ബെൽജിയത്തിന്റെ വിജയ ‘തിയറി’

മുൻനിര ടീമുകളെല്ലാം മികച്ച കളി പുറത്തെടുക്കാൻ ബുദ്ധിമുട്ടുകയാണ് റഷ്യൻ ലോകകപ്പിൽ. ഇതുവരെയുള്ള കളികളിൽ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഉള്ള ടീമുകളിൽ സമസ്ത മേഖലകളിലും മികച്ച പ്രകടനം പുറത്തെടുത്ത്‌ വിജയം കൊണ്ടത് ബെൽജിയം മാത്രം. കോച്ച് റോബർട്ടോ മാർട്ടിനെസിനൊപ്പം ബെൽജിയം തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മറ്റൊരു താരം കൂടി ഉണ്ട്. ലോകകപ്പും യൂറോക്കപ്പും കോണ്ഫെഡറേഷൻ കപ്പും നേടിയ ഫ്രാൻസിന്റെ ഗോളടിയന്ത്രം തിയറി ഹെൻറി. നിലവിൽ റോബർട്ടോ മാർട്ടിനെസിന്റെ സെക്കന്റ് അസിസ്റ്റന്റ് കോച്ച് ആയാണ് തിയറി സേവനം അനുഷ്ഠിക്കുന്നത്.

കളിയുടെ ഇടവേളകളിൽ സൈഡ് ലൈനിൽ താരങ്ങൾക്ക് നിർദേശങ്ങൾ നൽകുന്ന തിയറി ഹെൻറിയെ നമുക്ക് കാണാം.സുവർണ തലമുറയിലെ ടീമുമായി എത്തുന്ന ബെൽജിയത്തിന് ടീമിലില്ലാത്ത ഏക ഘടകം പരിചയസമ്പത്ത് ആണ് . ഹെൻറിയിലൂടെ ആ മേഖല കൂടി ശക്തിപ്പെടുത്തി മുമ്പോട്ട് പോകുന്ന ബെൽജിയം കപ്പ് നേടാനുള്ള ടോപ്പ് ടീമുകളിൽ ഒന്നായി മാറിക്കഴിഞ്ഞു.

1997 മുതൽ 2010 വരെ ഫ്രാൻസിന്റെ ദേശിയ ടീമിൽ കളിച്ച ഹെൻറി ഫ്രാൻസ് 1998ൽ ലോകകപ്പ് കിരീടം ചൂടിയപ്പോളും 2006ഇൽ റണ്ണർ അപ്പ്‌ ആയ അവസരത്തിലും ഫ്രാൻസിന്റെ മുന്നേറ്റത്തിൽ നിറസാന്നിധ്യമായിരുന്നു. ഈ ലോകോത്തര സ്‌ട്രൈക്കറിന്റെ സാന്നിധ്യം ബെൽജിയം മുന്നേറ്റ നിരയിൽ ഉണർത്തുന്ന ആത്മവിശ്വാസം ചെറുതല്ല. 2010 ഫിഫ ലോകകപ്പ്‌ കാലഘട്ടങ്ങളിൽ അദ്ദേഹം അനുഭവിച്ച തിക്താനുഭവങ്ങൾക്കുള്ള ചെറിയൊരു മറുപടി ബെൽജിയം മുന്നേറ്റ നിരയുടെ വീര്യമാർന്ന പ്രകടനത്തിലൂടെ അദ്ദേഹം വിളിച്ചോതുന്നതിൽ സംശയമില്ല. “എന്നെക്കാൾ കൂടുതൽ ഫുട്ബോൾ കളികൾ കാണുന്നയാളാണ് തിയറി” എന്ന ലുക്കാകുവിന്റെ വാക്കുകൾ ധാരാളം കളികൾ വിലയിരുത്തി കളത്തിൽ തന്ത്രങ്ങൾ സൃഷ്ട്ടിക്കുന്ന ഒരു മികച്ച കോച്ച് ആണ് അദ്ദേഹം എന്ന് സൂചിപ്പിക്കുന്നു.

“എന്നെ സംബന്ധിച്ചിടത്തോളം തിയറി മികച്ചതാണ്, ഞാൻ അദ്ദേഹത്തോട് മണിക്കൂറുകൾ സംവാദങ്ങളിൽ ഏർപ്പെടാറുണ്ട്. അതിൽ നിന്നും എനിക്ക് ആവശ്യമുള്ള വിവരങ്ങൾ ലഭിക്കാറുണ്ട് അത് ഞാൻ കളത്തിൽ നടപ്പിലാകുന്നു.” എന്ന ലുക്കാകുവിന്റെ വാക്കുകൾ ബെൽജിയം ആക്രമണത്തിലെ തിയറി ഹെൻറിയുടെ പങ്കിന്റെ തെളിവാണ്. ലോകകപ്പുകളിലെ അദ്ദേഹത്തിന്റെ പരിചയ സമ്പത്തും എതിർ ടീമിന്റെ തന്ത്രങ്ങളെ കുറിച്ചുള്ള അറിവും ബെൽജിയത്തെ സഹായിച്ചിട്ടുണ്ട് എന്നുറപ്പ്.

തിയറി ഹെൻറി എനിക്ക് നിരവധി ഉപദേശങ്ങൾ നൽകുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം എന്നെ ഒരു മികച്ച പ്ലെയർ ആയി വളർത്തുന്നു എന്ന് ആദ്യ മത്സരത്തിന് മുൻപ് പറഞ്ഞത് ബെൽജിയത്തിന്റെ കഴിഞ്ഞ മത്സരത്തിലെ ഗോൾ സ്‌കോറർ മിഷി ബാറ്റ്ഷ്വായി ആണ്.

“തിയറി ഹെൻറി ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു കോച്ചിങ് സ്റ്റാഫ് ആണ്. താൻ കളിച്ച ദിനങ്ങളിൽ നിന്നുള്ള കഥകൾ അദ്ദേഹം ഞങ്ങളോട് പറയുന്നു, അങ്ങനെ അദ്ദേഹം ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഹെൻറി എന്തു പറഞ്ഞാലും അത് ഞങ്ങൾക്ക് പിന്നീട് സഹായകരമായി തീരുന്നതായാണ് ഞങ്ങളുടെ അനുഭവം. അദ്ദേഹത്തിന്റെ സാന്നിധ്യം, ലോകകപ്പ് എക്‌സ്‌പീരിയൻസ്, അത് ഞങ്ങളെ വളരെയധികം സ്വാധീനിക്കുന്നു “ പ്രതിരോധ താരം ടോബി ആൽഡർവെറെൽഡ് കൂട്ടിച്ചേർത്തു.

രാജ്യാന്തര കളികളിൽ ഫ്രാൻസിന് വേണ്ടി ബൂട്ട് കെട്ടിയ ഹെൻറി ക്ലബ്‌ തലത്തിൽ ആർസണലിനും ബാഴ്‌സിലോണയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്. ഫ്രാൻസിന്റെയും ആഴ്സണലിന്റെയും എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ തിയറി ആഴ്സണലിന്റെ 2003-04 സീസണിലെ ഇൻവിൻസിബിൾ ടീമിന്റെ ഭാഗവുമായിരുന്നു. ആ സീസണിലെ ഗോൾഡൻ ബൂട്ടിന്റെ അവകാശിയും മറ്റാരുമല്ല. തിയറിയുടെ നാല് ലോകകപ്പുകളിലെ പരിചയ സമ്പത്ത് ഇനിയുള്ള മത്സരങ്ങളിലും ബെൽജിയത്തിന് മുതൽകൂട്ടാകും എന്നതിൽ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here