നൈജീരിയയ്ക്ക് വിജയം : അര്‍ജന്റീനയ്ക്ക് ആശ്വാസം

ഗ്രൂപ്പ്‌ ഡി യിൽ ഐസ്ലൻഡിനെതിരെ നൈജീരിയയ്ക്ക് വിജയം. റഷ്യയില്‍ സി.എസ്.കെ.എ. മോസ്ക്കൊയ്ക്ക് വേണ്ടി കളിക്കുന്ന അഹമ്മദ് മൂസ നേടിയ ഇരട്ടഗോളുകളുടെ പിൻബലത്തിലാണ് ആഫ്രിക്കൻ കരുത്തർ ഐസ്ലൻഡിനെ മറികടന്നത്. വിജയത്തോടെ നോക്ക് ഔട്ട് പ്രതീക്ഷകൾ കാക്കാൻ നൈജീരിയക്കായി. നൈജീരിയയുടെ വിജയത്തോടെ ലാറ്റിനമേരിക്കന്‍ ശക്തികളായ അർജന്റീനയുടെ പ്രീക്വാർട്ടർ സാധ്യതകൾക്ക് വീണ്ടും ജീവന്‍ വെച്ചു.

ക്രൊയേഷ്യയ്‌ക്കെതിരെ പരാജയപ്പെട്ട ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയാണ് നൈജീരിയ കളിക്കളത്തിലിറങ്ങിയത്. അലക്സ് ഇവോബിയും ഇഗാളോയും ആദ്യപതിനൊന്നിൽ നിന്നും പുറത്തായപ്പോൾ മുന്നേറ്റനിരയിൽ അഹമദ് മൂസയ്ക്ക് കൂട്ടായി ഇഹനാച്ചോ അണിനിരന്നു. അർജന്റീനയെ സമനിലയിൽ പിടിച്ചുകെട്ടാനായതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഐസ്ലൻഡും ആദ്യ ഇലവനിൽ രണ്ടുമാറ്റങ്ങൾ വരുത്തി. സൂപ്പർതാരം സിഗുർഡ്സന്റെ മികച്ച മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും പതിയെ നൈജീരിയ പിടിമുറുക്കാൻ തുടങ്ങി. ഉയരത്തിന്റെ ആനുകൂല്യം മുതലാക്കിയ ഐസ്ലൻഡ് പ്രതിരോധം മോസസിന്റെ ക്രോസുകളെ ഫലപ്രദമായി തടഞ്ഞപ്പോൾ, മറുവശത്ത് സിഗുർഡ്സണ് പതിവ് മികവിലേക്ക് ഉയരാനായില്ല.

ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം അഹമ്മദ് മൂസയിലൂടെ നൈജീരിയ മുന്നിൽകടന്നു. വേഗതയാർന്നൊരു കൗണ്ടർ അറ്റാക്കിലൂടെ വികട്ര്‍ മോസസ് കൈമാറിയ പാസ് കണിശതയാര്‍ന്ന ഒരു ഫിനിഷിലൂടെ മൂസ വലയിലേക്ക് പായിക്കുകയായിരുന്നു. 49ആം മിനിറ്റിൽ ആദ്യഗോൾ കണ്ടെത്തിയ മൂസ, 74ആം മിനിറ്റിൽ വീണ്ടുമൊരു മികച്ച ഷോട്ടുതിർത്തെങ്കിലും ക്രോസ്സ്ബാറില്‍ തട്ടിത്തെറിച്ചു. എന്നാൽ തൊട്ടടുത്ത മിനിറ്റില്‍ തന്നെ മൂസ വീണ്ടും വലകുലുക്കി. മുന്നോട്ടോടിയെത്തിയ ഗോൾകീപ്പറെ മനോഹരമായി കബളിപ്പിച്ച താരം ടോപ് കോർണറിലേക്ക് പന്ത് പായിക്കുകയായിരുന്നു. 83 ആം മിനിറ്റിൽ ഒരുഗോൾ മടക്കാൻ ലഭിച്ച പെനാല്‍റ്റി സിഗുർഡ്സൺ പാഴാക്കിയതോടെ ലോകകപ്പിലെ അരങ്ങേറ്റക്കാർ തങ്ങളുടെ ആദ്യതോൽവി ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here