പനാമയെ തകര്‍ത്ത് ചുവന്ന ചെകുത്താന്മാര്‍

ഗോള്‍ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ പനാമയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ബെൽജിയം റഷ്യയിൽ വരവറിയിച്ചു. ബെൽജിയത്തിന് വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നേറ്റനിര താരം റൊമേലു ലുകാകു ഇരട്ട ഗോൾ നേടിയപ്പോൾ നാപ്പോളി താരം മെർട്ടൻസ് ഒരു ഗോൾ നേടി.

ആദ്യ പകുതിയില്‍ ഗോളൊന്നും പിറക്കാത്ത മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മാര്‍ട്ടെന്‍സിലൂടെ ബെല്‍ജിയം ആദ്യ ഗോള്‍ നേടി. പനാമ പെനാൽറ്റി ബോക്സിൽ നിന്നും റീബൗണ്ട് വന്ന പന്ത് മികച്ചൊരു ഷോട്ടിലൂടെ മെർട്ടൻസ് പനാമ ഗോൾ വല ചലിപ്പിക്കുകയായിരുന്നു. എന്നാൽ അധികം താമസിയാതെ പനാമക്ക് മത്സരത്തിലേക്ക് തിരിച്ചു വരാൻ മികച്ചൊരു അവസരം ലഭിച്ചെങ്കിലും മുറില്ലോയുടെ ശ്രമം ബെൽജിയൻ ഗോൾ കീപ്പർ തിയബര്‍ട്ട് കുര്‍ട്ടോ രക്ഷപ്പെടുത്തുകയായിരുന്നു. ഗോൾ വീണതോടെ ബെല്‍ജിയത്തിന്റെ അക്രമങ്ങള്‍ക്ക് മൂര്‍ച്ച കൂടി. താമസിയാതെ ലുക്കാക്കുവിലൂടെ ബെല്‍ജിയം ലീഡ് ഉയര്‍ത്തി. കെവിന്‍ ഡിബ്ര്യൂണെയുടെ പാസിൽ നിന്ന് ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് ലുകാകു ഗോൾ നേടിയത്.

രണ്ടു മിനുട്ടിനകം മൂന്നാമത്തെ ഗോളും നേടി ബെൽജിയം മത്സരത്തിൽ  വീണ്ടും പിടി മുറുക്കി. ഹസാർഡിന്റെ പാസില്‍ നിന്ന് ലുകാകു പനാമ ഗോൾ കീപ്പറെ നിഷ്പ്രയാസം മറികടക്കുകയായിരുന്നു. മൂന്നു ഗോൾ വഴങ്ങിയതോടെ രണ്ടു കൽപ്പിച്ച് പനാമ ആക്രമണം കടുപ്പിച്ചെങ്കിലും ആശ്വാസ ഗോൾ കണ്ടെത്താൻ അവർക്കായില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here