ഫെഡറര്‍, വാവ്റിങ്ക രണ്ടാം റൗണ്ടില്‍

ടോപ്പ് സീഡ് സ്വിസ് താരം റോജർ ഫെഡറർ വിമ്പിള്‍ഡണ്‍ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 79 മിനുട്ട് നീണ്ടു നിന്ന മത്സരത്തില്‍ സെര്‍ബിയയുടെ ടുസാന്‍ ലജോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നായിരുന്നു 20 തവണ ഗ്രാന്‍ഡ്‌സ്ലാം ജേതാവായ ഫെഡററുടെ വിജയം. സ്‌കോർ 6-1, 6-2, 6-4. പരുക്കിൽ നിന്ന് മുക്തനായി പഴയ ഫോമിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്ന സ്റ്റാൻ വാവ്റിങ്ക ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചടിച്ച് ആറാം സീഡ് ദിമിത്രോവിനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്‌കോർ 1-6, 7-6, 7-6, 6-4. പരിക്ക് കാരണം കുറച്ചു നാള്‍ കളിക്കളത്തില്‍ നിന്ന് വിട്ടു നിന്ന സ്റ്റാന്‍ നിലവില്‍ 224ആം റാങ്കിലാണ്.

ആദ്യമായാണ് ദിമിത്രോവ് വിംബിൾഡണിന്റെ ആദ്യ റൗണ്ടിൽ പുറത്താകുന്നത്. ഇന്ത്യയുടെ പ്രതീക്ഷയുമായി ഇറങ്ങിയ യൂക്കി ഭാംബ്രി ആദ്യ സെറ്റ് നേടിയ ശേഷം ഇറ്റലിയുടെ ഫാബിയാനോയാട് അടിയറവു വെച്ചു. മറ്റുമത്സരങ്ങളിൽ കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പും മൂന്നാം സീഡുമായ മരിയൻ സിലിച്ച്, ഇസ്‌നർ, റയോനിച്ച്, മെദ്ദേവ്, ആൻഡേഴ്‌സൺ, ഗെയില്‍ മോൺഫിസ് എന്നിവർ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു.

വനിതകളുടെ വിഭാഗത്തിൽ യു.എസ് ഓപ്പണ്‍ ജേതാവ് സ്ലോയെന്‍ സ്റ്റീഫന്‍സിനു തോല്‍വി പിണഞ്ഞു. ക്രൊയേഷ്യയുടെ വെകിച്ചാണ് നേരിട്ടുള്ള സെറ്റുകളിൽ അമേരിക്കൻ താരത്തെ അട്ടിമറിച്ചത്. അഞ്ചാം സീഡ് സ്വിറ്റോലിനയെ അട്ടിമറിച്ച് ജര്‍മന്‍ താരം തത്യാന മരിയ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. അമേരിക്കയുടെ കോക്കോ വാൻഡവാഗേയ്ക്കും ആദ്യ റൗണ്ടിൽ തന്നെ അടിതെറ്റി. സിനയ്ക്കോവയാണ് അമേരിക്കൻ താരത്തെ അട്ടിമറിച്ചത്. കരോളിന്‍ വോസ്‌നിയാക്കി, വില്ല്യംസ് സഹോദരിമാർ, മാഡിസൺ കീസ്, പ്ലിസ്‌കോവ എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി.

LEAVE A REPLY

Please enter your comment!
Please enter your name here