വളരുന്ന ടെക്നോളജിയും മാറുന്ന ഫുട്ബോള്‍ സമവാക്യങ്ങളും

വേദി 1 :- 2010 ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിൻറെ പ്രീ ക്വാർട്ടർ മത്സരം. കരുത്തരായ ജർമനിയും ഇംഗ്ലണ്ടും പരസ്പരം പോരാടുന്നു. കളിയുടെ 39 ആം മിനുട്ടിൽ ജർമനി 2-1ന് മുന്നിൽ നിൽക്കെ ഇംഗ്ലണ്ടിൻറെ ലാംപാർഡ് തൊടുത്തുവിട്ട ഷോട്ട്  ജർമനിയുടെ കീപ്പർ മാനുവൽ ന്യൂയറെ കടന്നു ക്രോസ് ബാറിന്  ഉള്ളിൽ തട്ടി ഗോളിനുള്ളിലേക്ക്. ഗോൾ പോസ്റ്റിന് ഉള്ളിൽ ഏകദേശം ഒരു മീറ്റർ അകത്തു കുത്തിയ പന്ത്  തിരിച്ചു മൈതാനത്തേക്ക് എത്തിയപ്പോൾ ന്യൂയർ അത് കൈക്കലാക്കി. ലാംപാർഡും കൂട്ടരും ഗോളിനായി റഫറിയോട് വാദിച്ചെങ്കിലും ഗോൾ ആണോ അല്ലയോ എന്ന് വ്യക്തമായി കാണാതിരുന്ന റഫറി ഗോൾ അനുവദിച്ചില്ല. ആ മത്സരം ഇംഗ്ലണ്ട് 4-1 എന്ന സ്കോറിൽ തോൽക്കുകയും ലോകകപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

വേദി 2 :- 2014ലെ  ബ്രസീൽ ലോകകപ്പിൻറെ ഗ്രൂപ്പ് സി മത്സരത്തിൽ കരുത്തരായ ഫ്രാൻസ് ഹോണ്ടുറാസിനെ നേരിടുന്നു. കളിയുടെ 48 ആം മിനിറ്റിൽ ഫ്രാൻസിൻറെ ബെൻസേമയുടെ ഷോട്ട് സെക്കൻഡ് പോസ്റ്റിലിടിച്ച് ഗോളിന് അഭിമുഖമായി വരുന്നു . തെല്ലൊന്നു പരിഭ്രമിച്ചെങ്കിലും ഹോണ്ടുറാസ് ഗോളി ക്രോസ് ബാറിന് നേരെ താഴെ വച്ച് പന്ത് കൈപ്പിടിയിലൊതുക്കി. പെട്ടെന്ന് ഏവരെയും ഞെട്ടിച്ചു  റഫറി വിസിൽ മുഴക്കി ഗോൾ… ഫ്രാൻസ് താരങ്ങൾ അപ്പോഴേക്കും ഗോൾ ആഘോഷം തുടങ്ങിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാതെ ഹോണ്ടുറാസ് താരങ്ങളും കാണികളും  സ്തബ്ദരായി നിന്നു. ഹോണ്ടുറാസ് ഗോളി പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ പന്തു ഗോൾ വര കടന്നെന്നും അത് ഗോൾ ലൈൻ ടെക്നോളജി വഴി റഫറി അറിയുകയും ചെയ്തു എന്ന് സ്റ്റേഡിയത്തിലെ  വലിയ സ്ക്രീനിൽ തെളിഞ്ഞ  റീപ്ലേയിൽ ഏവർക്കും വ്യക്തമായി.

വേദി 3 :- 2018 റഷ്യൻ ലോകകപ്പ്. ഗ്രൂപ്പ് സിയിൽ ഫ്രാൻസ് ഓസ്ട്രേലിയയെ നേരിടുന്നു. മത്സരത്തിൻറെ 54 ആം മിനിറ്റ്. ഫ്രാൻസിനെ മുന്നേറ്റ താരം ഗ്രീസ്മാൻ  പന്തുമായി ഓസ്ട്രേലിയൻ ബോക്സിലേക്ക്, ഓസ്ട്രേലിയൻ താരം റിസ്ടൻടെ ടാക്കിളിൽ ഗ്രീസ്മാൻ ബോക്സിൽ വീഴുന്നു. റഫറി ഫൗൾ അനുവദിക്കാതെ കളി തുടരാൻ ആവശ്യപ്പെടുന്നു. എന്നാൽ നിമിഷങ്ങൾക്കകം  കളി നിർത്താൻ അദ്ദേഹം ആവശ്യപ്പെടുകയും ഒരു നിമിഷം തന്ടെ ഹെഡ് ഫോണിൽ ചെവിയോർക്കുകയും ചെയ്ത റഫറി മൈതാനത്തിന് സൈഡിലുള്ള ചെറിയൊരു ടിവി സ്ക്രീൻടെ അടുത്തേക്ക്  ഓടിയെത്തുന്നു. അവിടെനിന്ന് തിരിച്ചെത്തിയ അദ്ദേഹം ഓസ്ട്രേലിയൻ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി ഫ്രാൻസിന് അനുകൂലമായി പെനാലിറ്റി വിധിക്കുന്നു. അങ്ങനെ വീഡിയോ അസിസ്റ്റൻറ് റഫറിയുടെ അഥവാ VAR സഹായത്തോടെ  ഫ്രാൻസിന് അവർക്കർഹതപ്പെട്ട പെനാൽറ്റിയും അതുവഴി ഒരു ഗോളും ലഭിക്കുന്നു.

    വെറും എട്ടു വർഷം കാലാവധിക്കുള്ളിൽ ഫുട്ബോൾ ലോകത്ത് നടന്ന സാങ്കേതിക മാറ്റങ്ങൾ മനസ്സിലാക്കാൻ പറ്റിയ ഉത്തമ ഉദാഹരണങ്ങളാണ് മുകളിൽ പറഞ്ഞ സംഭവങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ട പേരുകളാണ് ഗോൾ ലൈൻ ടെക്നോളജിയും വീഡിയോ അസിസ്റ്റൻറ് റഫറിയും. ഇവയെപ്പറ്റി നമുക്ക് കൂടുതൽ വിശദമായി നോക്കാം.

കാലം മാറുന്നതിനനുസരിച്ച് കോലം മാറണം എന്ന് ഒരു മലയാളം ചൊല്ലുണ്ട്. ഫുട്ബോൾ ലോകത്തിലും ഇതുപോലെ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ടിയന്തൊയിൽ നിന്ന് ടെൽസ്റ്റാറിലേക്കുള്ള പരിണാമവും  ബ്ലാക്ക് ആൻഡ് വൈറ്റ് സംപ്രേഷണത്തിൽ നിന്ന് എച്ച് ഡി യിലേക്ക് ഉള്ള  മാറ്റവും കളിക്കാരുടെ കായികക്ഷമതാ അളക്കുന്ന ഉപകരണങ്ങളും അവയിൽ ചിലതാണ്. എന്നാൽ ഈ അടുത്ത കാലത്ത് ഒരുപാട് ചർച്ചാവിഷയമായ രണ്ട് സാങ്കേതിക മാറ്റങ്ങൾ ആണ് ഗോൾ ലൈൻ ടെക്നോളജിയും വീഡിയോ അസിസ്റ്റൻറ് റഫറിയും. ഗോൾ ലൈൻ ടെക്നോളജി 2014 ലോകകപ്പ് മുതലും  വീഡിയോ അസിസ്റ്റൻറ് റഫറി  ഈ റഷ്യൻ ലോകകപ്പ് മുതലും ഉപയോഗിക്കാൻ ഫിഫ തീരുമാനിച്ചിരുന്നു.

1) ഗോൾ ലൈൻ ടെക്നോളജി :

ഗോൾ ലൈൻ ടെക്നോളജി ഉപയോഗിക്കാൻ ഫിഫയുടെ മേലെ ഏറ്റവുമധികം സമ്മർദം ചെലുത്തിയ വിഷയമാണ് ആദ്യം പറഞ്ഞിരിക്കുന്ന  ജർമ്മനി ഇംഗ്ലണ്ട് മത്സരത്തിലെ ആ സംഭവം. മൈതാനത്തിന് ചുറ്റും ഉയരത്തിൽ ഘടിപ്പിച്ചിരിക്കുന്ന  14 ഹൈസ്പീഡ് ക്യാമറകളുടെ (400-500  fps) സഹായത്താൽ പന്തിൻടെ ചലനവും സ്ഥാനവും കൃത്യമായി നിർണയിക്കുകയും അതുവഴി പന്ത്   ഗോൾ വര കടന്നോ ഇല്ലയോ എന്ന് കമ്പ്യൂട്ടർ സഹായത്തോടെ  കണ്ടെത്തുകയും ചെയ്തതാണ് ഗോൾ ലൈൻ ടെക്നോളജി. പന്ത് ഗോൾ വര കടന്ന ഉടനെ റഫറിയുടെയും സഹറഫറിമാരുടെയും കൈയിലുള്ള വാച്ചിൽ സന്ദേശം എത്തുകയും വാച്ച് 10 സെക്കൻഡോളം വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. ഒരുപാട് ട്രയൽ ടെസ്റ്റുകൾക്ക് ശേഷമാണ് ഫിഫ ഈ ടെക്നോളജി ലോകകപ്പിൽ ഉപയോഗിക്കാൻ അനുമതി നൽകിയത്. 2012 ജപ്പാനിൽ നടന്ന ക്ലബ്ബ് ലോകകപ്പിലാണ് ആദ്യമായി ഗോൾ ലൈൻ ടെക്നോളജി പരീക്ഷിച്ചത് . ഏകദേശം അഞ്ച് മില്ലി മീറ്റർ കൃത്യതയോടെ പന്ത് ഗോൾ ആണോ അല്ലയോ എന്നത് കണ്ടുപിടിക്കാൻ ഗോൾ ലൈൻ ടെക്നോളജിക്ക് ആവും. മുകളിൽ പറഞ്ഞ 2014 ഫ്രാൻസ് -ഹോണ്ടുറാസ് മത്സരത്തിലാണ് ഗോൾ ലൈൻ  ടെക്നോളജി ഉപയോഗിച്ച്  ഒരു ഗോൾ ആദ്യമായി ലോകകപ്പിൽ നിർണയിക്കപ്പെട്ടത്. ലോകകപ്പിൽ കൂടാതെ  മറ്റു പ്രമുഖ ടൂർണമെൻറ്കളിലും ഇപ്പോൾ ഗോൾ ലൈൻ ടെക്നോളജി ഉപയോഗിച്ചുവരുന്നു. കഴിഞ്ഞദിവസം നടന്ന ഫ്രാൻസ് ഓസ്ട്രേലിയ മത്സരത്തിലെ പോഗ്ബയുടെ ഗോളും ഗോൾ ലൈൻ ടെക്നോളജി ഉപയോഗിച്ച് നിർണയിക്കപ്പെട്ടതായിരുന്നു.

2) വീഡിയോ അസിസ്റ്റൻറ് റഫറി അഥവാ VAR

2018 റഷ്യൻ ലോകകപ്പ് മുതലാണ്  വീഡിയോ അസിസ്റ്റൻറ് റഫറി സംവിധാനം ലോകകപ്പിൽ ഉപയോഗിക്കുക. VAR സഹായത്തോടെ റഫറി ഒരു തീരുമാനമെടുത്ത ആദ്യത്തെ ലോകകപ്പ് മത്സരം ഗ്രൂപ്പ് സിയിലെ ഫ്രാൻസ് ഓസ്ട്രേലിയ മത്സരമായിരുന്നു. ഓസ്ട്രേലിയൻ ലീഗിലാണ് ആദ്യമായി VAR ഉപയോഗിച്ചത്. പിന്നാലെ അമേരിക്കയിലും ജർമനിയിലും ഒക്കെ VAR ഉപയോഗിച്ച് തുടങ്ങി. ഒരു വീഡിയോ അസിസ്റ്റൻറ് റഫറിയും അദ്ദേഹത്തിൻറെ 3 അസിസ്റ്റൻറ് മാരും 3  റിവ്യൂ ഓപ്പറേറ്റേഴ്സും അടങ്ങുന്നതാണ് ഒരു VAR സംഘം. നാലു പ്രധാന തീരുമാനങ്ങൾ ആണ് VAR പരിശോധിക്കുക.

i) ഗോൾ

ii)പെനാൽറ്റി

iii) നേരിട്ട് റെഡ് കാർഡ് നൽകുന്ന സന്ദർഭം

iv) കൃത്യമായി കളിക്കാരനെ കണ്ടെത്തുന്നതിന്

മത്സരത്തിലുടനീളം VAR സംഘം റഫറിയും ആയി ഹെഡ് ഫോൺ വഴി ബന്ധപ്പെട്ട് കൊണ്ടിരിക്കും. മുകളിൽ പറഞ്ഞ രീതിയിലുള്ള കളിയുടെ ഗതി മാറ്റിമറിക്കുന്ന  കാര്യങ്ങൾ റഫറി ശ്രദ്ധിക്കാതെ പോവുകയോ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത അവസരങ്ങൾ വരികയും ചെയ്യുമ്പോൾ VAR സംഘം റഫറിയെ സഹായിക്കുന്നു. റഫറി അപ്പോൾതന്നെ കളി നിർത്തി ശരിയായ തീരുമാനം കൈക്കൊള്ളുന്നു. റഫറിക്ക് സ്വയം റീപ്ലെ കണ്ട് ബോധ്യപ്പെട്ട് തീരുമാനമെടുക്കാനും  അല്ലെങ്കിൽ VAR വഴി ലഭിച്ച തീരുമാനം നടപ്പിലാക്കാനും അധികാരമുണ്ട്. അന്തരീക്ഷത്തിൽ രണ്ടു കൈകളും ഉപയോഗിച്ച്  ദീർഘചതുരം വരച്ചാണ് റഫറി VAR സൂചന നൽകുന്നത്. എന്നാൽ ഏതെങ്കിലും കളിക്കാരൻ VAR ഉപയോഗിക്കാൻ റഫറി യോട് ആംഗ്യം കാണിച്ച്  ആവശ്യപ്പെട്ടാൽ ആ കളിക്കാരന് മഞ്ഞ കാർഡ് നൽകാനും നിയമം നിഷ്കർഷിക്കുന്നു. അനാവശ്യമായ അഭിനയം  ഇനിമുതൽ ഒരുപക്ഷേ റെഡ് കാർഡിന് വരെ വഴിവെച്ചേക്കാം. എന്നാൽ VAR സിസ്റ്റത്തെ എതിർക്കുന്നവരും ഉണ്ട്. കളിയുടെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടുമെന്നും കളിക്കാരുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും  അവർ വാദിക്കുന്നു. എന്നിരുന്നാലും ഈ സാങ്കേതികവിദ്യ തുടരാൻ തന്നെയാണ് ഫിഫയുടെ തീരുമാനം.

ഈ രണ്ടു പുതിയ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ ലോകകപ്പിൽ ഗോൾ നേടാൻ അവസരം ലഭിച്ചത് ഫ്രാൻസിനാണ് എന്നത് രസകരമായ മറ്റൊരു വസ്തുതയാണ് . കാലം മുന്നോട്ട് പോകുന്നതനുസരിച്ച് ഫുട്ബോൾ ലോകത്ത് ഒരുപാട് മാറ്റങ്ങൾ ഇനിയും നമുക്ക് പ്രതീക്ഷിക്കാം. ഗോൾ ലൈൻ ടെക്നോളജിയും വീഡിയോ അസിസ്റ്റൻഡ് റഫറിയും ഒക്കെ ഫുട്ബോളിലെ സാങ്കേതികവിദ്യയുടെ പുതിയ ചവിട്ടുപടികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here