സെര്‍ബിയന്‍ മുന്നേറ്റ നിര താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ രണ്ടാമത്തെ വിദേശ സൈനിങ്‌ പ്രഖ്യാപിച്ചു. സെർബിയൻ മുന്നേറ്റ നിര താരമായ സ്ലാവിസ സ്‌റ്റോഹനോവിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. സെർബിയൻ ക്ലബ്ബായ റാഡ്‌നിക്കിനു വേണ്ടിയാണു 29കാരനായ സ്ലാവിസ കഴിഞ്ഞ വര്‍ഷം കളിച്ചത്. താരത്തിന്റെ സൈനിംഗ് ബ്ലാസ്റ്റേഴ്‌സ് ആക്രമണ നിരക്ക് മൂര്‍ച്ച കൂട്ടുമെന്ന് പ്രതീക്ഷിക്കാം. ട്വിറ്ററിലൂടെയാണ് ബ്ലാസ്റ്റേഴ്സ്, താരത്തിന്റെ സൈനിംഗ് വാർത്ത പുറത്ത് വിട്ടത്.

സെർബിയൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് റാഡ്നിക്കി. ഈ നേട്ടത്തിന് പിന്നിൽ സ്റ്റൊജനോവിച്ചിന് മികച്ച പങ്കുണ്ട്. 31 മത്സരങ്ങളിൽ ടീമിനായി കളിക്കളത്തിലിറങ്ങിയ താരം പത്ത് ഗോളുകളാണ് ടീമിന് വേണ്ടി സ്കോര്‍ ചെയ്തത്. സെക്കൻഡ് സ്ട്രൈക്കറായും അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ്ങറായും ഒരേ പോലെ കളിക്കുന്ന 29- കാരനായ സ്റ്റൊജനോവിച്ച് കഴിഞ്ഞ സീസണിൽ ടീമിനായി ഒരു ഹാട്രിക്കും നേടിയിരുന്നു.


2007-ൽ തന്റെ സീനിയർ കരിയർ ആരംഭിച്ച സ്ലാവിസ സ്‌റ്റോഹനോവിച്ച്, റാഡ്നിക്കിയെ കൂടാതെ ഒട്ടേറെ സെർബിയന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2016-17 സീസണില്‍ താരം 2 ഇസ്രായേലി ക്ലബുകൾക്കായും ബൂട്ടുകെട്ടി. 2013-ൽ ജാഗോഡിനയ്ക്കൊപ്പം സെർബിയൻ കപ്പും സ്റ്റൊജനോവിച്ച് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രതിരോധ താരം സിറിൽ കാലിയെയും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here