തോമസ് തുച്ചൽ പാരിസിലേക്ക്.

മുൻ ഡോർട്മുണ്ട് പരിശീലകനായിരുന്ന തോമസ് തുച്ചൽ PSG യുടെ മുഖ്യപരിശീലകനായി ചുമതലയേക്കും. രണ്ടു വർഷത്തെ കരാറിനാണ് ക്ലബ്‌ മാനേജ്മെന്റ് നാല്പത്തിനാലുകാരൻ തുച്ചലുമായി ധാരണയായത്. നിലവിലെ പരിശീലകൻ ഉനായ് എമെറിയുമായുള്ള കരാർ ഈ സീസണോടുകൂടി അവസാനിക്കുന്നതിനാലാണ് തുച്ചലിന്റെ സ്ഥാനാരോഹണം.

 

 

ഫ്രഞ്ച് ലീഗിലും ഡൊമെസ്റ്റിക് കപ്പിലും എതിരാളികളെ നിഷ്പ്രെഭരാക്കിയ എമെറിക്ക് ചാമ്പ്യൻസ് ലീഗിലെ തോൽവിയാണു കരാർ പുതുക്കുന്നതിൽ തടസമായതെന്നാണ് കരുതപ്പെടുന്നത്. സൂപ്പർ താരങ്ങൾ തിങ്ങിനിറഞ്ഞ ടീമിന് ചാമ്പ്യൻസ് ലീഗ് കിട്ടാക്കനിയാണ്. ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ട് വലിയ തോതിൽ പണം ചിലവാക്കി നെയ്മറെയും എംബാപ്പയെയും ടീമിൽ എത്തിച്ചിട്ടും ടീമിന് മുന്നേറാൻ സാധിക്കാത്തതിൽ ടീം ഉടമസ്ഥൻ നാസർ അൽ ഖലിഫി അതൃപ്തനായിരുന്നു.

 

2015 ൽ ക്ളോപ്പിന് പകരക്കാരനായി ഡോർട്മുണ്ടിൽ എത്തിയ തുച്ചലിന് കഴിഞ്ഞ സീസണിലെ DFB പൊക്കൽ വിജയമാണ് എടുത്തുപറയാവുന്ന നേട്ടം. വിരമിച്ച ആഴ്സണൽ കോച്ച് ആർസീൻ വെങ്ങറുടെ പകരക്കാരനായേക്കുമെന്ന കിംവദന്തി പരക്കുന്നതിനിടെയാണ് PSG യുടെ അതിവേഗ കരുനീക്കം. അതീവ സന്തോഷത്തോടും അഭിമാനത്തോടും കൂടി തന്റെ പുതിയ ദൗത്യം ഏറ്റെടുക്കും എന്ന് തുച്ചൽ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പരിശീലകനു കീഴിൽ യൂറോപ്പ് കീഴടക്കുക എന്നതാവും PSG യുടെ പ്രധാന ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here