സൗമ്യ സ്വാമിനാഥന് പിന്തുണയുമായി ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ

ഇറാനിൽ നടക്കുന്ന ഏഷ്യൻ നേഷൻസ് കപ്പ്‌ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ശിരോവസ്ത്രം നിര്ബന്ധമാക്കിയതിനെത്തുടർന്നു സൗമ്യ ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറിയിരുന്നു. ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ (AICF) ഇന്ന് സൗമ്യക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. “ഇത് സൗമ്യയുടെ വ്യക്തിപരമായ തീരുമാനമാണ്. ഫെഡറേഷന് ആ തീരുമാനത്തോട് യാതൊരു എതിർപ്പുമില്ല. പകരം അയക്കാനുള്ള താരത്തിനെ ഉടൻ തീരുമാനിക്കുന്നതാണ്. ആതിഥേയ രാജ്യത്തിന്റെ നിയമങ്ങളെയും, സംസ്കാരത്തെയും അനുസരിച്ചുകൊണ്ടു ചാമ്പ്യൻഷിപ് നടത്തുക എന്നതാണ് രാജ്യാന്തര ചെസ്സ് ഫെഡറേഷന്റെ നിലപാട്. അതുകൊണ്ട് ഞങ്ങൾ ഫെഡറേഷന്റെ തീരുമാനത്തെയും അംഗീകരിക്കുന്നു” AICF സെക്രട്ടറി ഭരത് സിംഗ് പറഞ്ഞു.

ഇറാന്റെ ശിരോവസ്ത്രത്തെ സംബന്ധിച്ച നിലപാട് തന്റെ വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സൗമ്യ സ്വാമിനാഥൻ നേരത്തെ ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറിയത്. വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് താരം ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇടുകയും ചെയ്തിരുന്നു. മതപരമായ ആചാരങ്ങളും നിയമങ്ങളും കായികതാരങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കരുത് എന്നും സൗമ്യ ഫേസ്ബുക്കിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here