Are You Not Entertained?

“Yesterday was the saddest day of my life, since the death of my mother…”

ഒരുതുള്ളി കണ്ണുനീരിന്റെ അകമ്പടിയോടെ ജുലൻ ലോപെറ്റെഗുയി ഇങ്ങനെ പറഞ്ഞു. റയൽ മാഡ്രിഡുമായി മൂന്നു വർഷത്തെ കരാറിലെത്തിയതിന്റെ പേരിൽ സ്പെയിനിന്റെ പരിശീലകസ്ഥാനം നഷ്ടമായതിനോടുള്ള പ്രതികരണമായിരുന്നു അത്. വേൾഡ്കപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ, അതുവരെ പരാജയമറിയാത്ത കോച്ചിനെ പുറത്താക്കിയ സ്പാനിഷ് നടപടി ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. ഈ തീരുമാനം മുൻ ലോകചാമ്പ്യൻമാരുടെ മുന്നേറ്റത്തെ കാര്യമായി ബാധിക്കുമെന്ന് വ്യാപകമായി വിശ്വസിക്കപ്പെട്ടിരുന്നു.

മറിച്ചു തെളിയിക്കാനുള്ള തീവ്രമായ അഭിലാഷമാണ് സ്പാനിഷ് ക്യാപ്റ്റൻ സെർജിയോ റാമോസിനെ നയിച്ചിരുന്നത്. ജയത്തോടെ ലോകകപ്പ് തുടങ്ങാൻ റാമോസും സംഘവും അത്രമേൽ ആഗ്രഹിച്ചിരുന്നു. കളിക്കാരാണ് കോച്ചിനേക്കാൾ വലുത് എന്ന് തെളിയിക്കണം. മാത്രവുമല്ല,എതിർപക്ഷത്ത് ചിരവൈരികളായ പോർച്ചുഗലായിരുന്നു. അവരോട് തോൽക്കുന്നതെങ്ങനെ !?

പറങ്കിപ്പടയെ കീഴടക്കാൻ സാധിക്കുമെന്ന് റാമോസ് ന്യായമായും വിശ്വസിച്ചിട്ടുണ്ടാവണം. ലോകകപ്പ് ജയിക്കാൻ സാദ്ധ്യതയുള്ള ഫേവറിറ്റുകളുടെ കൂട്ടത്തിൽ പോർച്ചുഗൽ ഉൾപ്പെടില്ലെന്ന് അവരുടെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് തന്നെ സമ്മതിച്ചിരുന്നു. പക്ഷേ പോർച്ചുഗൽ നായകന്റെ ആംബാന്റ് ഇടതുകരത്തിലണിയുന്ന ആ ഏഴാംനമ്പറുകാരൻ റാമോസിന്റെ ഏറ്റവും വലിയ തലവേദനയായിരുന്നു. പേര് ക്രിസ്റ്റ്യാനോ റൊണാൾഡോ !

സോച്ചിയിലെ ഫിഷ്സ്ത് സ്റ്റേഡിയത്തിൽ ഐബീരിയൻ ഡെർബിയ്ക്ക് കളമൊരുങ്ങുമ്പോൾ ക്രിസ്റ്റ്യാനോയുടെ ഹൃദയം പുകയുകയായിരുന്നു. ഒരു രാജ്യം അയാളെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു. ഫുട്ബോൾ ലോകം സി.ആർ സെവനെ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. മെദീരെയുടെ രാജകുമാരന് 81 ദേശീയഗോളുകളുടെ സമ്പാദ്യമുണ്ടായിരുന്നു. പക്ഷേ അവയിലൊന്നു പോലും സ്പാനിഷ് വലയിൽ കയറിയിരുന്നില്ല. സൗഹൃദമത്സരത്തിൽ സാക്ഷാൽ അർജന്റിനയെ 6-1നു തകർത്തവരെയാണ് നേരിടാൻ പോകുന്നത്. ചരിത്രവും വർത്തമാനവും ക്രിസ്റ്റ്യാനോയെ വെല്ലുവിളിക്കുകയായിരുന്നു. 2012 യൂറോകപ്പിലെ പരാജയം ആ മനസ്സിൽ ഉണങ്ങാതെ കിടക്കുകയായിരുന്നു.

പക്ഷേ വെല്ലുവിളികൾ ഏറ്റെടുക്കാൻ സദാ സന്നദ്ധനാണ് ക്രിസ്റ്റ്യാനോ. സവിശേഷമായൊരു പുഞ്ചിരിയോടെ ദേശീയഗാനം ആലപിക്കുമ്പോൾ അയാളുടെ മുഖത്ത് ഭയത്തിന്റെ സൂചനപോലുമില്ലായിരുന്നു. അയാൾ ആത്മവിശ്വാസത്തോടെ കൈയ്യടിച്ചപ്പോൾ അത് ടീം അംഗങ്ങളിലേക്കും പടർന്നുകയറുകയായിരുന്നു. മുൻതാരങ്ങൾ സ്പെയിൻന്റെ വിജയമാർജിൻ പ്രവചിക്കുന്നതിൽ വ്യാപൃതരായപ്പോൾ, സോച്ചിയിലെ ഹ്യുമിഡ് നൈറ്റിൽ ക്രിസ്റ്റ്യാനോ മുന്നിൽനിന്ന് നയിക്കുകയായിരുന്നു !

മറുവശത്ത് സ്പെയിനിനും ഉണ്ടായിരുന്നു ചില തീരുമാനങ്ങൾ. ‘സ്ലോ സ്റ്റാർട്ടേഴ്സ് ‘ എന്ന ചീത്തപ്പേര് മായ്ച്ചുകളയാൻ അവർ നിശ്ചയിച്ചിരുന്നു. അവരുടെ എല്ലാ പീരങ്കികളും ഒരേസമയം ഗർജ്ജിക്കാൻ തയ്യാറെടുത്തു. റയലിൽ സ്നേഹപൂർവ്വം ഒന്നിച്ചു കളിക്കുന്ന താരങ്ങൾ ലെനിൻന്റെ മണ്ണിൽ വാശിയോടെ കൊമ്പുകോർത്തു. കളിതുടങ്ങി മൂന്നാമത്തെ മിനുട്ടിൽ ക്രിസ്റ്റ്യാനോ ഫൗൾ ചെയ്യപ്പെട്ടു. പെനൽറ്റി !

സ്പാനിഷ് താരങ്ങൾ കുറേ വാദിച്ചുനോക്കിയെങ്കിലും ഇറ്റാലിയൻ റഫറി രോച്ചി തൻന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. കിക്ക് എടുക്കാൻ ക്രിസ്റ്റ്യാനോ മുന്നോട്ടുവന്നു. ഒരു നിമിഷത്തെ നിശബ്ദത. ക്രിസ്റ്റ്യാനോ തന്റെ വലതുവശത്തേക്ക് പന്തുപായിക്കുന്നു. സ്പെയിൻ ഗോൾകീപ്പർ നീങ്ങിയത് വിപരീതദിശയിലേക്കും. ഗോൾ ! പോർച്ചുഗലിനു വേണ്ടി വിജയകരമായി പൂർത്തിയാക്കുന്ന എട്ടാമത്തെ പെനൽറ്റി !

കോർണർ ഫ്ലാഗിനടുത്ത് നിന്ന് ക്രിസ്റ്റ്യാനോ അലറി. താടിയിൽ വിരലുരച്ചുകൊണ്ട് എന്തൊക്കെയോ ആക്രോശിച്ചു. പെനൽറ്റിയ്ക്ക് വഴിയൊരുക്കിയ നാച്ചോയോട് ചിരിച്ച മുഖത്തോടെ എന്തോ പറഞ്ഞു. മുറിവിൽ മുളകുതേച്ചതുപോലെ സ്പെയിൻ താരങ്ങൾക്ക് തോന്നിയിട്ടുണ്ടാവണം. അവർ വർദ്ധിതവീര്യത്തോടെ ആഞ്ഞടിച്ചു. നാലു പോർച്ചുഗീസ് താരങ്ങൾ ചുറ്റുംനിൽക്കെ ഡിയഗോ കോസ്റ്റ ആദ്യം വലകുലുക്കി. അതൊരു തുടക്കംമാത്രമായിരുന്നു. കോളനികൾ ഏറെ പിടിച്ചടക്കിയവരാണ് സ്പെയിൻ. പോർച്ചുഗലിന്റെ ഭൂവിഭാഗം അവർ നിരന്തരം കൈയ്യേറിക്കൊണ്ടിരുന്നു.

തൊട്ടുപിന്നാലെ ഒരു ഗോൾ കൂടി വീഴേണ്ടതായിരുന്നു. അത് ഗോൾ ലൈൻ ടെക്നോളജിയുടെ പരിശോധന വരെയെത്തി. സ്പാനിഷ് ചരിത്രത്തിലെ ഏറ്റവും പ്രധാന ഗോൾ നേടിയ ഇനിയേസ്റ്റ കഷ്ടിച്ചാണ് ലക്ഷ്യം കാണാതെ പോയത്. ഇസ്കോയുടെ ഷോട്ട് പോർച്ചുഗീസ് ഗോൾകീപ്പർ തടുത്തു. പ്രായത്തിന്റെ പരാധീനതകൾ നേരിടുന്ന പ്രതിരോധം ഛിന്നഭിന്നമായി. ഫെർണാണ്ടസ്സിന് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു. പോർച്ചുഗലിന് പ്രശ്നങ്ങൾ കുന്നുകൂടുകയായിരുന്നു.

അമ്പത്തിയഞ്ചാം മിനുട്ടിൽ കോസ്റ്റ വീണ്ടും സ്കോർ ചെയ്തു. 180 സെക്കന്റൂകൾക്കകം നാച്ചോ നേടിയ മൂന്നാമത്തെ ഗോൾ പോർച്ചുഗലിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണെന്ന് സകലരും വിശ്വസിച്ചിരുന്നു-ക്രിസ്റ്റ്യാനോ ഒഴിച്ച് !

ഇതിനിടയിൽ തന്റെ രണ്ടാമത്തെ ഗോൾ അയാൾ നേടിയിരുന്നു. മാരകമായ ആ ഇടങ്കാലനടി ലക്ഷ്യം കണ്ടതിൽ ഗോൾകീപ്പറും അയാളുടേതായ പങ്ക് വഹിച്ചിരുന്നു. പക്ഷേ ടീമിനും ക്രിസ്റ്റ്യാനോയ്ക്കും വേണ്ടത് ഒരു ഹാട്രിക്കായിരുന്നു. മൂന്നാമത്തെ ആ ഗോളിനു വേണ്ടി ഒരു ഫുട്ബോളർക്ക് ചെയ്യാനാവുന്നതെല്ലാം ക്രിസ്റ്റ്യാനോ ചെയ്തു. അയാളുടെ പോരാട്ടവീര്യം പ്രകടമാവുകയായിരുന്നു.

തന്നെ ചാലഞ്ച് ചെയ്തവർക്ക് മഞ്ഞക്കാർഡ് നൽകാൻ അയാൾ റഫറിയോട് ആവശ്യപ്പെടുന്നത് കാണാമായിരുന്നു. പന്ത് ഉദ്ദ്യേശിച്ച രീതിയിൽ തരാതിരുന്ന ടീം അംഗങ്ങളോട് ദേഷ്യപ്പെട്ടു. ജോർഡി ആൽബയ്ക്കുനേരെ പ്രകോപിപ്പിക്കുന്ന രീതിയിൽ പന്തെറിഞ്ഞു. അപ്പോൾ ക്രിസ്റ്റ്യാനോയ്ക്കു മുമ്പിൽ ശരിതെറ്റുകളില്ലായിരുന്നു. ടീമിനെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം !

കളി തീരുംമുമ്പേ കയറിപ്പോകാൻ കോസ്റ്റയ്ക്ക് കഴിഞ്ഞു. പക്ഷേ പറങ്കികളുടെ കപ്പിത്താന് അതിന് സാധിക്കുമായിരുന്നില്ല .അയാൾ ടീമിന്റെ ഏക അത്താണിയായിരുന്നു.

കമന്റെറ്റർ ഓർമ്മിപ്പിച്ചു –”ക്രിസ്റ്റ്യാനോ ഒന്നിലേറെ ഗോൾ നേടിയപ്പോഴൊന്നും പോർച്ചുഗൽ തോറ്റിട്ടില്ല. ആ റെക്കോർഡ് ദാ തകരാൻ പോവുന്നു….”

അവസാന വിസിൽ മുഴങ്ങുന്നത് വരെ ക്രിസ്റ്റ്യാനോയെ എഴുതിത്തള്ളരുത് എന്ന വസതുതയാണ് ആ കളിപറച്ചിലുകാരൻ മറന്നുപോയത്. എല്ലാവർക്കുമുള്ള മറുപടി വൈകാതെ ലഭിച്ചു. പിക്വേയുടെ ചാലഞ്ചിന്റെ രൂപത്തിലാണ് അവസരം എത്തിയത്. പോസ്റ്റിന് അധികം അകലെയല്ലാത്ത ഒരിടത്തുനിന്ന് ഫ്രീകിക്ക്. മനുഷ്യമതിൽ കൃത്യമായ അകലത്തിലാണെന്ന് റഫറി ഉറപ്പുവരുത്തി. ആ കിക്ക് എടുക്കുമ്പോൾ ക്രിസ്റ്റ്യാനോ എത്രമാത്രം സമ്മർദ്ദത്തിലായിരുന്നിരിക്കും! അയാളുടെ ചുമലുകളിൽ എത്ര മനുഷ്യരുടെ പ്രതീക്ഷകളുണ്ടായിരുന്നിരിക്കും ! ആ കാൽ വിറച്ചില്ല. കീപ്പറെ ഒന്ന് അനങ്ങാൻ പോലും അനുവദിക്കാതെ വെള്ളപ്പന്ത് നെറ്റിനെ പിടിച്ചുകുലുക്കി. വിശ്വസിക്കാനാവാതെ ലോകം തരിച്ചുനിന്നു. കളത്തിനുപുറത്തിരുന്ന കോസ്റ്റ തലതാഴ്ത്തി. സ്പാനിഷ് നെഞ്ചകങ്ങൾ തകർത്ത അമ്പത്തിയൊന്നാം ഹാട്രിക് ! എഴുതിത്തള്ളിയ നാവുകൊണ്ട് കമന്റെറ്റർ ഉച്ചരിച്ചു-

”ജീനിയസ്: അബ്സൊല്യൂട്ട് ജീനിയസ്….!!! ”

ഒരുപക്ഷേ ഈ സമനിലയെ സ്പെയിൻ ഒരു തോൽവിയായി കണക്കാക്കും. പൊസെഷനിലും പാസുകളുടെ കൃത്യതയിലും ലക്ഷ്യത്തിലെത്തിയ ഷോട്ടുകളുടെ എണ്ണത്തിലുമെല്ലാം അവർ കാതങ്ങൾ മുന്നിലായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ എന്ന മഹാമേരുവിനെ മറികടക്കാൻ സ്പെയിനിന് സാധിച്ചില്ല. നേരേമറിച്ച് ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് ഇത് വിജയം തന്നെയാണ്. അയാൾ ഒറ്റയ്ക്ക് പൊരുതിനേടിയ ഫലമാണിത്. അതുകൊണ്ടാണ് കളി കഴിഞ്ഞപ്പോൾ ക്രിസ്റ്റ്യാനോ ഒരു വിജയിയെപ്പോലെ ആഘോഷിച്ചതും. അവസാനം മൈതാനത്ത് തളർന്നിരുന്നുപോയ ക്രിസ്റ്റ്യാനോയെ റാമോസ് പിടിച്ചെഴുന്നേൽപ്പിച്ചത് കേവലം റയൽ സൗഹൃദം കൊണ്ടുമാത്രമാവില്ല .എതിരാളികളെപ്പോലും പ്രീതിപ്പെടുത്തുന്ന കളിയാണ് റോണോ കെട്ടഴിച്ചത്.

33 വയസ്സായി ക്രിസ്റ്റ്യാനോയ്ക്ക്. ചെറുപ്പമാണെന്ന് നമുക്ക് തോന്നുമെങ്കിലും ഫുട്ബോൾ തട്ടിത്തുടങ്ങിയ ഒരു ബാലന്റെ അച്ഛനാണ് ക്രിസ്റ്റ്യാനോ. കാലം അയാളിൽ ചില പോറലുകൾ ഏൽപ്പിച്ചിട്ടുണ്ട്. പഴയ വേഗം അയാൾക്കില്ല. എന്നിട്ടും റയലിനുവേണ്ടി അയാൾ കളിക്കുന്ന രീതി നോക്കുക. രാജ്യത്തിനുവേണ്ടി ബൂട്ടുകെട്ടുമ്പോൾ കളിമറക്കുന്നവരുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്താൻ പറ്റില്ലെന്ന് കഴിഞ്ഞ യൂറോകപ്പിൽ തന്നെ അയാൾ തെളിയിച്ചതാണ്. ഇപ്പോൾ വിശ്വവേദിയിലും അതാവർത്തിക്കുന്നു !

ക്രിസ്റ്റ്യാനോയുടെ പെനൽറ്റി ചരിത്രത്താളുകളിൽ ഇടംപിടിച്ചു.ഇതിനേക്കാൾ വേഗത്തിൽ പോർച്ചുഗൽ ലോകകപ്പിൽ സ്കോർ ചെയ്തത് 1966ൽ യൂസേബിയോയുടെ കാലത്താണ്. ഇതിഹാസമായ യൂസേബിയോക്കും സാക്ഷാൽ ഫിഗോയ്ക്കും നേടിത്തരാൻ കഴിയാതിരുന്ന ലോകകപ്പ് ക്രിസ്റ്റ്യാനോ ജയിക്കുമെന്ന് പോർച്ചുഗൽ മുഴുവൻ വിശ്വസിക്കുന്നു. വൺമാൻഷോ എപ്പോഴും കളി ജയിപ്പിക്കില്ലെന്ന പരുക്കൻ യാഥാർത്ഥ്യം അംഗീകരിക്കുമ്പോൾ തന്നെയും, ക്രിസ്റ്റ്യാനോ ഉള്ളപ്പോൾ എന്തും സ്വപ്നം കാണാൻ ആരാധകർക്ക് അവകാശമുണ്ട്.

എല്ലാ പെനൽറ്റികളും ഗോളുകളായി പരിണമിക്കാറില്ല. ഗോൾകീപ്പർ തെറ്റുവരുത്തുന്നതുകൊണ്ട് സ്കോർ ചെയ്തയാളുടെ പ്രഭ കുറയുന്നുമില്ല. ഇതെല്ലാമറിഞ്ഞിട്ടും ക്രിസ്റ്റ്യാനോയുടെ ആദ്യ രണ്ടു ഗോളുകളെ പരിഹസിക്കാൻ ചിലർ മുൻപന്തിയിലുണ്ടാവുമായിരുന്നു. അവർക്ക് മൂർദ്ധാവിൽ കിട്ടിയ അടിയായിരുന്നു മൂന്നാമത്തെ ഗോൾ. കുറ്റം പറയാൻ ഒരു പഴുതും കിട്ടാത്ത നിസ്സഹായാവസ്ഥ !

കുട്ടിക്കാലത്ത് ഓപ്പറേഷൻ ടേബിളിൽ ക്രിസ്റ്റ്യാന്യോ തളർന്നുകിടന്നിട്ടുണ്ട്. അന്ന് കുഴപ്പം അയാളുടെ ഹൃദയമിടിപ്പിനായിരുന്നു. അവിടെനിന്നാണ് ലോകമെമ്പാടുമുള്ള ഫുട്ബോളർമാരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന താരമായി റൊണാൾഡോ വളർന്നുവന്നത്. മനുഷ്യനാണയാൾ. വീണിടത്തുനിന്ന് തിരിച്ചുവരാൻ ശേഷിയുള്ള അസാധാരണ മനുഷ്യൻ. സ്പെയിനിനെതിരെ അക്കൗണ്ട് തുറക്കാൻ വിഷമിച്ചയാളാണ്. ഇപ്പോൾ ഫുട്ബോളിന്റെ പരമോന്നത വേദിയിൽ അവർക്കെതിരെ ഹാട്രിക് നേടിയ ഏക താരവും ക്രിസ്റ്റ്യാനോ തന്നെ. ഫീനിക്സ് പക്ഷി എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന പ്രതിഭാസം.

ക്രിസ്റ്റ്യാനോയുടെ പിതാവ് മകന്റെ പേരിനൊപ്പം റൊണാൾഡോ എന്ന് കൂട്ടിവിളക്കിയത് മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റെയ്ഗനോടുള്ള ആരാധന മൂലമാണെത്രേ. അദ്ദേഹം ഒരു അൽഷിമേഴ്സ് രോഗിയായിരുന്നു. ഓർമ്മകളെല്ലാം വ്യക്തിയെ വിട്ടൊഴിഞ്ഞുപോകുന്ന മറവിരോഗം. അതെ, നമുക്കെല്ലാം മറവിരോഗം ബാധിക്കേണ്ടി വരും; റോണോയുടെ ഈ പ്രകടനം മനസ്സിൽ നിന്ന് മായണമെങ്കിൽ !

‘ലെറ്റ് മീ എന്റ്ർടെയിൻ യൂ’ എന്ന വിഖ്യാതമായ ഗാനത്തോടെയാണ് ഈ ലോകകപ്പ് ആരംഭിച്ചത്. ഇപ്പോൾ കറുത്ത കടലിന്റെ തീരത്ത് നെഞ്ചുവിരിച്ച് നിന്ന് റോണോ നമ്മളോട് ചോദിക്കുകയാണ്-ഞാൻ നിങ്ങളെ രസിപ്പിച്ചില്ലേ….!?

“Are you not entertained….!?? “

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here