ATP വേൾഡ് ടൂർ – റോമിൽ നദാലും ജോക്കോവിച്ചും ക്വാർട്ടർ ഫൈനലിൽ

റോമിൽ നടക്കുന്ന ATP വേൾഡ് ടൂർ മാസ്റ്റേഴ്സ് 1000 മത്സരങ്ങളിൽ നദാലിനും ജോക്കോവിച്ചിനും അനായാസ ജയം. 7 തവണ റോമിൽ കിരീടം ചൂടിയിട്ടുള്ള നദാൽ കനേഡിയൻ താരം ശപവ്ലോവ്നെയാണ് തോൽപ്പിച്ചത്. സ്കോർ 6-4, 6-1. 49 മിനിറ്റിൽ ആദ്യ സെറ്റ് സ്വന്തമാക്കിയ നദാൽ 19കാരനായ ശപവ്ലോവ്നെ രണ്ടാംസെറ്റിൽ നിലയുറപ്പിക്കാൻപോലും അനുവദിച്ചില്ല. ക്വാർട്ടർ ഫൈനലിൽ ഫാഗ്നിനിയാണ് നദാലിന്റെ എതിരാളി. മുൻപ് 13 തവണ ഏറ്റുമുട്ടിയപ്പോൾ 10 വിജയം നദാലിനൊപ്പമായിരുന്നു. ടൂർണമെന്റിലെ ടോപ് സീഡായ നദാലിന് ക്വാർട്ടർ ഫൈനലിൽ കാര്യമായ വെല്ലുവിളി ഉണ്ടാവുമെന്ന് കരുതാനാവില്ല. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ വിജയിക്കാനായാൽ നദാലിന്റെ 32ആം മാസ്റ്റേഴ്സ് 1000 കിരീടനേട്ടമാകും. കഴിഞ്ഞയാഴ്ച നഷ്ട്ടപ്പെട്ട ലോക ഒന്നാംനമ്പർ പദവി തിരിച്ചുപിടിക്കാനും സാധിക്കും.
നാലുവട്ടം റോമിൽ ചാമ്പ്യനായ ജോക്കോവിച് മികച്ച പ്രകടനത്തിലൂടെ 2017 മോണ്ടി കാർലോ ഫൈനലിസ്റ് ആയ ആൽബർട്ട് റാമോസ് വിനോലാസിനെ കീഴടക്കി. സ്കോർ 6-1, 7-5. സീസണിലെ ജോക്കോവിച്ചിന്റെ ആദ്യ ATP വേൾഡ് ടൂർ ക്വാർട്ടർ ഫൈനൽ. “കഴിഞ്ഞ 12 മാസത്തിനിടയിൽ ക്വാളിറ്റിയുള്ള പ്രകടനം പുറത്തെടുക്കാൻ എനിക്ക് അധികം അവസരമുണ്ടായില്ല. എനിക്ക് മത്സരിക്കാൻ ഏറെ ഇഷ്ടമുള്ളതും, ഏറെ സപ്പോർട്ട് ലഭിക്കുന്നതുമായ സ്ഥലത്തുതന്നെ നല്ല പ്രകടനം കാഴ്ചവയ്ക്കാനായി. ഇനിയങ്ങോട്ട് ഓരോ മത്സരത്തിലും മെച്ചപ്പെടുകതന്നെ ചെയ്യും” താരം പറഞ്ഞു. ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ  കെയ് നിഷികോറിയാണ് ജോക്കോവിച്ചിന്റെ എതിരാളി. ഹെഡ് ടു ഹെഡ് കണക്കുകളിൽ 12-2 ലീഡുമായി ജോക്കോവിച്ചാണ് മുൻപിൽ. 

LEAVE A REPLY

Please enter your comment!
Please enter your name here