ക്യാപ്റ്റൻ നയിച്ചു, സെർബിയയ്ക്ക് ജയം

കോസ്റ്റാറിക്കയുമായുള്ള മത്സരത്തിൽ സെർബിയയ്ക്ക് 1-0 എന്ന സ്കോറിന് വിജയം. സെർബിയൻ ക്യാപ്റ്റൻ അലെക്സാൻഡ്രോ കൊളറോവാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. സെർബിയൻ താരം അലക്‌സാണ്ടർ മിട്രോവിക് തനിക്ക് ലഭിച്ച രണ്ടു മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനാൽ സെര്ബിയയ്ക്ക് മികച്ച ഗോൾ മാർജിനിൽ ജയിക്കാനുള്ള അവസരം നഷ്ടമായി.

ആദ്യ പകുതിയിൽ സെർബിയ അറ്റാക്കിങ് ഫുട്‌ബോൾ കളിച്ചെങ്കിലും കോസ്റ്റാറിക്കൻ താരങ്ങൾ അതിനെ പ്രതിരോധിച്ചു. ആദ്യ പകുതിയിൽ പ്രതിരോധത്തിലൂന്നിയ കോസ്റ്റാറിക്ക ആക്രമണങ്ങൾ അധികം നടത്തിയില്ല. ആദ്യ നിമിഷങ്ങളിൽ ലഭിച്ച മികച്ച അവസരം ജിൻകാർലോ ഗോണ്സാലെസ് നഷ്ടപ്പെടുത്തി.

ഇടവേളക്ക് ശേഷം ഇരു ടീമുകളും ഉണർന്നു കളിച്ചു. 56ആം മിനിറ്റിൽ ബോക്സിന് പുറത്തു ലഭിച്ച ഫ്രീകിക്ക് മികച്ച ഒരു ഇടംകാലൻ ഷോട്ടിലൂടെ കൊളറോവ് ഗോളാക്കി മാറ്റി. ഒരു ഗോളിന് പിന്നിൽ പോയ കോസ്റ്റാറിക്ക സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും സെർബിയൻ പ്രതിരോധത്തെ ഭേദിക്കാനായില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here