കെനിയയ്‌ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

ഇന്റർകോണ്ടിനെന്റൽ കപ്പിലെ രണ്ടാം മത്സരത്തിൽ കെനിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ഉജ്വല വിജയം. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ 100 ആം അന്താരാഷ്ട്ര മത്സരം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ടായിരുന്നു. രണ്ടു ഗോൾ നേടി ഛേത്രി തൻ്റെ നൂറാം മത്സരം അവിസ്മരണീയമാക്കിത്തീർത്തപ്പോൾ സ്‌ട്രൈക്കർ ജെജെയുടെ ബൂട്ടിൽ നിന്നായിരുന്നു മറ്റൊരു ഗോൾ .ഇതോടെ 100 മത്സരങ്ങളിൽ നിന്നും തൻ്റെ ഗോൾ നേട്ടം 61 ആക്കാനും ഛേത്രിക് കഴിഞ്ഞു. മഴ മൂലം വിരസമായിരുന്ന ഒന്നാം പകുതിക്കു ശേഷം ആവേശകരമായ രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ മൂന്ന് ഗോളും പിറന്നത്. ഛേത്രിയുടെ അഭ്യർത്ഥന മാനിച്ചു സ്റ്റേഡിയം നിറഞ്ഞെത്തിയ കാണികൾക്കു അർഹിച്ച വിരുന്നു നല്കാൻ ഛേത്രിക്കും കൂട്ടർക്കുമായി എന്ന് നിസംശയം പറയാം . കെനിയക്കെതിരെയുള്ള വിജയത്തോടെ ഇന്ത്യ ഫൈനൽ ഏതാണ്ടുറപ്പിച്ചു എന്നുതന്നെ പറയാം.

മഴ മൂലം വെള്ളം നിറഞ്ഞു കിടന്ന മൈതാനത്തു പന്ത് തട്ടാൻ ആദ്യം ഇരു ടീമുകളും നന്നായി കഷ്ടപ്പെട്ടു.ആദ്യ പകുതിയിൽ ഛേത്രിക്ക് ലഭിച്ച ഒരു അർദ്ധാവസരം ഇഞ്ചുകളുടെ വ്യത്യാസത്തിൽ ക്രോസ്സ്ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ കെനിയൻ മിഡ്‌ഫീൽഡർ ഓമോട്ടോയുടെ ഷോട്ട് മികച്ച സേവിലൂടെ ഇന്ത്യൻ കീപ്പർ ഗുർപ്രീത് പുറത്തേക്കു തട്ടിയകറ്റി. കാര്യമായ മറ്റവസരങ്ങളൊന്നും ആദ്യ പകുതിയിൽ ഇരു ടീമിനും ലഭിച്ചില്ല . രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങളിൽ തന്നെ മുന്നിലെത്താനുള്ള അവസരം രണ്ടു തവണ കെനിയ കളഞ്ഞു കുളിച്ചു . അതിനു ശേഷം നർസാരിയുടെ ക്രോസ്സിനു ഛേത്രി കാൽ വച്ചുവെങ്കിലും ഗോളിൽ കലാശിച്ചില്ല .അതിനിടയിൽ പ്രെണോയ് ഹാൾഡറിന്റെ അത്യുഗ്രൻ ഷോട്ട് കെനിയൻ ഗോൾകീപ്പർ അതിവിദഗ്ധമായി രക്ഷപെടുത്തി . 68 ആം മിനുറ്റിൽ ഛേത്രിയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മികച്ച ഷോട്ടോടെ ഗോളിലേക്ക് നിറയൊഴിച്ചു ഛേത്രി തന്നെ ഇന്ത്യക്കു മുൻതൂക്കം നൽകി.ഏതാനും മിനുറ്റുകൾക്കു ശേഷം കെനിയയുടെ ഡിഫെൻസിൽ വന്ന പിഴവ് മുതലെടുത്തു ജെജെയുടെ ബൂട്ടിൽ നിന്നും പറന്ന ബോൾ പോസ്റ്റിന്റെ ടോപ് കോർണറിൽ പറന്നിറങ്ങി.കളി ഇഞ്ചുറി ടൈമിലേക്കു കടന്നപ്പോൾ ബൽവന്ത് സിംഗ് നൽകിയ പാസ് സ്വീകരിച്ചു ഓടിക്കയറിയ ഛേത്രി ഗോൾകീപ്പർ മാറ്റസിയുടെ തലയ്ക്കു മുകളിലൂടെ ചിപ്പ് ചെയ്തു ഗോളിലേക്ക് തിരിച്ചു വിട്ടപ്പോൾ മുംബൈയിലെ ഗാലറി ആവേശത്താൽ പൊട്ടിത്തെറിച്ചു.റഫറി കളിയവസാനിപ്പിച്ചതിനു കാണികളുടെ അടുത്തെത്തി നന്ദി പറഞ്ഞതിനു ശേഷമാണ് ടീം മടങ്ങിപ്പോയത്. ജൂൺ 7നു ന്യൂസിലാൻഡ് ആയാണ് ഇന്ത്യയുടെ മൂന്നാം മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here