ഫ്രാന്‍സിനു ജയം : പെറുവിനു മടക്ക ടിക്കറ്റ്‌

ഓസ്‌ട്രേലിയയ്‌ക്കെതിരെ അണിനിരത്തിയ ടീമിൽ നിന്നും രണ്ട് മാറ്റങ്ങളോടെയാണ് ഡെഷാംപ്‌സ് ടീമിനെ വിന്യസിച്ചത്. മുന്നേറ്റനിരയിൽ ഡെമ്പെലെയ്ക്ക് പകരം ഒലിവർ ജിറൗഡ് സ്ഥാനംപിടിച്ചപ്പോൾ ടൊളീസോയ്ക്ക് പകരം മറ്റൗഡി കളത്തിലിറങ്ങി. ആദ്യനിമിഷങ്ങളിൽ പെറു മികവ് പുലർത്തിയെങ്കിലും പതിയെ ഫ്രാൻസ് കളി തങ്ങളുടെ കയ്യിലാക്കി. പെറുവിന്റെ ഗോൾമുഖത്ത് നിരന്തരം മുന്നേറ്റങ്ങൾ നടത്തിയ ലെസ് ബ്ലൂസിന്റെ ശ്രമങ്ങൾ പെറു കീപ്പർ ഗല്ലെസ് വിഫലമാക്കിയെങ്കിലും 34ആം മിനിറ്റിൽ മംബാപ്പെയിലൂടെ ഫ്രഞ്ച് പട മുന്നിലെത്തി. ജിറൗഡിന്റെ പരിശ്രമം ഗതിമാറിയെത്തിയപ്പോൾ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ജോലിയേ താരത്തിനുണ്ടായിരുന്നുള്ളൂ. ഇതോടെ ഫ്രാൻസിനായി പ്രധാനടൂർണമെന്റുകളിൽ ഗോൾനേടുന്ന, ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും മംബാപ്പെക്ക് കഴിഞ്ഞു. ആദ്യപകുതിയിൽ പെറുവിന് ലഭിച്ച ഏക അവസരം ലോറിസ് തടുത്തിട്ടതോടെ ആദ്യപകുതിക്ക് പരിസമാപ്തിയായി.

ആദ്യപകുതിയിൽ ഗോൾ നേടിയ ശേഷം ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ തോറ്റിട്ടില്ലെന്നതിനെ ആത്മവിശ്വാസവുമായി രണ്ടാംപകുതിയിൽ കളത്തിലിറങ്ങിയ ഫ്രാൻസ് പ്രതിരോധം ഭദ്രമായി അടച്ചുപൂട്ടി. 50ആം മിനിറ്റിൽ അക്വിനോയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത് ഒഴിച്ചുനിർത്തിയാൽ പെറുവിന് രണ്ടാംപകുതിയിലും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഗ്രീസ്മാനെ പിൻവലിച്ച് നബീൽ ഫെക്കിറിനെ കളത്തിലിറക്കി ഫ്രാൻസ് മധ്യനിരയെ കൂടുതൽ ശക്തിപ്പെടുത്തിയതോടെ പെറു റഷ്യൻ ലോകകപ്പിൽ നിന്നും മടക്കടിക്കറ്റെടുക്കുന്ന ആദ്യ ലാറ്റിനമേരിക്കൻ രാജ്യമായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here