ത്രിരാഷ്ട്ര ട്വന്റി20: സിംബാബ്‌വെയ്ക്കെതിരെ പാകിസ്ഥാന് ജയം

ഹരാരെയിൽ നടന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ നാലാം മത്സരത്തിൽ ആതിഥേയരായ സിംബാബ്‌വെയ്ക്കെതിരെ പാകിസ്ഥാന് 7 വിക്കറ്റ് വിജയം.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ അർധസെഞ്ചുറി നേടിയ സോളമൻ മിറേയുടെ ബലത്തിൽ 163 റൺസ് എന്ന ഭേദപ്പെട്ട സ്കോറിലെത്തി. 63 പന്തിൽ 6 വീതം സിക്‌സും ഫോറും പറത്തിയ മിറേ 94 റൺസ് നേടി പുറത്തായി. ഈ പ്രകടനത്തോടുകൂടി അന്താരാഷ്ട്ര ട്വന്റി20യിൽ ഒരു സിംബാബ്‌വെ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡ് മിറേ സ്വന്തം പേരിൽ കുറിച്ചു. 33 റൺസ് നേടിയ തരിസായ് മുസാകണ്ടയും അവസാന ഓവറുകളിൽ മിറേയ്ക്ക് പിന്തുണ നൽകി. ഇരുവർക്കും ഒഴികെ സിംബാബ്‌വെ നിരയിൽ ആർക്കും പാക്ക് ബോളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് വേണ്ടി ഓപ്പണിംഗ്‌ ബാറ്റ്സ്മാൻ ഫഖർ സമാൻ 47 റൺസ് നേടി മികച്ച അടിത്തറ ഒരുക്കി. ഹുസൈൻ ഠാലത് 44 റൺസ് നേടി. ഠാലത് പുറത്തായപ്പോഴേക്കും പാകിസ്ഥാൻ വിജയത്തിനടുത്ത് എത്തിയിരുന്നു. പിന്നീട് വന്ന ക്യാപ്റ്റൻ സർഫറാസ് അഹമ്മദും ഷൊഹൈബ് മാലിക്കും 5 ബോളുകൾ ബാക്കി നിൽക്കെ വിക്കറ്റ് നഷ്ടം കൂടാതെ പാക്ക് ടീമിനെ വിജയത്തിലെത്തിച്ചു. സോളമൻ മിറേയാണ് മാൻ ഓഫ് ദി മാച്ച്.

ഈ തോൽവിയോടെ ആതിഥേയരായ സിംബാബ്‌വെ ഒരു മത്സരം കൂടി ശേഷിക്കെ ടൂർണമെന്റിൽ നിന്ന് പുറത്തായി. ശനിയാഴ്ച ആസ്ട്രേലിയയുമായിട്ടാണ് സിംബാബ്‌വെയുടെ അവസാന മത്സരം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ആസ്‌ട്രേലിയ പാകിസ്ഥാനെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here