സ്വിറ്റ്സർലൻഡിനെ മറികടന്നു സ്വീഡൻ ക്വാർട്ടറിലേക്ക്

യൂറോപ്യൻ ടീമുകൾ മാറ്റുരച്ച പ്രീ ക്വാർട്ടർ മത്സരത്തിൽ വിജയം സ്വീഡനൊപ്പം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വീഡൻ സ്വിറ്റ്സർലൻഡിനെ മറികടന്നത്. പന്ത് കൈവശം വച്ച കണക്കുകളിലും, ഷോട്ടുകളുടെ എണ്ണത്തിലും സ്വിറ്റ്സർലൻഡ്‌ മുന്നിട്ടുനിന്നെങ്കിലും സ്വീഡന്റെ പ്രതിരോധത്തെ മറികടന്ന് ഗോളടിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഉയരക്കൂടുതൽ മുതലെടുത്ത സ്വീഡിഷ് പ്രതിരോധം തങ്ങളുടെ ഗോൾകീപ്പർക്ക് കവചം തീർത്തുനിന്നു. സൂപ്പർ താരം ഷാക്വിരിയും റോഡിഗ്രസും കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

താരതമ്യേന കരുത്തുറ്റ ഗ്രൂപ്പുകളിൽനിന്നും എത്തിയ ടീമുകൾ കരുത്തുറ്റ പ്രകടനം കാഴചവയ്ക്കുമെന്നാണ് കരുതിയതെങ്കിലും, ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇരു ടീമുകളുടെയും ഭാഗത്തു നിന്ന് ഉണ്ടായത്. ഇരുടീമുകളും അവസരങ്ങൾ തുലയ്ക്കുന്നതിനു മത്സരിച്ചു. കൂടുതൽ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ സ്വീഡൻ പരാജയപ്പെട്ടെങ്കിലും ലഭിച്ച അവസരം മുതലാക്കിയ എമിൽ ഫോസ്‌ബെർഗ് സ്വീഡന് ക്വാർട്ടറിലേക്കുള്ള ടിക്കറ്റ് നേടിക്കൊടുത്തു. 66ആം മിനിറ്റിൽ ഫോസ്‌ബെർഗ് തൊടുത്ത ഷോട്ട് സ്വിറ്റ്സർലൻഡിന്റെ പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി ഗോളാകുകയായിരുന്നു. ഇഞ്ചുറി ടൈമിൽ ലാങ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ സ്വിറ്റ്സർലൻഡിന്റെ പതനം പൂർത്തിയായി.

ഇംഗ്ലണ്ട് – കൊളംബിയ മത്സരത്തിലെ വിജയിയാണ് സ്വീഡന് ക്വാർട്ടറിലെ എതിരാളി. 1958ലെ ലോകകപ്പിന്റെ ഫൈനലിലെത്തിയതാണ് സ്വീഡന്റെ വേൾഡ്കപ്പ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം.

LEAVE A REPLY

Please enter your comment!
Please enter your name here