ഉത്തേജക മരുന്ന് വിവാദം: പാക്‌ താരത്തിനു സസ്പെന്‍ഷന്‍

ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിയിലായ പാക്കിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദിനെ സസ്പെന്‍ഡ് ചെയ്ത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഏപ്രിൽ – മെയ് മാസം നടന്ന പാകിസ്ഥാൻ കപ്പ് ഏകദിന ടൂർണമെന്റിനിടെ നടത്തിയ ഉത്തേജകമരുന്ന് പരിശോധനയിൽ കുടുങ്ങിയ പാക് താരം മൊഹമ്മദ് ഷഹ്സാദ് കുറ്റക്കാരനെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കണ്ടെത്തി. നേരത്തെ നടത്തിയ പരിശോധനയിൽ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തിലെ ഇൻഡിപെൻഡന്റ് റിവ്യൂ ബോർഡ് റിപ്പോർട്ടിനായി കാത്തിരിക്കുകയായിരുന്നു പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്. ഈ റിപ്പോർട്ടിലും താരം ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് തെളിയുകയായിരുന്നു.


ജൂലൈ 18നകം തന്റെ ബി സാംപിളുകള്‍ പരിശോധിയ്ക്കണോയെന്ന് താരത്തിനു ബോര്‍ഡിനെ അറിയിക്കാം. അല്ലാത്ത പക്ഷം ജൂലൈ 27നകം താരത്തിനെതിരെയുള്ള കുറ്റങ്ങള്‍ക്കുമേല്‍ ബോര്‍ഡിനു താരം മറുപടി നല്‍കേണ്ടതുണ്ട്. അതു വരെ താരത്തെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുകയാണെന്നാണ് പിസിബി അറിയിച്ചിരിക്കുന്നത്. നേരത്തെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട പാക് സ്പിന്നര്‍ യാസിര്‍ ഷായെ ഐ സി സി മൂന്നുമാസത്തേക്ക് വിലക്കിയിരുന്നു. പാകിസ്ഥാന് വേണ്ടി 13 ടെസ്റ്റ് മത്സരങ്ങളും 81 ഏകദിനങ്ങളും 57 ടി20 മത്സരങ്ങളും അഹമ്മദ് ഷെഹ്‌സാദ് കളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here