സെര്‍ബിയയെ മലര്‍ത്തിയടിച്ചു സ്വിസ്സ് പട

ഗ്രൂപ്പ്‌ ഇ യിലെ നിര്‍ണായക മത്സരത്തില്‍ സെർബിയക്കെതിരെ സ്വിറ്റ്സർലണ്ടിന് വിജയം. ആദ്യ പകുതിയില്‍ ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് സ്വിസ്‌ പട വിജയം പിടിച്ചെടുത്തത്. ഇതോടെ പോയിന്റ് പട്ടികയില്‍ സെർബിയയെ കടത്തി വെട്ടി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്താനും സ്വിസ്‌ ടീമിന് കഴിഞ്ഞു.

ആദ്യമത്സരം ജയിച്ച സെർബിയ രണ്ടാം മത്സരവും വിജയിച്ച് പ്രീക്വാർട്ടറുപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയപ്പോൾ പ്രതീക്ഷകൾ നിലനിർത്താനാണ് സ്വിസ്‌ ടീം കളത്തിലിറങ്ങിയത്. കളി ചൂടുപിടിക്കും മുൻപ് തന്നെ സെർബിയ ലീഡ് നേടുകയും ചെയ്തു. വലതുവിങ്ങിൽ നിന്നും സൗത്പ്ടൺ താരം ഡുസാന്‍ ഉയർത്തി നൽകിയ പന്ത് സ്‌ട്രൈക്കർ മിത്രോവിച്ച് വലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. മിത്രോവിച്ച് സെര്‍ബിയക്കായി കഴിഞ്ഞ 18 മത്സരങ്ങളിൽ നിന്നും നേടുന്ന 15മത്തെ ഗോളാണിത്.

ആദ്യപകുതിയിൽ അർഹിച്ച ലീഡുമായി കളംവിട്ട സെർബിയ രണ്ടാംപകുതിയുടെ തുടക്കത്തിലും മികച്ച രീതിയിലാണ് പന്തുതട്ടിയത്. എന്നാൽ 53ആം മിനിറ്റിൽ ടൂർണമെന്റിലെ മികച്ച ഗോളുകളിലൊന്നിലൂടെ ആഴ്‌സനൽ താരം ഗ്രാനിത് ഷാക്ക സ്വിറ്റ്‌സർലണ്ടിനെ ഒപ്പമെത്തിച്ചു. ഷാക്വിരിയുടെ ഗോൾശ്രമം ഫലപ്രദമായി ബ്ലോക്ക് ചെയ്യാൻ സെർബിയയുടെ നായകന്‍ കൊളറോവിന് കഴിഞ്ഞെങ്കിലും ഓടിയെത്തിയ ഷാക്ക തന്റെ സ്വതസിദ്ധമായ ലോങ്ങ്‌ റേഞ്ചറിലൂടെ വലതുളച്ചു. കളി അവസാനണി നിമിഷങ്ങളില്‍ ഇരുനിരകൾക്കും വേണ്ടുവോളം അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. മത്സരം സമനിലയിൽ കലാശിക്കുമെന്ന് ഏതാണ്ടുറപ്പായ നിമിഷത്തിൽ സ്വിസ്‌ ടീമിന്റെ രക്ഷകനായി സ്വിസ്സ് മെസ്സി ഷാക്വിരി അവതരിക്കുകയായിരുന്നു. മൈതാനമധ്യത്തിൽ നിന്നും പന്തുമായി കുതിച്ച താരം മികച്ചൊരു ഫിനിഷിലൂടെ ടീമിനെ സ്വിസ്സ് ടീമിന് മൂന്ന് പോയിന്റ് സമ്മാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here