വിമ്പിൾഡൺ രണ്ടാം ദിനം: വനിതകളിൽ ഹാലപ്പ്,മുഗുരസ മുന്നോട്ട് ഷറപ്പോവ,ക്വിറ്റോവ പുറത്ത്.

വിമ്പിൾഡൺ രണ്ടാം ദിവസം വനിതാ ടെന്നീസിൽ അട്ടിമറികൾ. മൂന്ന് വർഷങ്ങൾക്ക് ശേഷം ടൂർണമെന്റിൽ തിരിച്ചെത്തിയ 24ആം സീഡ് റഷ്യൻ താരം മരിയ ഷറപ്പോവ ആദ്യ റൗണ്ടിൽ പുറത്ത്. റഷ്യയുടെതന്നെ വിറ്റാലിയ ഡിയറ്റ്ഷെങ്കോ ആണ് ഷറപ്പോവയെ 6-7(3), 7-6(3), 6-4  എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. 14 തവണ വിമ്പിൾഡണിൽ മത്സരിച്ചിട്ടുള്ള ഷറപ്പോവ ഇതാദ്യമായാണ് ആദ്യ റൗണ്ടിൽ പുറത്താകുന്നത്.

ചെക് റിപ്പബ്ലിക്കിന്റെ 8ആം സീഡ് പെട്ര ക്വിറ്റോവയും ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി. ബലാറസിന്റെ 50 റാങ്ക് താരം അലിക്സാൻട്ര സാസിനോവിച് ആണ് ക്വിറ്റോവയെ  6-4, 4-6, 6-0 എന്ന സ്കോറിന് തോൽപിച്ചത്. ഇവരെക്കൂടാതെ 6ആം സീഡ് ഫ്രാൻസിന്റെ കരോലിൻ ഗാർഷ്യയും ആദ്യ റൗണ്ടിൽ പുറത്തായി സ്വിസ് താരം ബെലിൻഡ ബെൻഡിക്ടിനോട് തോറ്റത്  7-6(2), 6-3 എന്ന നിലയിൽ.

ഒന്നാം സീഡ് റോമാനിയയുടെ സിമോണ ഹാലപ്പും, നിലവിലെ ചാമ്പ്യൻ സ്പെയിന്റെ ഗാർബിൻ മുഗുരസയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഹാലപ്പ് നേരിട്ടുള്ള സെറ്റുകളിൽ 6-2, 6-4 എന്ന സ്കോറിന് ജപ്പാന്റെ കുറുമി നാരയെ തോല്പിച്ചപ്പോൾ മുഗുരസ ബ്രിട്ടീഷ് താരം നവോമി ബ്രോഡിയെ 6-2, 7-5 എന്ന നിലയിൽ തറപറ്റിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here