യോ യോ ടെസ്റ്റില്‍ പരാജയം: സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍ നിന്ന് പുറത്ത്

ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് ടൂറില്‍ നിന്ന് സഞ്ജു സാംസണ്‍ പുറത്ത്. ഇംഗ്ലണ്ടിലേക്ക് ഇന്നലെ യാത്ര തിരിച്ച ഇന്ത്യ എ ടീമിനൊപ്പം സഞ്ജു യാത്ര ചെയ്തിട്ടില്ല എന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഒരു കളിക്കാരന്റെ ഫിറ്റ്നസ് അളക്കുന്നതിനുള്ള മാനദണ്ഡമായ യോ യോ ടെസ്റ്റിലെ പരാജയമാണ് സഞ്ജുവിന്റെ ടീമില്‍ നിന്നുള്ള പുറത്താകലില്‍ കലാശിച്ചത്. ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ ഇംഗ്ലണ്ടിലേക്ക് സഞ്ജുവിനെ അയയ്ക്കേണ്ടതില്ല എന്ന് ബിസിസിഐ നിലപാടെടുക്കുകയായിരുന്നു.

ശ്രേയസ് അയ്യര്‍ നായകനായ ഇന്ത്യ എ ടീം ഇംഗ്ലണ്ടില്‍ ത്രിരാഷ്ട്ര പരമ്പര ആണ് കളിയ്ക്കാന്‍ പുറപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട് ലയണ്‍സും, വെസ്റ്റ് ഇന്‍ഡീസ് എ ടീമുമാണ് പരമ്പരയില്‍ കളിക്കുന്ന മറ്റു രണ്ടു ടീമുകള്‍. പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടൂകള്‍ പ്രകാരം താരം ബംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ മൂന്ന് ദിവസം മുന്‍പ് ടെസ്റ്റ്‌ നടത്തിയത്. 16.1 എന്ന യോഗ്യതയ്ക്കാവശ്യമായ യോ-യോ ടെസ്റ്റ് പരിധിയ്ക്കും താഴെ മാത്രമേ സഞ്ജുവിന് സ്കോര്‍ ചെയ്യുവാന്‍ കഴിഞ്ഞുവെന്നാണ് അറിയുന്നത്.

ടെസ്റ്റിനു പങ്കെടുക്കുന്ന സമയത്ത് താരത്തിനു ചില ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നുവെന്നും അതിനാലാണ് സ്കോര്‍  താഴ്ന്ന് പോയതെന്നുമാണ് സ്ഥിതീകരിക്കാത്ത വിവരം. കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ടീം ലണ്ടനിലേക്ക് പുറപ്പെട്ടെങ്കിലും സഞ്ജുവിന്റെ പകരക്കാരനെ ഇത് വരെ അയച്ചിട്ടില്ല. ഋഷഭ് പന്താണ് ടീമിലെ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍.

LEAVE A REPLY

Please enter your comment!
Please enter your name here