ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നടക്കുമെന്ന് ബിസിസിഐ

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ കേരളത്തിനനുവദിച്ച മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ബിസിസിഐ. ഡേ ആന്‍ഡ്‌ നൈറ്റ് രീതിയിലുള്ള മത്സരമാണ് നടക്കുക. ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരമാണ് കേരളത്തിന്‌ അനുവദിച്ചു കിട്ടിയിട്ടൂള്ളത്. മത്സരം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് നടക്കുക. മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപെട്ട് സ്ഥിതീകരണം ബിസിസിഐ ടൂര്‍സ് ആന്‍ഡ് ഫിക്സ്ച്ചേഴ്സ് കമ്മിറ്റിയില്‍ നിന്ന് ഔദ്യോഗികമായി ഇമെയില്‍ വഴി ലഭിച്ച വിവരം കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ്ജാണ് മാധ്യമങ്ങളെ അറിയിച്ചത്.

നേരത്തെ ബിസിസിഐ കാര്യവട്ടത്തെ വേദിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കെസിഎയ്ക്ക് താല്പര്യം മത്സരം കൊച്ചിയില്‍ നടത്തുന്നത്തിനായിരുന്നു. പുതുതായി നിര്‍മിക്കപ്പെട്ട അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ ടര്‍ഫ് പൊളിച്ച് മത്സരം നടത്താനുള്ള കെ.സി.എയുടെ ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കൊച്ചിയില്‍ തന്നെ കളി നടത്താന്‍ കുറച്ചും കൂടി വൈകി നടക്കുന്ന ഇന്ത്യ ഓസ്ട്രെലിയ പരമ്പരയിലെ മത്സരത്തിനു വേണ്ടി കെ.സി.എ. ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം കളിയ്ക്കാന്‍ നറുക്ക് വീണത്. കഴിഞ്ഞ നവംബറില്‍ ഇന്ത്യ ന്യൂസീലണ്ടുമായി ഒരു ട്വന്റി-ട്വന്റി മത്സരം ഗ്രീന്‍ഫീല്‍ഡില്‍ കളിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here