ഈജിപ്തിനെതിരെ മൂന്നടിച്ചു റഷ്യ

സ്വന്തം നാട്ടില്‍ സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ ആദ്യമത്സരത്തിലെ മിന്നുംപ്രകടനം രണ്ടാം മത്സരത്തിലുമാവർത്തിച്ച് റഷ്യ. ഗ്രൂപ്പ് എ യിലെ മൂന്നാം മത്സരത്തിൽ മുഹമ്മദ്‌ സാലയുടെ ഈജിപ്തിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് റഷ്യ തകർത്തുവിട്ടത്. തുടർച്ചയായ രണ്ടാംവിജയത്തോടെ റഷ്യ പ്രീക്വാർട്ടർ ഉറപ്പിച്ചപ്പോൾ, തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റ ഈജിപ്ത് പുറത്താകലിന്റെ വക്കിലാണ്. നാളെ നടക്കുന്ന മത്സരത്തിൽ ഉറുഗ്വേ സൗദി അറേബ്യയെ തോൽപ്പിച്ചാൽ ഈജിപ്ത് ലോകകപ്പിൽ നിന്നും പുറത്താകും.

അങ്ങേയറ്റം വിരസമായാണ് രണ്ടാംറൗണ്ടിലെ ആദ്യമത്സരത്തിന്റെ ആദ്യപകുതി കടന്ന് പോയത്. പന്ത് കൈവശം വെക്കുന്നതിൽ റഷ്യ ആധിപത്യം പുലർത്തിയെങ്കിലും ഇരുടീമുകൾക്കും മികച്ച ഗോളവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞില്ല. മധ്യനിരയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാഞ്ഞതിനാൽ ഈജിപ്തിന്റെ സൂപ്പർതാരം സലാഹിന് ഷോട്ടുകളുതിർക്കാൻ അവസരം ലഭിച്ചതേയില്ല.

എന്നാൽ രണ്ടാംപകുതിയിൽ കഥ മാറി. സെൽഫ് ഗോളുകൾ തുടർക്കഥയായ ലോകകപ്പിലെ അഞ്ചാം സെൽഫ് ഗോളിലൂടെ ആതിഥേയർ മുന്നിലെത്തി. അൻപതാം മിനിറ്റിൽ സോബ്നിൻ ഉതിർത്ത ഷോട്ട് പ്രതിരോധനിരതാരം അഹമ്മദ് ഫാത്തി സ്വന്തം പോസ്റ്റിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. ആദ്യഗോളിന്റെ ആഘാതം മാറും മുൻപ് ഈജിപ്ഷ്യൻ വല വീണ്ടും കുലുങ്ങി. മികച്ചൊരു ഷോട്ടിലൂടെ മുന്‍ റയല്‍ മാഡ്രിഡ്‌ താരം ഡെന്നിസ് ചെറിഷെവാണ് വലകുലുക്കിയത്. നാലുമിനിറ്റുകൾക്കും ഈജിപ്തിന്റെ വിജയമോഹങ്ങൾ പൂട്ടികെട്ടി സ്യൂബ റഷ്യയുടെ ലീഡ് മൂന്നായുയർത്തി. 74ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ സലാ ഒരുഗോൾ തിരിച്ചടിച്ചെങ്കിലും ഈജിപ്റ്റിന്റെ തോൽവി ഒഴിവാക്കാൻ കഴിഞ്ഞില്ല. പിന്നീടെല്ലാം ഒരു ചടങ്ങ് മാതരമായിരുന്നു. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ചിരി റഷ്യന്‍ ചുണ്ടുകളിലും.

LEAVE A REPLY

Please enter your comment!
Please enter your name here