14 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം സൗദിക്ക് ആദ്യ ജയം

ഗ്രൂപ്പ് എ യിലെ അപ്രസക്തമായ മത്സരത്തില്‍ സൗദിക്ക് വിജയം. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് സൗദി ഏ ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ഈജിപ്തിനെ മറികടന്നത്. ഒരുഗോളിന് പിന്നിൽ നിന്ന ശേഷം നാടകീയ തിരിച്ചുവരവിലൂടെ മത്സരം സ്വന്തമാക്കുകയായിരുന്നു സൗദി.

ലോകകപ്പിലെ ഏറ്റവും സംഭവബഹുലമായ ആദ്യപകുതികളിൽ ഒന്നാണ് ഈജിപ്ത് സൗദി മത്സരത്തിൽ അരങ്ങേറിയത്. ആദ്യ ഇരുപതുമിനിറ്റുകളിൽ കളി സൗദിയുടെ കയ്യിലായിരുന്നു. മധ്യനിരയിൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും സൗദിക്ക് ഗോൾ കണ്ടെത്താനായില്ല. കളിയുടെ ഗതിക്കെതിരായി 23 ആം മിനിറ്റിൽ സൂപ്പർ താരം മൊഹമ്മദ് സലാഹിലൂടെ ഈജിപ്താണ് മുന്നിലെത്തിയത്. മുന്നോട്ടോടിക്കയറിയ ഗോൾകീപ്പർക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്താണ് സലാഹ് പിരമിഡിന്റെ നാട്ടുകാർക്ക് ലീഡ് സമ്മാനിച്ചത്. തൊട്ടുപിന്നാലെ താരത്തിന് വീണ്ടുമൊരു സുവർണ്ണാവസരം ലഭിച്ചെങ്കിലും ഗോളാക്കിമാറ്റാൻ കഴിഞ്ഞില്ല.

ആദ്യപകുതിയുടെ അവസാനമിനിറ്റുകളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 41ആം മിനിറ്റിൽ ഈജിപ്ത് താരം ഫാത്തി പന്ത് കൈകാര്യം ചെയ്തതോടെ റഫറി സ്പോട്ടിലേക്ക് വിരൽചൂണ്ടി. എന്നാൽ റഷ്യൻ ലോകകപ്പിലെ സൗദിയുടെ ആദ്യഗോൾ സ്വന്തം പേരിലാക്കാനെത്തിയ ഫഹദിന്റെ ഷോട്ട് തടുത്തിട്ടുകൊണ്ട് വെറ്ററൻ കീപ്പർ എൽ ഹദരി ഈജിപ്തിന്റെ രക്ഷയ്ക്കെത്തി. എന്നാൽ മിനിട്ടുകൾക്കകം ഈജിപ്തിനെ ഞെട്ടിച്ചുകൊണ്ട് VAR പ്രകാരം റഫറി വീണ്ടും സൗദിക്ക് പെനാൽറ്റി സമ്മാനിച്ചു. ഇത്തവണ കിക്കെടുത്ത സൽമാൻ ഫറജിന് പിഴച്ചില്ല. ഹദരിക്ക് ഒരവസരവും നൽകാതെ വലകുലുക്കിയ താരം സൗദിയെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിലും ഈജിപ്‌തിനായിരുന്നു ആധിപത്യം. ഒപ്പം ഗോൾകീപ്പർ എൽ ഹദരിയും പ്രായത്തെ തോല്പിക്കുന്ന പ്രകടനവുമായി കളം നിറഞ്ഞതോടെ ഈജിപ്ത് റഷ്യൻ ലോകകപ്പിലെ ആദ്യപോയിന്റ് സ്വന്തമാക്കുമെന്ന തോന്നലുയർന്നു. എന്നാൽ സലാഹിന്റെയും സംഘത്തെയും ഞെട്ടിച്ചുകൊണ്ട് ഇഞ്ചുറി സമയത്തിന്റെ അവസാനമിനുട്ടിൽ സൗദി വിജയഗോൾ നേടി. ബോക്സിന്റെ വലതു ഭാഗത്തുനിന്നും സലിം ഉതിർത്ത ഷോട്ട് ഹദരിയുടെ കാലുകൾക്കിടയിലൂടെ വല പുൽകുകയായിരുന്നു. ഈ കളിയില്‍ കളിച്ചത് വഴി ലോകകപ്പില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ കളിക്കാരന്‍ എന്നാ റെക്കോര്ഡ് ഈജിപ്ഷ്യന്‍ ഗോള്‍ കീപ്പര്‍ ഇസ്സം എല്‍ ഹദാരിയുടെ പേരിലായി. കൊളംബിയയുടെ ഫാരിദ്‌ മോന്ദ്രോഗോനിന്റെ റെക്കൊര്‍ഡാണ് താരം മാറി കടന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here