റണ്ണൊഴുകിയ മത്സരത്തില്‍ ആർ സി ബിക്ക് നിർണായക വിജയം

രണ്ടിന്നിംഗ്സിലുമായി 400ൽ ഏറെ റൺസ് പിറന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിനു സൺറൈസേഴ്‌സ് ഹൈദരബാദിനെതിരെ മിന്നുന്ന ജയം. ബാംഗ്ലൂർ ഉയർത്തിയ കൂറ്റൻ സ്‌കോർ പിന്തുടർന്ന സൺറൈസേഴ്‌സ് 20 ഓവറിൽ വിജയത്തിന് 14 റൺസ് അകലെ പൊരുതി വീണു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ നിറഞ്ഞ കാണികൾക്ക് വിരുന്നൊരുക്കി ഇരു ടീമിലേയും ബാറ്സ്മാന്മാർ ഗ്രൗണ്ടിൽ നിറഞ്ഞാടിയ മത്സരത്തിൽ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മോശം സ്പെല്ലിനു ബേസിൽ തമ്പി അർഹനായി. നാല് ഓവറുകൾ എറിഞ്ഞ ബേസിൽ 70 റൺസാണ്‌ വിട്ടുകൊടുത്തത്.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ബാഗ്ലൂരിന് തുടക്കത്തിൽ തന്നെ പാർഥിവ് പട്ടേലിന്റെയും വിരാട് കോഹ്ലിയുടെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന ഡിവില്ലിയേഴ്സ്- മോയിൻ അലി സഖ്യം പേരു കേട്ട ഹൈദരാബാദ് ബോളിങ് നിരയെ തച്ചുതകർത്തു. ഡിവില്ലിയേഴ്സ് 69ഉം അലി 65ഉം റൺസ് നേടി. 2 ബോളുകളുടെ വ്യത്യാസത്തിൽ ഇരുവരെയും പുറത്താക്കി റാഷിദ് ഖാൻ സൻറൈസേഴ്സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും തുടർനെത്തിയ ഗ്രാൻഡ്ഹോമും സർഫറാസും ചേർന്നു ബാംഗ്ലൂര് സ്കോർ 218ൽ എത്തിച്ചു. റാഷിദ് ഖാൻ 27 റൺസ് വഴങ്ങി 3 വിക്കറ്റ് എടുത്തു.

വമ്പൻ സ്കോർ പിന്തുടർന്ന് ഇറങ്ങിയ സൺറൈസേഴ്സിന് ധവാനും ഹെയിൽസും ചേർന്നു മികച്ച അടിത്തറ നൽകി. ഇരുവർക്കും കിട്ടിയ തുടക്കം മുതലാക്കാൻ കഴിഞ്ഞില്ലെങ്കിലും തുടർന്നെത്തിയ വില്യംസൻ-മനീഷ് പാണ്ഡെ കൂട്ടുകെട്ട് വിക്കറ്റ് നഷ്ടം കൂടാതെ ടീമിനെ വിജയത്തിനടുത്ത് എത്തിച്ചു. സിറാജിന്റെ അവസാന ഓവറിൽ ജയിക്കാൻ 20 റൺസ് വേണ്ടിയിരിക്കെ ആദ്യ ബോളിൽ തന്നെ വില്യംസനിന്റെ വിക്കറ്റ് നഷ്ടമായി, അപ്പോഴേക്കും വിജയം സണ്റൈസേഴ്സിന് കൈയ്യെത്താത്ത നിലയിൽ എത്തിയിരുന്നു. ഹൈദരബാദിന് വേണ്ടി വില്യംസൻ 81ഉം മനീഷ് പാണ്ഡെ 62ഉം റൺസ് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here