റിനോ ആന്റോ ഇനി ബെംഗളൂരു എഫ് സിയിൽ

മലയാളി ഫുട്ബോളര്‍ റിനോ ആന്റോ ഇനി ബെംഗളൂരു എഫ്.സി.ക്കായി ബൂട്ടണിയും. റൈറ്റ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന താരം ബെംഗളൂരു എഫ് സിയുമായി കരാറിൽ എത്തിയതായി ബെംഗളൂരു എഫ്.സി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചു. നേരത്തെ ബെംഗളൂരു എഫ് സി താരമായിരുന്ന റിനോ വായ്പ അടിസ്ഥാനത്തിലാണ് കേരള ബ്ലാസ്റ്റേര്‍സിനായി കഴിഞ്ഞ സീസണിനു മുന്‍പ് വരെ കളിച്ചിരുന്നത്. കഴിഞ്ഞ സീസൺ ഡ്രാഫ്റ്റിൽ റിനോ ആന്റോയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു. റിനോയ്ക്ക് തന്റെ പഴയ ക്ലബ്ബിലെക്കുള്ള മടക്ക യാത്ര കൂടിയായി ഇപ്പോഴത്തെ ട്രാന്‍സ്ഫര്‍.

മുന്‍ സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച റിനോയ്ക്ക് അവസാന സീസൺ അത്ര മികച്ചതല്ലായിരുന്നു. സീസണിൽ പകുതി സമയവും പരിക്കിന്റെ പിടിയിലായിരുന്നു താരം. അവസരം കിട്ടിയ കളികളില്‍ രണ്ട് അസിസ്റ്റുകള്‍ മാത്രമാണ് താരത്തിന്റെ സമ്പാദ്യം. അതിലൊന്നില്‍ സി.കെ വിനീതിന് നല്‍കിയ ക്രോസ് ഇവര്‍ തമ്മിലുള്ള ലിങ്കപ്പ് പ്ലേ എത്രത്തോളമുണ്ടെന്നുള്ളതിന്റെ മകുടോദാഹരണമാണ്.

ബെംഗളൂരു എഫ് സിയുടെ ആദ്യ നാല് സീസണിലും ടീമിനൊപ്പം റിനോ ആന്റോയും ടീമിലുണ്ടായിരുന്നു. ബെംഗളൂരുവിൽ കളിക്കുമ്പോൾ രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച റൈറ്റ് ബാക്കായാണ് റിനോ അറിയപ്പെട്ടിരുന്നത്. രണ്ട് ഐ ലീഗ് കിരീടങ്ങളും, രണ്ട് ഫെഡറേഷൻ കപ്പും ഉള്‍പ്പെടെ നാല് കിരീടങ്ങള്‍ റിനോ ഉൾപ്പെട്ട ബെംഗളൂരു സംഘം ഉയർത്തിയിരുന്നു. കൂടാതെ എ.എഫ് സി കപ്പിന്റെ ഫൈനലില്‍ എത്തിയ ബെംഗളൂരു ടീമിലും റിനോ ഉള്‍പ്പെട്ടിരുന്നു.

2010-11 സീസണിൽ സാൽഗോക്കറിനൊപ്പം ഐ ലീഗും ഫെഡറേഷൻ കപ്പും, 2008-09 സീസണിൽ മോഹൻ ബഗാനൊപ്പം ഫെഡറേഷൻ കപ്പും റിനോ മുന്‍പ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പരിക്കിന്റെ പിടിയിലായി ഉഴലുകയയിരുന്ന  റിനോ ആന്റോ മുന്‍ ക്ലബിലേക്ക് മടങ്ങുമ്പോൾ ഫോം വീണ്ടെടുക്കുമെന്ന് കരുതാം. താരത്തെ സ്വാഗതം ചെയ്തു കൊണ്ടുള്ള ബെംഗളൂരു എഫ്.സി യുടെ വിഡിയോ മലയാളത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഹോം അഗെയ്ന്‍ എന്നാ പേരില്‍ ഇറക്കിയിരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയ സ്പോര്‍ട്സ് ഗ്രൂപ്പുകളില്‍ ചര്‍ച്ചാ വിഷയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here