ഓസ്കാർ ഡുവാര്‍ടെ : രണ്ട് രാജ്യങ്ങളെ ഒന്നിപ്പിച്ച ഫുട്ബോളർ

നിക്കാരഗ്വൻ തലസ്ഥാനമായ മനാഗ്വയിലാണ് ഓസ്കാർ ഡുവാര്ടെ ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ ഡുവാര്ടെയും അമ്മയും കോസ്റ്റാറിക്കയിലേക്ക് മാറിത്താമസിച്ചു. പിൽക്കാലത്തു ലോകമറിയുന്ന ഫുട്ബോളറായി മാറിയെങ്കിലും രണ്ട് രാജ്യങ്ങളോടുമുള്ള സ്നേഹം ഡുവാര്ടെ മനസിൽസൂക്ഷിച്ചു. 

കോസ്റ്റാറിക്കയും നിക്കരാഗ്വയും തമ്മിൽ കാലങ്ങളായി സംഘർഷം നിലനിൽക്കുന്നുണ്ട്. അതിർത്തിതർക്കവും, സാൻ ജുവാൻ നദിയിന്മേലുള്ള അധികാരത്തർക്കവുമാണ് സംഘർഷത്തിന് പ്രധാന കാരണങ്ങൾ. 1998ൽ കോസ്റ്ററിക്കൻ പോലീസ് നദിയിലൂടെ സഞ്ചരിച്ചത് നിക്കരാഗ്വ തടഞ്ഞു. നദിയിലെ മൽസ്യബന്ധനത്തെ സംബന്ധിച്ച തർക്കവുംകൂടിയായപ്പോൾ കേസ് 2009ൽ International Court of Justiceന്റെ മുന്നിലെത്തി. കോസ്റ്റാറിക്കയ്ക്ക് അനുകൂലമായാണ് വിധി വന്നത്. ഒരു വർഷത്തിനപ്പുറം വീണ്ടുമൊരു തർക്കം ഉടലെടുത്തു. സാൻ ജുവാൻ നദിയിൽ 33കിലോമീറ്റർ ദൂരത്തിൽ നിക്കരാഗ്വ ഡ്രെഡ്ജിങ് നടത്തിയതാണ് കാരണം. പരിസ്ഥിതി നാശം, രാജ്യത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റം എന്നീ വിഷയങ്ങൾ ഉന്നയിച്ചു കോസ്റ്റാറിക്ക മുന്നോട്ടുവന്നു. 5 വർഷം നീണ്ടുനിന്ന തർക്കത്തിനുശേഷം നിക്കരാഗ്വ കോസ്റ്റാറിക്കയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് 2015ൽ  International Court of Justiceന്റെ വിധി വന്നു. 


ഒരു മാസത്തിനുമുന്പ് നിക്കരാഗ്വയിൽ നടന്ന പ്രക്ഷോഭത്തെക്കുറിച്ചു കോസ്റ്റാറിക്ക അഭിപ്രായപ്രകടനം നടത്തിയതിന്റെപേരിൽ വീണ്ടും നയതന്ത്രബന്ധം വഷളായി. ഈയൊരു സാഹചര്യത്തിലാണ് ഡുവാര്ടെയുടെ പങ്ക് പ്രാധാന്യമര്ഹിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് അതീതമായി ജനങ്ങളെ ഒന്നിപ്പിക്കാൻ താരത്തിനായി. 2010ൽ കോസ്റ്റാറിക്കയ്ക്കുവേണ്ടി രാജ്യാന്തരമത്സരത്തിൽ അരങ്ങേറുകയും, 2014ലെ ലോകകപ്പിൽ പങ്കെടുക്കുകയും ചെയ്തതോടെ ഇരു രാജ്യങ്ങളുടെയും ഫുട്ബോൾ പ്രേമികളുടെ ഇടയിൽ ഡുവാര്ടെയുടെ പ്രാധാന്യം വർധിച്ചു. 

“രണ്ട് രാജ്യങ്ങളിലെയും ജനങ്ങൾ ഒന്നിച്ചുനിൽക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. രാജ്യങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും ഫുട്ബോളിലൂടെ ഇരുകൂട്ടരേയും ഒരുമിപ്പിക്കാൻ കഴിയുന്നത് സന്തോഷം നൽകുന്നു” ഡുവാര്ടെ പറഞ്ഞു. മത്സരദിവസങ്ങളിൽ കോസ്റ്റാറിക്കയിലേതിന് സമാനമായി നിക്കരാഗ്വക്കാർ ഓരോ ഗോളുകൾക്കും ആഘോഷപ്രകടനങ്ങൾ നടത്തുന്നുണ്ടായിരുന്നു. നിക്കരാഗ്വയുടെകൂടി പേര്  ഫുട്ബോൾ ചരിത്രത്തിൽ രേഖപ്പെടുത്തുന്നതിന് ഡുവാര്ടെ കരണക്കാരനായി. 

ബാല്യകാലം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും ഫുട്ബോളർ ആകണമെന്ന ആഗ്രഹം ഡുവാര്ടെയെ മുന്നോട്ടുനയിച്ചു. കോസ്റ്റാറിക്കയുടെ മുൻനിര ക്ലബ്ബായ സപ്രിസയിലൂടെയാണ് ഡുവാര്ടെയുടെ വളർച്ച തുടങ്ങിയത്. 2013ൽ ഡുവാര്ടെ ബെൽജിയത്തിലേക്ക് ചേക്കേറി. 3 വർഷത്തിനുശേഷം അവിടെനിന്നും എസ്പാന്യോളിലേക്ക്, അവിടെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. 

ഫുട്ബോളിലെ നേട്ടങ്ങളെക്കാളുപരി 2 രാജ്യങ്ങളെ ഒരുമിപ്പിച്ചു വ്യക്തി എന്ന നിലയിലായിരിക്കും ഡുവാര്ടെ കൂടുതൽ അറിയപ്പെടുക. അവധിക്കാലം ചിലവഴിക്കാൻ താരം നിക്കരാഗ്വയിലേക്ക് പോകാറുണ്ട്. നിക്കരാഗ്വയും ബൊളീവിയയും തമ്മിലുള്ള ഫുട്ബോൾ മത്സരം കാണുന്നതിനായി പ്രത്യേക ക്ഷണിതാവായി ഡുവാര്ടെ പോയിട്ടുണ്ട്. രണ്ട് രാജ്യങ്ങളുടെയും പ്രതിനിധി എന്നനിലയിലാണ് ഡുവാര്ടെ സ്വയം വിശേഷിപ്പിക്കുന്നത്. “അതൊരു തോന്നലല്ല. ഞാൻ നിക്കരാഗ്വയിലാണ് ജനിച്ചത് എന്നതൊരു വസ്തുതയാണ്. ആരൊക്കെ എന്തുപറഞ്ഞാലും അതൊരിക്കലും മാറില്ല” ഡുവാര്ടെ പറഞ്ഞു. 

ബ്രസീൽ ലോകകപ്പിലേതിന് സമാനമായി കോസ്റ്റാറിക്കയെ ക്വാർട്ടർഫൈനൽ വരെയെങ്കിലും എത്തിക്കുക എന്ന ദൗത്യവുമായാണ് ഡുവാര്ടെ റഷ്യയിലേക്ക് പറക്കാനൊരുങ്ങുന്നത്. ലോകകപ്പിന്റെ ഫലം എന്തുതന്നെയായാലും കോസ്റ്റാറിക്കയെയും നിക്കരാഗ്വയെയും ഒരുമിപ്പിക്കുന്നതിൽ ഡുവാര്ടെയുടെ പങ്ക് എന്നും ഓർമിപ്പിക്കപ്പെടും. 

LEAVE A REPLY

Please enter your comment!
Please enter your name here