ഉദ്ഘാടന മത്സരത്തിൽ റഷ്യയുടെ ഗോൾമഴ

2018 ലോകകപ്പ് മത്സരങ്ങൾക്ക് മികച്ച തുടക്കം നൽകി റഷ്യയുടെ ഗോൾ മഴ. കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടർന്ന മോശം പ്രകടങ്ങൾ പഴങ്കഥയാക്കി സൗദി അറേബ്യയെ റഷ്യ  തറപറ്റിച്ചു. 1934ന് ശേഷം ഒരു ആതിഥേയ രാജ്യത്തിന്റെ ഏറ്റവും വലിയ വിജയമാണ് റഷ്യ സ്വന്തമാക്കിയത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ സാക്ഷിയാക്കി റഷ്യയുടെ താരങ്ങൾ 5 ഗോളുകളാണ് സൗദി അറേബ്യയുടെ നെഞ്ചിലേക്ക് തൊടുത്തുവിട്ടത്. 
യൂറി ഗസിൻസ്കിയുടെ ഹെഡറിലൂടെയാണ് റഷ്യയുടെ ആദ്യ ഗോൾ പിറന്നത്. ഹാഫ് ടൈമിന് തൊട്ടുമുൻപ് ഡെനിസ് ചെരിഷേവാണു രണ്ടാം ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ ഡെനിസ് സൗദി അറേബ്യയുടെ ദുർബലമായ ടാക്ളിംഗുകൾ മറികടന്നു പോസ്റ്റിനു അടുത്തുനിന്നു ഷോട്ട് പായിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകളും മെല്ലെപ്പോക്ക് നയത്തിലാണ് ആരംഭിച്ചത്. റഷ്യയുടെ അടുത്ത സബ്സ്റ്റിട്യൂഷൻ ഫലം കണ്ടു. ആർടെം ഡിസ്യുബ് ഹെഡറിലൂടെ സ്കോർ 3-0. അവസാന മിനിറ്റുകളിൽ സൗദി അറേബ്യ ആശ്വാസ ഗോളിനായി പൊരുതിയെങ്കിലും, ഇഞ്ചുറി ടൈമിൽ 2 ഗോളുകൾകൂടി അടിച്ചു റഷ്യ ഉത്ഘാടനമത്സരം ഭംഗിയാക്കി. മുൻ റയൽ മാഡ്രിഡ്‌ താരം ചെറിഷേവിന്റെ വകയായിരുന്നു ഇഞ്ചുറി ടൈമിലെ ആദ്യ ഗോൾ. അവസാന വിസിൽ മുഴങ്ങുന്നതിനു തൊട്ടുമുൻപ് ലഭിച്ച ഫ്രീകിക്ക് അലക്‌സാണ്ടർ ഗോലോവിൻ സൗദിയുടെ പ്രതിരോധനിര തീർത്ത മതിലിനുമുകളിലൂടെ മനോഹരമായി പോസ്റ്റിലെത്തിച്ചു. 
സൗദി അറേബ്യയുടെ ഡിഫെൻസിന്റെ പിടിപ്പുകേടിൽനിന്നുമാണ് മത്സരത്തിലെ 3 ഗോളുകൾ പിറന്നത്. ബോൾ കൈയടക്കി വയ്ക്കുന്നതിലും സൗദി അറേബ്യ വീഴ്ചവരുത്തി. മത്സരത്തിലുടനീളം സൗദി മധ്യനിരയിൽ പന്ത് നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. 

LEAVE A REPLY

Please enter your comment!
Please enter your name here