പ്ലേ ഓഫ് പ്രതീക്ഷയിൽ രാജസ്ഥാൻ

Jaipur: Rajasthan Royals' Shreyas Gopal celebrates after dismissing Royal Challengers Bangalore's Moeen Ali during IPL-T20 cricket match, in Jaipur, on Saturday. (PTI Photo/Arun Sharma) (PTI5_19_2018_000219B)

ജയ്‌പുരിൽ നടന്ന നിർണായകമായ ബാംഗ്ലൂർ-രാജസ്ഥാൻ മത്സരത്തിൽ വിജയം രാജസ്ഥാനോടൊപ്പം. ഇരു ടീമുകളുടെയും മുന്നോട്ടുള്ള പ്രയാണത്തിൽ ജയം അനിവാര്യമായിരുന്ന കളിയിൽ സ്പിൻ കരുത്തിലാണ് രാജസ്ഥാൻ ബാംഗ്ലൂരിനെ തറപറ്റിച്ചത്.

രാജ്യം മുഴുവൻ രാഷ്ട്രീയ കാരണങ്ങളാൽ കര്ണാടകയിലേക്ക് കണ്ണുനട്ടിരുന്ന ദിവസത്തിൽ തന്നെയായി കർണാടകയുടെ ടീമായ ആർ സി ബിയുടെ പതനം. അതിനു കാരണമായത് കർണാടകയുടെ സ്പിൻ ദ്വയങ്ങളായ ശ്രേയസ് ഗോപാലും കൃഷ്ണപ്പ ഗൗതമും.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് തുടക്കത്തിൽ തന്നെ ബട്ട്ലറിന് പകരം ഓപ്പണിങ് സ്ഥാനത് നിയോഗിക്കപ്പെട്ട ജോഫ്ര ആർച്ചറിനെ നഷ്ടപ്പെട്ടു. പിന്നീട് രഹാനെയും രാഹുൽ ത്രിപതിയും സ്കോറിങ്ങിന് വേഗം കൂട്ടി. രണ്ടാം സ്പെല്ലിന് എത്തിയ ഉമേഷ് യാദവ് തുടരെയുള്ള ബോളുകളിൽ രഹാനെയെയും സഞ്ജുവിനെയും പുറത്താക്കി. പിന്നീട് കുറച്ച് ഓവറുകളിൽ സ്കോറിങ് പതുക്കെ ആയെങ്കിലും കലാസ്സനും, കൃഷ്ണപ്പ ഗൗതവും നടത്തിയ വമ്പനടികൾ ടീമിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചു. 58 ബോളിൽ 80 റൺസുമായി ടീമിന്റെ ടോപ്പ് സ്‌കോറർ രാഹുൽ ത്രിപതി പുറത്താകാതെ നിന്നു.

ബാംഗ്ലൂരിന്റെ തുടക്കവും രാജസ്ഥാനിന്റേതിന് സമാനമായിരുന്നു. തുടക്കത്തിൽ വിരാട് കോഹ്ലിയെ നഷ്ടപ്പെട്ടെങ്കിലും പാർഥിവ് പട്ടേലും എ ബി ഡിവില്ലിയേഴ്സും  ചേർന്ന് വേഗത്തിൽ സ്കോർബോർഡ് ചലിപ്പിച്ചു. പവർ പ്ളേയുടെ അവസാനം ഒരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിൽ ആയിരുന്ന ബാംഗ്ലൂർ 8ആം ഓവറിൽ പാർഥിവ് പട്ടേലിനെ നഷ്ടപ്പെട്ട ശേഷം ഒരിക്കലും മത്സരത്തിലേക്ക് തിരിച്ചെത്തിയില്ല.

സീസണിലെ ആറാം ഹാഫ് സെഞ്ചുറി കണ്ടെത്തിയ ഡി വില്ലിയേഴ്സിനും ടീമിനെ കരകയറ്റാനായില്ല. ബാംഗ്ലൂർ ബാറ്സ്മാന്മാരുടെ അനാവശ്യ ഷോട്ട് സെലക്ഷനും രാജസ്ഥാന് തുണയായി. 6 മുൻനിര ബാറ്സ്മാന്മാർ രാജസ്ഥാന്റെ സ്പിൻ കരുത്തിന് മുന്നിൽ വിക്കറ്റ് നഷ്ടപ്പെടുത്തി. ഡി വില്ലിയേഴ്സിന്റേതടക്കം 4 വിക്കറ്റുകൾ വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് രാജസ്താന്റെ വിജയശിൽപി. ജോസ് ബട്ട്ലറിന്റെ അഭാവത്തിൽ ടീമിൽ ഇടം നേടിയ ഹെൻറിക് ക്ലാസൻ ബാറ്റുകൊണ്ടും ഗ്ലൗസ്‌ കൊണ്ടും മികച്ച പ്രകടനം കാഴ്ചവച്ചു. 3 സ്റ്റംപിങ്ങും ഒരു ക്യാച്ചും ക്ലാസൻ സ്വന്തം പേരിൽ കുറിച്ചു. ലാഫ്ലിനും ഉനദ്കടും 2 വിക്കറ്റ് വീതം നേടി.

ജയിച്ചെങ്കിലും നെറ്റ് റൺ റേറ്റ് കുറവുള്ളതിനാൽ ഇനിയുള്ള മൂന്നു മത്സരങ്ങളുടെ ഫലം അനുസരിച്ചിരിക്കും രാജസ്താന്റെ പ്ളേ ഓഫ് പ്രവേശനം.

LEAVE A REPLY

Please enter your comment!
Please enter your name here