പ്ലേയോഫ്‌ സാദ്ധ്യതകൾ സജീവമാക്കി രാജസ്ഥാൻ – ചെന്നൈക്കെതിരെ ബട്ലറുടെ മികവിൽ ത്രസിപ്പിക്കുന്ന വിജയം

ഐപിഎൽ 2018 സീസണിലെ വിക്കറ്കീപ്പർമാരുടെ മിന്നുന്ന പ്രകടനങ്ങൾ തുടരുന്നു. ജോസ് ബട്ലറുടേതായിരുന്നു ഇന്നത്തെ ഊഴം. പവർപ്ലേയ് ഓവറുകളിലെ  മാരക പ്രഹരത്തിനുശേഷം  അവസാന ഓവറുകളിൽ  പ്രഷർ മുഴുവൻ ഉൾക്കൊണ്ടു അതിമനോഹരമായ ഫിനിഷിങ്. അർഹിച്ച സെഞ്ചുറിക്ക് 5 റൺ അകലെ മത്സരം വിജയിച്ചുവെങ്കിലും എല്ലാ അർഥത്തിലും ഇന്നത്തെ ഹീറോ ജോസ് ബട്ലർ തന്നെ.18ആം  ഓവറിൽ ധോണി വിട്ടുകളഞ്ഞ ക്യാച്ചിന് ചെന്നൈ കൊടുക്കേണ്ടിവന്ന വില രണ്ടു പോയിന്റ്. 

ടോസ് നേടിയ ചെന്നൈ നായകൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമിന്റെ ലീഡിങ് റൺ സ്കോറർ അമ്പാട്ടി റായിഡുവിനെ മൂന്നാമത്തെ ഓവറിൽ തന്നെ നഷ്ടപ്പെട്ടുവെങ്കിലും റെയ്നയും വാട്സണും കരുതലോടെ രാജസ്ഥാൻ ബൗളർമാരെ നേരിട്ടു. ഐപിഎലിലെ ഏറ്റവും കൺസിസ്റ്റന്റ്  ആയ പ്ലയെർ താനാണെന്ന് തെളിയിച്ചുകൊണ്ട് റെയ്ന ഈ സീസണിലും 300 റൺ തികച്ചു, എല്ലാ സീസണിലും 300ൽ അധികം റൺസ് നേടിയ ഏക ബാറ്റ്സ്മാൻ. തുടക്കത്തിൽ താളംകണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും റെയ്നയ്ക്ക് കൂട്ടായി വാട്സൺ പിടിച്ചുനിന്നു. വാട്സൺ റെയ്ന 86 റൺ കൂട്ടുകെട്ട് ചെന്നൈയ്ക്ക് മികച്ച അടിത്തറ നൽകി. തുടർച്ചയായ  ഓവറുകളിൽ റെയ്നയെയും വാട്സണെയും പുറത്താക്കി രാജസ്ഥാൻ ബൗളേഴ്സ് മിഡിൽ ഓവറുകളിൽ പിടിമുറുക്കി. സാം ബില്ലിംഗ്സ് ഒരറ്റത്തു റൺ കണ്ടെത്താനാവാതെ വിഷമിച്ചെങ്കിലും  അവസാന ഓവറുകളിലെ ബൗണ്ടറികളുമായി ധോണി ചെന്നൈയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചു.

ഡേവിഡ് വില്ലിയെ തുടർച്ചയായ 3 ബൗണ്ടറി പറത്തിയാണ് ബട്ലർ രാജസ്ഥാന്റെ മറുപടി ബാറ്റിംഗ് തുടങ്ങിയത്. ബെൻ സ്റ്റോക്സിനെ ഓപ്പണിങ് ഇറക്കാനുള്ള രാജസ്ഥാൻ ക്യാപ്റ്റൻ രഹാനെയുടെ നീക്കം പ്രതീക്ഷിച്ച ഫലം കണ്ടില്ല. 11 റണ്ണുമായി സ്റ്റോക്സ് കൂടാരം കയറി. രഹാനെയുടെ ഇന്നിങ്സിന് 3 ബോളുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളു. നല്ലരീതിയിൽ മുന്നോട്ടുപോയ റൺ ചെയ്സിൽ ബട്ലറുടെ അശ്രദ്ധമൂലം ഇല്ലാത്ത റണ്ണിനോടി സഞ്ജു സാംസൺ റണ്ണൗട്ടായത് രാജസ്ഥാന് തിരിച്ചടിയായി. സ്ലോ പിച്ചിൽ ബാറ്റിംഗ് ദുഷ്കരമായിരുന്നെങ്കിലും സ്റ്റുവർട് ബിന്നിയുടെയും, ഗൗതത്തിന്റെയും സമയോചിതമായ സംഭാവനകൾ രാജസ്ഥാനെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു. 19ആം ഓവർ ഡേവിഡ് വില്ലിയെ ഏൽപ്പിച്ച ധോണിയുടെ തീരുമാനം ചെന്നൈക്ക് തിരിച്ചടിയായി. അവസാന ഓവറുകളിലെ ചെന്നൈയുടെ ഫീൽഡിങ് അപാകതകളും രാജസ്ഥാന്റെ ജയം എളുപ്പമാക്കി. പൊതുവെ അക്ഷോഭ്യനായി കാണപ്പെടുന്ന ധോണിയുടെ ഭാവങ്ങളും മത്സരശേഷമുള്ള വാക്കുകളിലും നിരാശ പ്രകടമായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here