സിനദിൻ സിദാൻ റയൽ മാഡ്രിഡ്‌ കോച്ച് സ്ഥാനം രാജിവച്ചു

സിനദിൻ സിദാൻ റയൽ മാഡ്രിഡ്‌ കോച്ച് സ്ഥാനം രാജിവച്ചു. തുടർച്ചയായ 3ആം ചാമ്പ്യൻസ് ലീഗ് കിരീടം കരസ്ഥമാക്കി 5 ദിവസം മാത്രം കഴിഞ്ഞിരിക്കെയാണ് ആരാധകരെ ഞെട്ടിച്ച തീരുമാനം സിദാൻ വെളിപ്പെടുത്തിയത്. 2016ലാണ് റാഫേല്‍ ബെനെറ്റിസിന്റെ പകരക്കാരനായാണ് സിദാൻ സ്ഥാനമേറ്റത്. 

“എല്ലാം മാറേണ്ടിയിരിക്കുന്നു. അതിനാലാണ് ഞാൻ ഈ തീരുമാനം ഇപ്പോൾ എടുത്തത്. റയൽ ടീമിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. എന്നാൽ ഈ ടീം വിജയങ്ങൾ തുടരുന്നതിന് മാറ്റങ്ങൾ അനിവാര്യമാണ്, അതിനായി വ്യത്യസ്തമായ തന്ത്രങ്ങളുമായി പുതിയൊരു ശബ്ദം ഇനി ടീമിൽ വേണം. അടുത്ത വർഷം ഉടൻതന്നെ മറ്റൊരു ടീമിനെ പരിശീലിപ്പിക്കാനും ഞാൻ ഉദ്യേശിക്കുന്നില്ല” സിദാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

45കാരനായ സിദാൻ 2016ൽ പരിശീലക സ്ഥാനം ഏറ്റെടുത്തശേഷം റയൽ മാഡ്രിഡ്‌ 149 മത്സരങ്ങളാണ് കളിച്ചത്, അതിൽ 104ലും വിജയം കൈവരിക്കുകയും ചെയ്തു. 2016 സ്ഥാനമേറ്റശേഷം തുടർച്ചയായി 3 ചാമ്പ്യൻസ് ലീഗ് കരസ്ഥമാക്കിയാണ് റയൽ ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായത്. ചാമ്പ്യൻസ് ലീഗിന് പുറമെ 1 തവണ  ലാലിഗയും സ്പാനിഷ് സൂപ്പർകപ്പും, 2 തവണ യുവേഫ സൂപ്പർകപ്പും ക്ലബ്‌ വേൾഡ്കപ്പും സിദാൻ റയലിന് നേടിക്കൊടുത്തു. 2017 സീസണിൽ ചിരവൈരികളായ ബാഴ്സിലോണയോടു 3-0 തോൽവിവഴങ്ങുകയും, കോപ്പ ഡെൽ റേയില്നിന്നു പുറത്താവുകയും ചെയ്തപ്പോൾ സിദാന്റെ പരിശീലനമികവിനെക്കുറിച്ചു ചോദ്യങ്ങൾ ഉയർന്നിരുന്നുവെങ്കിലും കരുത്തരായ പിഎസ്ജി, ബയേൺ മ്യൂണിക്, ലിവർപൂൾ എന്നിവരെ തകർത്തു ചാമ്പ്യൻസ് ലീഗ് നേടിയാണ് സിദാനും റയലും തിരിച്ചടിച്ചത്. 

ക്യാമ്പ്‌ന്യുവില്‍ പരാജയമറിയാത്ത ഏക പരിശീലകനാണ് സിദാന്‍. കളിക്കാരുമായി മികച്ച വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന സിദാന് പകരം മുൻ ആഴ്‌സണൽ പരിശീലകൻ ആർസെൻ വെങ്ങർ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. 

LEAVE A REPLY

Please enter your comment!
Please enter your name here