നെയ്മറിനെ തേടി പുതിയ റെക്കോര്‍ഡ്

ബ്രസീലിന് വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരങ്ങളില്‍  നെയ്മര്‍ ഇനി മൂന്നാം സ്ഥാനത്ത്. 56 തവണ ബ്രസീലിനായി സ്കോര്‍ ചെയ്ത നെയ്മര്‍ 1994 ലോകകപ്പിലെ സൂപ്പര്‍ താരം റൊമാരിയോയുടെ സ്കോറിംഗ് റെക്കോര്‍ഡാണ് ഇന്ന് മറികടന്നത്. റഷ്യന്‍ ലോകകപ്പില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ഡഗ്ലസ് കോസ്റ്റയുടെ പാസ്സില്‍ നിന്നാണ് നെയ്മര്‍ ഗോള്‍ നേടിയത്.

87 മത്സരങ്ങളില്‍ നിന്നാണ് 26കാരനായ നെയ്മര്‍ 56 ഗോളുകള്‍ നേടിയിരിക്കുന്നത്. ഇതിഹാസ താരം റൊമാരിയോ 70 കളികളില്‍ നിന്നായിരുന്നു 55 ഗോളുകള്‍ സ്കോര്‍ ചെയ്തത്. 1987ല്‍ ബ്രസീലിനായി അരങ്ങേറ്റം കുറിച്ച റൊമാരിയോയുടെ കരിയര്‍ 2005 വരെ നീണ്ടു നില്‍ക്കുന്നതായിരുന്നു. മൂന്നാം സ്ഥാനക്കാരനായ നെയ്മര്‍ക്ക് മുന്നില്‍ ഇനി ബ്രസീലിയന്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോയും പെലെയുമാണുള്ളത്. പെലെയ്ക്ക് 77 ഗോളുകളും റൊണാള്‍ഡോക്കു  62 ഗോളുമാണ് ബ്രസീലിയന്‍ ജേഴ്സിയില്‍ സമ്പാദ്യം.

കുട്ടിഞ്ഞോയും നെയ്മറും ബ്രസീലിനായി സ്കോര്‍ ചെയ്ത മത്സരത്തില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ വിജയിച്ച് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ബ്രസീലിന് കഴിഞ്ഞു. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ കാനറികള്‍ സമനില വഴങ്ങിയിരുന്നു. ഇനി യുറോപ്യന്‍ ശക്തികളായ സെര്‍ബിയയെയാണ് ബ്രസീലിനു നേരിടാന്‍ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here