ആവേശം നിറഞ്ഞ പോർച്ചുഗൽ സ്പെയ്ൻ മത്സരം സമനിലയിൽ

ആവേശം നിറഞ്ഞ പോർച്ചുഗൽ സ്പെയ്ൻ മത്സരം സമനിലയിൽ. പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്ന മത്സരം ഈ ലോകകപ്പിലെ ആദ്യ ത്രില്ലറായി മാറി. പറങ്കി പടയുടെ ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോ റൊണാൾഡോ ഹാട്രിക് നേടി മുന്നില്‍ നിന്ന് നയിച്ച മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടുകയായിരുന്നു. സ്പെയ്ന് വേണ്ടി ഡിയഗോ കോസ്റ്റ രണ്ടും, നാച്ചോ ഒന്നും ഗോളുകൾ നേടി. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി പോര്‍ച്ചുഗീസ് മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. റൊണാൾഡോയെ നാച്ചോ ബോക്‌സിൽ വീഴ്ത്തിയത്തിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി നാലാം മിനിറ്റിൽ തന്നെ റൊണാൾഡോ പോർച്ചുഗലിനെ മുന്നിലെത്തിച്ചു. ഡീഗോ കോസ്റ്റയുടെ അത്യുഗ്രന്‍ ഫിനീഷിലൂടെ സമനില നേടിയ സ്പെയ്ൻ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. 44ആം മിനിറ്റിൽ റൊണാൾഡോയുടെ ഷോട്ട് തടുക്കുന്നതിൽ സ്പാനിഷ് ഗോള്‍ക്കീപ്പര്‍ ഡിഗിയക്ക് പിഴച്ചപ്പോൾ പോർച്ചുഗൽ മുന്നിൽ എത്തി. കളിയുടെ ഒഴുക്കിനെതിരായി കണ്ട സ്കോര്‍ നില ആദ്യ പകുതി അവസാനിച്ചപ്പോള്‍ 2-1 എന്നായിരുന്നു.

രണ്ടാം പകുതിയിൽ തുടക്കം തന്നെ നയം വ്യക്തമാക്കിയായിരുന്നു സ്പെയിൻ കളി തുടങ്ങിയത്. സ്പാനിഷ്‌ മധ്യനിര നിയന്ത്രണമേറ്റെടുത്ത നിമിഷങ്ങളില്‍ മികച്ച ഒരു നീക്കത്തിന് ഒടുവിൽ കോസ്റ്റയിലൂടെ സ്പെയിൻ വീണ്ടും ലക്ഷ്യം കണ്ടു.അധികം താമസിയാതെ നാച്ചോയിലൂടെ മൂന്നാം ഗോൾ നേടിയ സ്പെയ്ൻ ലീഡ് എടുത്തു. താന്‍ വരുത്തി വെച്ച പിഴയ്ക്ക് നാച്ചോ തന്നെ പ്രായശ്ചിത്തം കണ്ടത് സ്പാനിഷ്‌ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി.

മത്സരത്തിൽ സ്പെയ്ൻ വിജയിക്കും എന്നു തോന്നിയടത്താണ് റൊണാള്ഡോയുടെ മൂന്നാം ഗോൾ പിറന്നത്. മത്സരം അവസാനിക്കാന്‍ മൂന്ന് മിനുറ്റ് മാത്രം ബാക്കി നില്‍ക്കെ ബോക്സിന് തൊട്ടു പുറത്തു റോണൾഡോയെ വീഴ്ത്തിയത്തിന് ലഭിച്ച ഫ്രീകിക്ക് റൊണാൾഡോ ഡിഗിയയെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. സ്‌കോർ നില 3-3. റൊണാൾഡോയുടെ ലോകകപ്പിലെ ആദ്യ ഹാട്രിക് ആണിത്. കരിയറില്‍ 51ആമത്തെയും. ഈ മത്സരത്തിലെ ഗോളുകളോട് കൂടി 4 വ്യതസ്ത ലോകകപ്പുകളില്‍ ലക്ഷ്യം നേടിയ താരങ്ങളുടെ നിരയിലേക്ക് ഉയരാനും റൊണാള്‍ഡോയ്ക്കായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/mallusports

LEAVE A REPLY

Please enter your comment!
Please enter your name here