തപ്പി തടഞ്ഞു പ്രീക്വാട്ടറിലെത്തി പോര്‍ച്ചുഗല്‍

ഗ്രൂപ്പ് ബി യിലെ അവസാന മത്സരത്തിൽ മികച്ച പോരാട്ടം പുറത്തെടുത്ത ഇറാന് റഷ്യയിൽ നിന്നും കണ്ണീരോടെ മടക്കം. പോർച്ചുഗലിനെ സമനിലയിൽ തളയ്ക്കാൻ കഴിഞ്ഞെങ്കിലും ഗ്രൂപ്പിൽ മൂന്നാമതെത്താനേ ഏഷ്യന്‍ ശക്തികള്‍ക്കു കഴിഞ്ഞുള്ളൂ. അവസരങ്ങളനവധി തുറന്നെടുത്തെങ്കിലും മിന്നും പ്രകടനം കാഴ്ചവെച്ച പെപ്പെയുടെ ഇടപെടലുകളാണ് ഇറാന്റെ നോക്ക് ഔട്ട് മോഹങ്ങൾ തല്ലിക്കെടുത്തിയത്. സ്പെയിനിന്‌ പിന്നിൽ രണ്ടാമതായി പോർച്ചുഗൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. പോയിന്റും ഗോൾശരാശരിയും തുല്യമാണെങ്കിലും കൂടുതൽ ഗോളുകൾ സ്കോർ ചെയ്തതാണ് സ്പെയിനിന്‌ തുണയായത്.

മൊറോക്കോയ്‌ക്കെതിരെ അണിനിരത്തിയ ടീമിൽ മൂന്ന് മാറ്റങ്ങളുമായാണ് പോർച്ചുഗൽ ഗ്രൂപ്പിലെ അവസാനമത്സരത്തിന് ബൂട്ടുകെട്ടിയത്. ബെർണാണ്ടോ സിൽവ, സ്ട്രൈക്കര്‍ ഗ്വിഡസ്, ജാവൊ മൗടീഞ്ഞോ എന്നിവർക്ക് പകരം അഡ്രിയാൻ സിൽവ, ആന്ദ്രേ സിൽവ, റിക്കാർഡോ ക്വാറസ്മ എന്നിവർ ആദ്യപതിനൊന്നിൽ ഇടംപിടിച്ചു. പോർച്ചുഗലിന്റെ ആക്രമണമികവിനെ കുറിച്ച് നന്നായറിയാവുന്ന ഇറാൻ പ്രതിരോധത്തിലൂന്നിയാണ് കളി മെനഞ്ഞത്. പോർച്ചുഗലിന്റെ ഗോൾശ്രമങ്ങളൊക്കെയും ഇറാന്റെ കരുത്തുറ്റ പ്രതിരോധത്തിൽ തട്ടി തകർന്നപ്പോൾ, പ്രത്യാക്രമണങ്ങളിലൂടെ പറങ്കിപ്പടയെ വിറപ്പിക്കാനും ഇറാന് സാധിച്ചു. ആദ്യപകുതി ഗോൾരഹിതമായി കലാശിക്കവെ വെറ്ററൻ സ്‌ട്രൈക്കർ ക്വാറസ്മ പോർച്ചുഗലിന് ലീഡ് സമ്മാനിക്കുകയായിരുന്നു. അഡ്രിയാൻ സിൽവയിൽ നിന്നും പാസ്സ് സ്വീകരിച്ച താരം വലതുകാലിന്റെ പുറംഭാഗം കൊണ്ട് പന്ത് വലയിലേക്ക് തഴുകിവിടുകയായിരുന്നു.

വിജയത്തിൽ കുറഞ്ഞതെന്തും റഷ്യയിൽ നിന്നും പുറത്തേക്കുള്ള വഴി തെളിയിക്കുമെന്ന ബോധ്യത്തിൽ ഇറാൻ കൂടുതൽ ആക്രണമാത്മക ശൈലി സ്വീകരിച്ചതോടെ രണ്ടാംപകുതിയിൽ ആവേശം പതിന്മടങ്ങായി. 51ആം മിനിറ്റിൽ പോർച്ചുഗൽ നായകൻ ക്രിസ്ത്യാനോ റൊണാൾഡോയെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. റൊണാൾഡോയുടെ അപ്പീലിന് നേരെ മുഖം തിരിച്ച റഫറി വീഡിയോ പരിശോധിച്ച ശേഷമാണ് സ്പോട്ടിലേക്ക് വിരൽചൂണ്ടിയത്. ലോകകപ്പിലെ തന്റെ അഞ്ചാം ഗോൾ ലക്ഷ്യമിട്ട റൊണാൾഡോയുടെ ദുർബലമായ ഷോട്ട് ഇറാൻ കീപ്പർ അലി റസ കയ്യിലൊതുക്കിയതോടെ ഇറാൻ പ്രതീക്ഷകൾക്ക് ആയുസ്സ് നീട്ടിക്കിട്ടി. മത്സരം ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയ ശേഷം VAR റിവ്യൂയിലൂടെ ലഭിച്ച പെനാൽട്ടി അൻസാരിഫർദ് ലക്ഷ്യത്തിലെത്തിച്ചെങ്കിലും ഇറാന് സമനില മതിയായിരുന്നില്ല. അവസാനമിനിറ്റുകളിൽ പോർച്ചുഗൽ പ്രതിരോധം മനസാന്നിധ്യം കൈവിടാതിരുന്നതോടെ ഇറാന്റെ മോഹങ്ങൾ അസ്തമിച്ചു.

പോര്‍ച്ചുഗലിന്റെ ഫുട്ബോള്‍ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് മാത്രമാണ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടന്നു പ്രീ ക്വാട്ടറിലേക്ക് പ്രവേശിക്കുന്നത്. അതെ സമയം യോഗ്യത് നേടിയ അഞ്ച് ലോകകപ്പുകളിലും ആദ്യ റൌണ്ടില്‍ തന്നെ പുറത്തായതിന്റെ റെക്കോര്ഡ് ഇറാന്റെ പേരിലുമായി.

LEAVE A REPLY

Please enter your comment!
Please enter your name here