തായ്‌ലൻഡിലെ ഗുഹയിൽ അകപ്പെട്ടുപോയ കുട്ടികൾക്കും കോച്ചിനും മോചനം

തായ്‌ലൻഡിലെ താം ലുഅങ് ഗുഹയിൽ 17 ദിവസമായി കുടുങ്ങിക്കിടന്ന 12 കുട്ടികളെയും അവരുടെ ഫുട്ബോൾ കോച്ചിനെയും അതിസാഹസികമായി രക്ഷപെടുത്തി. അസാധ്യമെന്നു കരുതിയ രക്ഷാപ്രവർത്തനം പൂർത്തീകരിച്ച തായ്‌ലൻഡ് അധികൃതർക്കും സഹായവുമായി ഒപ്പംനിന്ന സകലർക്കും 100ൽ 100 മാർക്ക്. സഹായഹസ്‌തവുമായി ലോകം രാഷ്ട്രങ്ങള്‍ ഒപ്പം നിന്നപ്പോൾ ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപ്പെടാവുന്നന്ന രക്ഷാപ്രവർത്തനത്തിനാണ് ലോകം സാക്ഷ്യംവഹിച്ചത്. 11നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കോച്ചിനോപ്പം ഗുഹയിൽഅകപെട്ടത്‌. ‘Wild Boars’ എന്ന ഫുട്ബോൾ ടീമിലെ കുട്ടികളും അവരുടെ 25 വയസുകാരനായ കോച്ചും ജൂൺ 23നാണ് ഫുട്ബോൾ പരിശീലനത്തിനുശേഷം വടക്കൻ തായ്‌ലൻഡിലെ ഗുഹയിൽ കയറിയത്. അപ്രതീക്ഷിതമായി മഴ പെയ്തതോടെ പുറത്തേക്കുള്ള വഴിയിൽ വെള്ളം നിറഞ്ഞു കുട്ടികൾ ഗുഹയില്‍ അകപ്പെട്ടുപോവുകയായിരുന്നു. ഗുഹയുടെ 4 കിലോമീറ്റർ ഉള്ളിലായി ചളി നിറഞ്ഞ ഒരു തുരുത്തിലാണ് സംഘം അഭയംതേടിയത്.


രക്ഷാപ്രവർത്തനത്തിന് സ്വീകരിക്കേണ്ട മാർഗങ്ങളെപ്പറ്റി തലപുകഞ്ഞ തായ്‌ലൻഡ് അധികൃതർ ഒടുവിൽ അപകടകരമെങ്കിലും ഏറ്റവും പെട്ടന്ന് കുട്ടികളെ വെളിയിൽ എത്തിക്കാവുന്ന മാർഗം എന്നനിലയ്ക്ക് ഡൈവിംഗ് ഉപകരങ്ങൾ ഉപയോഗിച്ചുള്ള ദൗത്യത്തിന് തയ്യാറാവുകയായിരുന്നു. നിലവിൽ ഉപയോഗിച്ച മാർഗ്ഗമല്ലാതെ രണ്ട് വഴികളാണ് ആദ്യം രക്ഷാപ്രവർത്തകർ പരിഗണിച്ചത്

  1. ഗുഹയുടെ ഉള്ളിലേക്ക് പുറത്തുനിന്നു യന്ത്രസഹായത്താൽ മല തുരന്നു വഴി വെട്ടുക.
  2. മൺസൂൺ കഴിയുന്നതുവരെ മാസങ്ങളോളം കാത്തിരിക്കുക. വെള്ളം താഴുമ്പോൾ കാൽനടയായി പുറത്തെത്തിക്കുക.

എന്നാൽ മഴ ശമിക്കുവാൻ മാസങ്ങൾ എടുക്കുകയും അതിനുള്ളിൽ കുട്ടികൾ നിന്നിരുന്ന തുരുത്തിൽ വെള്ളം കയറുമെന്നതും, ഗുഹയിലെ ഓക്സിജൻ അപകടകരമായ വിധം കുറയുമെന്നതും എത്രയും പെട്ടന്ന് രക്ഷാപ്രവർത്തനം നടത്തുക എന്ന തീരുമാനത്തിലേക്ക് അധികൃതരെ എത്തിച്ചു. ഞായറാഴ്ചയാണ് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഗുഹയ്ക്കുള്ളിൽനിന്നു അസുഖങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ ‘Mission Impossible’ എന്ന് രക്ഷാപ്രവർത്തനങ്ങൾക്കു ചുക്കാൻപിടിച്ചവർ പറയുന്ന തരത്തിലേക്ക് കാര്യങ്ങൾ വഷളായിരുന്നു.

ജീവൻ പണയംവച്ചു കുട്ടികളെ കണ്ടെത്തിയ രക്ഷാപ്രവർത്തകർ അവർക്ക് ആഹാരവും വെള്ളവും എത്തിച്ചുകൊടുത്തു. ഡൈവിംഗിൽ വൈദഗ്ദ്യം ഇല്ലാതിരുന്ന കുട്ടികളെ വെള്ളം നിറഞ്ഞതും ഒരാൾക്ക് കഷ്ടിച്ച് നിരങ്ങിനീങ്ങാനാകുന്നതുമായ പറയിടുക്കിലൂടെ കൊണ്ടുവരുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ഓക്സിജൻ മാസ്കുകൾ ഉപയോഗിക്കുന്നതിനു കുട്ടികളെ പരിശീലിപ്പിച്ചു. ശേഷം മുന്നിലും പിന്നിലുമായി മുങ്ങൽവിദഗ്ദർ കുട്ടികളോടൊപ്പം നീന്തിയാണ് ഓരോരുത്തരെയും വെളിയിൽ എത്തിച്ചത്. ഇന്നലെ 8 കുട്ടികളെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വെളിയിൽ എത്തിച്ചിരുന്നു. ഇന്ന് ബാക്കിയുള്ള കുട്ടികളും കോച്ചും പുറത്തെത്തിയതോടെ ഇനി 4 മുങ്ങൽവിദഗ്ധർ മാത്രമാണ് ഗുഹയിൽ അവശേഷിച്ചിരുന്നത്. സമചിത്തത കൈവിടാതെ കുട്ടികൾക്ക് ധൈര്യം പകര്ന്നുനിന്ന കോച്ചിന്റെ സാന്നിധ്യം രക്ഷാപ്രവർത്തനത്തിന് മുതൽക്കൂട്ടായി. പുറത്തെത്തിച്ച കുട്ടികളെയും കോച്ചിനെയും നിരീക്ഷണവിധേയമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി ആധികൃതരുടെ ഭാഗത്തുനിന്നുള്ള റിപ്പോർട്ടുകൾ. കൂടുതൽ പരിശോധനകൾക്കു ശേഷം ഇവരെ വിട്ടയയ്ക്കും.

13 വിദേശ സ്‌കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്‌ലാന്‍ഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കുട്ടികൾക്ക് ഓക്സിജൻ എത്തിച്ചശേഷം തിരിച്ചുവരുമ്പോൾ ഓക്സിജൻ തീർന്നതിനെത്തുടർന്ന് ഒരു തായ്‌ലൻഡ് മുങ്ങൽവിദഗ്‌ദൻ മരണപ്പെട്ടിരുന്നു.ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ച രക്ഷാപ്രവർത്തനത്തിന് പിന്തുണയുമായി ഒട്ടേറെപ്പേർ രംഗത്തെത്തിയിരുന്നു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ റഷ്യയിൽ നടക്കുന്ന ലോകകപ്പ് കാണുന്നതിന് അവസരമൊരുക്കുമെന്ന് FIFA അധികൃതരും അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here