റാഫേൽ നദാൽ – കളിമൺ കോർട്ടിലെ രാജാവ്

ലോകം കണ്ട ഏറ്റവും മികച്ച പുരുഷ ടെന്നീസ് താരം ആരെന്നു ചോദിച്ചാൽ കാലഘട്ടത്തിനനുസരിച് ഒത്തിരി പേരുകൾ ഉയർന്നുകേൾക്കാം. 21ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരം ആരെന്നതും തർക്കവിഷയം തന്നെ. എന്നിരുന്നാലും 3 പേരുകളാണ് മറ്റുതാരങ്ങളെക്കാളും ഒരുപടി മുന്നിൽനിൽക്കുന്നത്, റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്. 2015, 2016 വർഷങ്ങളിൽ ഫെഡററും നദാലും കളിക്കളത്തിൽ നിറം മങ്ങിപ്പോയ വര്ഷങ്ങളാണ്. പ്രായവും കായികക്ഷമതക്കുറവും മറികടന്നു ഇനിയൊരു തിരിച്ചുവരവ് രണ്ടുപേർക്കും ഉണ്ടാവാനുള്ള സാധ്യതൾ ആരാധകരും ടെന്നീസ് രംഗത്തെ വിദഗ്ധരും സംശയിച്ച കാലം. ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ 2 വർഷവും നദാൽ സെമി പോലും കാണാതെ പുറത്തായി, അതേസമയം നൊവാക് ജോക്കോവിച് സൂപ്പർതാരമായി ഉയർന്നുവന്നു, ഫെഡറർ നദാൽ എന്നിവരുടെ റെക്കോർഡുകൾ തകർത്തു ജോക്കോവിച് മുന്നേറാൻപോകുന്ന കാഴച്ച. എന്നാൽ വീണ്ടുമൊരു ട്വിസ്റ്റിനാണ് ടെന്നീസ് ലോകം സാക്ഷ്യംവഹിച്ചത്. 2017ൽ ജോക്കോവിച് പരിക്കിന്റെ പിടിയിലാവുകയും പഴയ പടക്കുതിരകൾ പൂർവാധികം ശക്തിയോടെ കളിക്കളത്തിൽ തിരിച്ചെത്തുകയും ചെയ്തു. 2017 ഓസ്‌ട്രേലിയൻ ഓപ്പൺ നേടി ഫെഡററാണ് ആദ്യം അമ്പരപ്പിച്ചത്. പിന്നാലെ തന്റെ 10ആം ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കി നദാൽ ക്ലേ കോർട്ടിലെ അപ്രമാദിത്യം തെളിയിച്ചു.

ഫെഡറർ-നദാൽ പോരാട്ടങ്ങൾ അന്നുമിന്നും കായികരംഗത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട റൈവൽറി ആയിരുന്നു. ഫെഡറർ ടെക്‌നിക്, ക്ലാസ്സ്‌ എന്നിവയിൽ മുന്നിലാണ് പറയാം. ഉയർന്ന കായികക്ഷമതയും, കാളക്കൂറ്റന്റെ പോരാട്ടവീര്യവും അഗ്രഷനും നദാലിന്റെ കരുത്തും. 2015-16 കാലഘട്ടത്തിനുശേഷം മടങ്ങിവരവ് ഏറ്റവും പ്രയാസമാകും എന്ന് കരുതിയതും നദാലിന്റെ തന്നെ. പണ്ടത്തെ പ്രകടനങ്ങളോടും, കായികക്ഷമതയോടും കിടപിടിക്കാൻ മതിയായ ഊർജം താരത്തിന് ഉണ്ടാവുമെന്ന് പ്രായം കണക്കിലെടുത്തു സംശയിച്ചത് തെറ്റുപറയാൻ സാധിക്കില്ല. അത്തരത്തിലുള്ള എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയായിരുന്നു 2017 മുതൽ ഇന്നുവരെയുള്ള നദാലിന്റെ പ്രകടനം. ഓസ്‌ട്രേലിയൻ ഓപ്പണിൽ ഫെഡറർ ഫൈനലിൽ തോൽപ്പിച്ചുവെങ്കിലും ഫ്രഞ്ച് ഓപ്പണും US ഓപ്പണും നേടി നദാൽ തിരിച്ചടിച്ചു.

ക്ലേ കോർട്ടിലെ രാജാവ് എന്ന വിശേഷണം തീർച്ചയായും നദാലിന് മാത്രം അവകാശപ്പെട്ടതാണ്. 13 വർഷത്തെ പ്രൊഫഷണൽ കരിയറിൽ 10 ഫ്രഞ്ച് ഓപ്പൺ കിരീടം, ഏതെങ്കിലും ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ 10 തവണ കിരീടം നേടിയ ഒരേയൊരു പുരുഷ താരം. ഈ കാലയളവിൽ മുഖ്യ എതിരാളികളായ ഫെഡറൽ, ജോക്കോവിച് എന്നിവർക്ക് ഒരേയൊരു ഫ്രഞ്ച് ഓപ്പൺ കിരീടമാണ് നേടാനായത് എന്നുകൂടി കൂട്ടിവായിച്ചാലേ നദാലിന്റെ നേട്ടത്തിന്റെ വലിപ്പം മനസിലാവുകയുള്ളു. ഫ്രഞ്ച് ഓപ്പണിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ 3 തവണയാണ് നദാൽ ചാമ്പ്യൻ ആയത് (2008,2010,2017), ക്ലേ കോർട്ടിലെ നദാൽ അജയ്യനാണ്. 2018ലും സ്ഥിതി മറിച്ചു ആവാൻ സാധ്യതകൾ വിരളം. റോമിൽ തെല്ലൊന്ന് നദാലിനെ വിറപ്പിച്ച സിവറേവ് ഫ്രഞ്ച് ഓപ്പണിലും വെല്ലുവിളി ഉയർത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പക്ഷേ കളിമൺ കോർട്ടിൽ കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല സിവറേവിന്. 2018ൽ എല്ലാ കണ്ണുകളും നദാലിലേക്ക് ആയിരിക്കുമെന്ന് സാരം.

കളിമൺ കോർട്ടിൽ കണക്കുകൾ നദാലിനൊപ്പമാണെങ്കിലും പുൽമൈതാനത്തും ഹാർഡ് കോർട്ടിലും കണക്കുകൾ വ്യത്യസ്തമാണ്. 6 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ മാത്രമാണ് ക്ലേ കോർട്ടിന് പുറത്ത് നദാലിന്റെ സമ്പാദ്യം. അവിടെ കണക്കുകൾ ഫെഡററിനും ജോക്കോവിച്ചിനും ഒപ്പം. എന്നിരുന്നാലും മൊത്തത്തിലുള്ള കണക്കിലെ കളികളിൽ ഫെഡററുടെ ഒപ്പമെത്താൻ ഇനി 4 ഗ്രാൻഡ്സ്ലാം കിരീടത്തിന്റെ ദൂരം മാത്രം. ATP വേൾഡ് ടൂർ മാസ്റ്റേഴ്സ് 1000 കണക്കുകളിൽ റെക്കോർഡ്  32 കിരീടങ്ങളുമായി നദാൽ മുന്നിൽത്തന്നെ. റോമിലെ വിജയത്തോടെ 31 കിരീടങ്ങളുള്ള ജോക്കോവിച്ചിനെയാണ് നദാൽ മറികടന്നത്. സെമിയിൽ ജോക്കോവിച് നദാലിനോടാണ് തോറ്റത്.

ഈ വർഷവും വിജയത്തോടെ ഫ്രഞ്ച് ഓപ്പൺ റെക്കോർഡ് കയ്യെത്താത്ത ദൂരത്തു സ്പെയിനിന്റെ കാളക്കൂറ്റൻ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം. കളിമൺ കോർട്ടിലെ രാജാവിന്റെ നേട്ടത്തിനടുത് എത്താൻ പിൻഗാമികൾ ഏറെ വിയർപ്പോഴുക്കേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here