിയിരുന്നു, ഈ പ്രകടനം കൗണ്ടിയിലും ആവർത്തിക്കാൻ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷ എന്നു വിജയ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഒരു മാസമായി ഞാൻ ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലുണ്ട്. ഇവിടുത്തെ ആരാധകവൃന്ദം വളരെ മികച്ചതാണ്. എസ്സെക്സിനൊപ്പം കളിക്കുകയും വിജയിക്കുകയും ചെയ്യാൻ ഞാൻ വളരെ ആവേശത്തിലാണ്’. തന്റെ കൗണ്ടി പ്രവേശനം പ്രഖ്യാപിച്ചതിനുശേഷം വിജയ് പറഞ്ഞു.

വിജയുടെ കഴിവും മത്സരപരിചയവും ഉള്ള ഒരു താരത്തെ തങ്ങളുടെ ടീമിൽ കിട്ടുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് എസ്സെക്സ് ഹെഡ് കോച്ച് ആന്തണി മക്ഗ്രാത്ത് പറഞ്ഞു. “വിജയ് ഇവിടെ വന്നു കളിക്കാൻ താത്പര്യപ്പെട്ടത്തിൽ വളരെ സന്തോഷമുണ്ട്. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ റൺസ് നേടാൻ കഴിവുള്ള മികച്ച ബാറ്റ്സ്മാനാണ് അദ്ദേഹം”.

“സീസൺ ഏതാണ്ട് അവസാനിക്കാറായ ഈ സമയത്ത് അദ്ദേഹത്തെ പോലെ പരിചയസമ്പത്തും അന്താരാഷ്ട്ര നിലവാരവുമുള്ള ഒരു ബാറ്റ്സ്മാന്റെ സാന്നിധ്യം ടീമിന് ശക്തിപകരും. പ്രത്യേകിച്ചും സുപ്രധാനമായ പല മത്സരങ്ങളും വരുന്ന ഈ സാഹചര്യത്തിൽ”. മക്ഗ്രാത്ത് കൂട്ടിച്ചേർത്തു.

സൗത്ത് ഈസ്റ്റ് കൗണ്ടിയിൽ കരാർ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് മുരളി വിജയ്. നേരത്തെ ഗൗതം ഗംഭീറും ഹർഭജൻ സിങ്ങും കൗണ്ടിയിൽ കളിച്ചിരുന്നു. മുരളി വിജയുടെയും, ഓവൽ ടെസ്റ്റോടുകൂടി റിട്ടയർ ചെയ്യുന്ന ഇംഗ്ലീഷ് താരം അലസ്റ്റയർ കുക്കിന്റെയും വരവോടെ നിരാശജനകമായ ഒരു സീസണിന് അറുതി വരുത്താമെന്ന പ്രതീക്ഷയിലാണ് എസ്സെക്സ് ടീം.

11 മത്സരങ്ങളുള്ള സീസണിൽ ഇതുവരെ 8 കളിയിൽ നിന്നായി 4 ജയവും 4 തോൽവിയും അടക്കം 121 പോയിന്റോടുകൂടി നാലാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാർ ഇപ്പോൾ. ഒന്നാം സ്ഥാനത്തുള്ള സറെയെക്കാൾ 97 പോയിന്റ് പിന്നിൽ.

LEAVE A REPLY

Please enter your comment!
Please enter your name here