കൊളംബിയന്‍ പരീക്ഷ പാസായില്ല : പോളണ്ടിന് മടക്ക ടിക്കറ്റ്

മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിനെ തോല്‍പ്പിച്ച് കൊളംബിയ. ഇതോടു കൂടി ലോകകപ്പില്‍ ഗ്രൂപ്പ്‌ എച്ചിൽ നിന്നും പുറത്താവുന്ന ആദ്യ ടീമായി മാറി പോളണ്ട്. ലാറ്റിന്‍ അമേരിക്കന്‍ ശക്തികളോട് മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് തോറ്റതോടെയാണ് ലെവൻഡോവ്‌സ്‌കിക്കും സംഘത്തിനും റഷ്യയിൽ നിന്നും പുറത്തേക്കുള്ള മടക്ക ടിക്കറ്റ്‌ കിട്ടിയത്. ആദ്യമത്സരത്തിൽ സെനഗലിനോടും പോളണ്ട് തോറ്റിരുന്നു. ജപ്പാനോട് ആദ്യമത്സരം തോറ്റ് തുടങ്ങിയ കൊളംബിയക്ക് പോളണ്ടുമായുള്ള വിജയം പ്രീ ക്വാർട്ടർ പ്രതീക്ഷകൾ നല്‍കുന്നതാണ്.

ബയേണ്‍ മ്യൂണിച്ചിന്റെ കുന്തമുനയായ റോബര്‍ട്ട് ലെവൻഡോവ്‌സ്‌കിയുടെ സാന്നിധ്യമുണ്ടായിട്ടും കൊളംബിയയെ പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കാൻ പോളിഷ് പടയ്ക്ക് കഴിഞ്ഞില്ല. മറുവശത്ത് കൊളംബിയൻ ടീം കൈയ് മെയ് മറന്നു പന്തുതട്ടിയതോടെ മത്സരം ലാറ്റിനമേരിക്കൻ ടീമിന്റെവരുതിയിലായി. ഇരു ടീമുകൾക്കും കാര്യമായ ഗോളവസരങ്ങൾ ലഭിക്കാതിരുന്ന ആദ്യപകുതി ഗോൾരഹിതമായി കലാശിച്ചേക്കുമെന്ന തോന്നലുയരവേ ബാര്‍സാ താരം യെറി മിന ഹെഡ്ഡറിലൂടെ കൊളംബിയയെ മുന്നിലെത്തിച്ചു. ഹാമിഷ് റോഡിഗ്രസ് അളന്നു നൽകിയ ക്രോസിനെ മിന മികച്ചൊരു ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ആദ്യ പകൂതിയെ അപേക്ഷിച്ച് കൂടുതൽ ആവേശം പകർന്ന രണ്ടാം പകുതിയിലും കൊളംബിയയാണ് മേധാവിത്വം പുലർത്തിയത്. 70ആം മിനിറ്റിൽ ക്വിന്റെറോയുടെ ത്രൂ ബോളിൽ നിന്നും ക്യാപ്റ്റൻ റഡമേൽ ഫാൽക്കാവോ ലീഡ് രണ്ടായി ഉയർത്തി. ഒരുഗോളെങ്കിലും തിരിച്ചടിച്ച് കളിയിലേക്ക് തിരിച്ചുവരാനുള്ള പോളണ്ടിന്റെ ശ്രമങ്ങൾക്കിടെ ഹാമിഷ് റോഡ്രിഗ്രസിന്റെ പാസിൽ നിന്നും വലകുലുക്കിയ ക്വാഡ്രാഡോ മത്സരം കൊളംബിയന്‍ അക്കൌണ്ടില്‍ തീറെഴുതി. മിന്നും സേവുകളുമായി കളംനിറഞ്ഞ കൊളംബിയൻ കീപ്പർ ഒസ്പിനയുടെ പ്രകടനവും വിജയത്തിൽ നിർണ്ണായകമായി. മത്സരത്തിനിടെ ഒസ്പിനെയ്ക്ക് ചെറിയ പരുക്കേറ്റത് കൊളംബിയന്‍ ക്യാമ്പിനെ ചെറുതായി ഒന്ന് ഭയപ്പെടുതിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here