ദി ട്വല്‍ത്ത് മാന്‍

പൗരാണിക ലോകാത്ഭുതങ്ങളിലൊന്നായി നൂറ്റാണ്ടുകളോളം മനുഷ്യ തലമുറകളെ വിസ്മയിപ്പിച്ച ലൈറ്റ് ഹൗസിന്റെ നഗരം പൊടുന്നനെ അന്ധകാരത്തിലേക്ക് വീണിരിക്കുന്നു. 88ആം മിനുട്ടിൽ കോംഗോ സബ്സ്റ്റിറ്യുറ്റ് അർണോൾഡ് ബൗകയുടെ ഇടങ്കാലിൽ നിന്ന് പുറപ്പെട്ട വോളിയാണ് മെഡിറ്ററീയനിന്റെ മടിത്തട്ടിലുറങ്ങുന്ന അലക്സാണ്ട്രിയയിലെ നിറഞ്ഞു കവിഞ്ഞ ഗ്യാലറിയെ ശ്മശാന മൂകമാക്കിയത്. രണ്ടര പതിറ്റാണ്ട് കാത്തിരിപ്പിന് ശേഷം കൈയെത്തി പിടിച്ചെന്ന് കരുതിയ തങ്ങളുടെ സ്വപ്നം മെല്ലെ അകന്ന് പോകുകയാണെന്ന് അവർ തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു. പക്ഷെ കോംഗോയുടെ സമനില ഗോളിന്റെ ആഘാതത്തിലെന്നോണം നിലത്തേക്ക് പതിച്ച അവരുടെ പ്രയപ്പെട്ട നായകൻ അതിനിടയിൽ പിടഞ്ഞെഴുന്നേറ്റിരുന്നു.

അവശേഷിക്കുന്ന 6 മിനിറ്റുകൾ… അവ തന്റെ ജീവിതത്തിലെ ഏറ്റവും മൂല്യമേറിയതാണെന്ന തിരിച്ചറിവിൽ നിന്നും അയാൾ സ്വയം പ്രചോദിതനായി ക്കൊണ്ട് അവസാനത്തെ ആക്രമണത്തിന് ഒരുങ്ങുകയാണ്. ഒന്നിച്ചൊന്നായി അവസാനത്തെ ആക്രമണവുമായി കോംഗോ ബോക്സിലേക്ക് കയറിയ ഈജിപ്ഷ്യൻ മുന്നേറ്റ നിരയിൽ, ഫോർവെഡ് മെഹ്‌മൂദ് ഹസൻ ഫൗൾ ചെയ്യപ്പെട്ടതും റഫറിയുടെ വിസിൽ മുഴങ്ങിയതും ഒരുമിച്ചായിരുന്നു… അവസാന വിസിൽ മുഴങ്ങുന്നത് വരെ ആരും പരാജിതരാകുന്നില്ലെന്ന ഫുട്ബാൾ എന്ന ഗെയിമിനെ ഇത്ര മേൽ മനോഹരമാക്കുന്ന അപ്രവചനീയ സൗന്ദര്യം ഒരു പെനാൽറ്റിയുടെ രൂപത്തിൽ ഫറോവമാർക്ക് വീണ്ടുമൊരു അവസരം കൂടെ ഒരുക്കുകയാണ്.

നൊടിയിടയിൽ ബുർജ് അറബ് സ്റ്റേഡിയം ഒരു പ്രാർത്ഥന നിലയമായി മാറിക്കഴിഞ്ഞിരുന്നു. മുപ്പതിനായിരം ഹൃദയങ്ങൾ ഒരുമിച്ചു പ്രാർഥിച്ചു കൊണ്ടിരിക്കെ.. അയാൾ തന്റെ ഉള്ളം കയ്യിൽ പന്ത് എടുത്ത് കൊണ്ട് അക്ഷോഭ്യനായി പെനാൽറ്റി സ്പോട്ടിലേക്ക് നടന്നടുത്തു… റോബർട്ടോ ബാജിയോ മുതൽ ലയണൽ മെസ്സി വരെയുള്ള രാജകുമാരന്മാർക്ക് തങ്ങളുടെ കിരീടവും ചെങ്കോലും നഷ്ടപെട്ട അതെ സ്പോട്ടിലേക്ക്… പക്ഷെ അയാളെ സംബന്ധിച്ചിടത്തോളം അത് ഒരിക്കലും മിസ്സാക്കുവാൻ സാധികാനാകാത്ത പെനാൽറ്റി ആയിരുന്നു. കോംഗോ ഗോൾ കീപ്പറെ എതിർ ദിശയിലേക്ക് പറഞ്ഞു വിട്ട് കൊണ്ട് ആ പന്ത് ഗോൾ വലയുടെ വലത് മൂലയിൽ ചുംബിക്കുമ്പോൾ അലക്സാൻഡ്രിയ പൊട്ടിത്തെറിക്കുകയായിരുന്നു. അവർ ഒരേ സ്വരത്തിൽ ആർത്തിരമ്പി..
മൊ സലാഹ്…
മൊ സലാഹ്…
അതെ അയാൾ അന്ധകാരത്തെ വകഞ്ഞു മാറ്റിക്കൊണ്ട് ആയിരം നക്ഷത്രങ്ങളുടെ ശോഭയോടെ ഉദിച്ചുയർന്നു. മിസ്രീയിലെ രാജകുമാരനായി പട്ടാഭിഷേകം ചെയ്യപ്പെടവെ 24 സംവത്സരങ്ങളുടെ കാത്തിരിപ്പിന് ശേഷം ഫറോവമാർ ലോകകപ്പിന്റെ മഹത്തായ വേദിയിലേക്കുള്ള തിരിച്ചു വരവ് പ്രഖ്യാപിക്കുകയായിരുന്നു.

ലോകകപ്പ് അതൊരു സ്വപ്ന ഭൂമികയാണ്. നിങ്ങൾ എത്ര മഹാനായ താരമാണെങ്കിലും അവിടുത്തെ അസാന്നിധ്യം നിങ്ങളെ ചരിത്രത്തിൽ നിന്ന് തന്നെ നിഷ്കാസിതനാക്കിയേക്കും. മറിച്ചു നിങ്ങൾ എത്ര പ്രതിഭ കുറഞ്ഞവനാണെങ്കിലും ലോകകപ്പിലെ നിങ്ങളുടെ ഹീറോയിസം നിങ്ങളെ ഇതിഹാസങ്ങളുടെ നിരയിലേക്ക് ഉയർത്തും…ഞാൻ ഇവിടെ പറയാൻ പോകുന്നത് നിഷ്കാസിതരുടെ,പരാജയപ്പെട്ടവരുടെ കഥയാണ്. പരാജയപെട്ടവരുടെ കഥ എന്ന് പറഞ്ഞപ്പോൾ ഒരു പാട് മുഖങ്ങൾ നിങ്ങളുടെ മനസിലൂടെ മിന്നി മറഞ്ഞു പോയില്ലേ..

 

മാറക്കാനയുടെ ശാപം മരണം വരെ വിടാതെ പിന്തുടർന്ന ബ്രസീലിയൻ ഗോൾ കീപ്പർ ബർബോസ മുതൽ,ടോട്ടൽ ഫുട്ബോളിന്റെ മാന്ത്രിക നീക്കങ്ങളുമായി പുൽമൈതാനങ്ങളെ അടക്കി ഭരിച്ച് 1976 ലോകകപ്പ് ഫൈനലിൽ അവസാന പടിയിൽ നിരാശയോടെ മടങ്ങിയ യോഹാൻ ക്രൈഫ്,
പോണി ടെയ്ൽ ഹെയർ സ്റ്റൈലും അതിലും സുന്ദരമായ കളി മികവുമായി ലോകത്തെ അത്ഭുതപ്പെടുത്തി അവസാനമൊരു പെനാൽറ്റി കിക്കിൽ എല്ലാം നഷ്ടപ്പെടുത്തിയ റോബർട്ടോ ബാജിയോ തുടങ്ങി ഇക്കഴിഞ്ഞ ലോകകപ്പ് കലാശ പോരാട്ടത്തിൽ പരാജയപ്പെട്ട് കിരീടത്തിന് മുന്നിലൂടെ കുനിഞ്ഞ ശിരസ്സുമായി നടന്ന് നീങ്ങിയ ലയണൽ മെസ്സി വരെ… അല്ല ഞാൻ പറയാൻ പോകുന്നത് ഇവരാരുടെയും കഥയല്ല.. പരാജയപെട്ടവരുടെ കൂട്ടത്തിൽ പോലും ഉൾപ്പെടുത്താതെ നിങ്ങൾ അവഗണിച്ചു കളഞ്ഞ കാൽപന്ത് കൊണ്ട് മായാജാലം കാണിച്ച ഒരു കൂട്ടം മാന്ത്രികരുടെ കഥ. ഓരോ ലോകകപ്പിനേയും ഇഴകീറി ചർച്ച ചെയ്യുമ്പോൾ അവർ നമ്മുടെ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു. പക്ഷെ അവരേക്കാൾ പ്രതിഭ കുറഞ്ഞവർ പോലും നമ്മുടെ സംവാദങ്ങളിലെ നായകരായി വന്നിട്ടും അവർ ഒരിക്കലും നമ്മുടെ ചർച്ചകളിലേക്ക് കടന്നു വന്നില്ല. അവർ ഒരു യാത്ര പുറപ്പെടുകയാണ്.. ഇംഗ്ലീഷ് ഫുട്ബോളിന്റെ ഈറ്റില്ലമായ ലണ്ടനിൽ നിന്നും മോസ്‌കോയുടെ മടിത്തട്ടിലേക്ക്..

The 12th Man

ലണ്ടൻ നഗരത്തിലെ വിക്ടോറിയൻ നിർമിതിയുടെ ഏറ്റവും പ്രൗഢ ഗംഭീരമായ വാസ്തുശിൽപം, സെന്റ് പാൻക്രസ് റെയിൽവെ ടെർമിനലിൽ പാരീസിലേക്കുള്ള യൂറോസ്റ്റാർ എക്സ്പ്രസ്സ് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. യൂറോസ്റ്റാർ VIP ഡിലക്സ് ക്യാബിനിൽ പരസ്പരം നോക്കിയിരിക്കുന്ന രണ്ടു പേരും അക്ഷമരാണെന്നത് വ്യക്തം.. പെട്ടെന്ന് വിൻഡോ സൈഡിലിരിക്കുന്നയാളുടെ ഓർമകളെ ഉണർത്തി കൊണ്ട് സെക്കന്റ് ട്രാക്കിലൂടെ സതാംപ്ടണിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ കടന്ന് പോവുകയാണ്.

സതാംപ്ടൺ..

ലണ്ടൻ നഗരത്തിൽ നിന്ന് 80 മൈൽ മാത്രം അകലെയുള്ള ആ നഗരത്തിൽ നിന്നാണ് അയാളുടെ ജീവിതം എന്നെന്നുക്കുമായി മാറി മറിഞ്ഞത്. പ്രത്യേകമായി ശ്രദ്ധിക്കപെടാൻ തക്ക പ്രതിഭയുടെ അടയാളങ്ങളൊന്നുമില്ലാത്ത മധ്യ നിരക്കാരനായി സതാംപ്ടണിൽ കാലു കുത്തിയ അയാൾ പിന്നീടങ്ങോട്ട് തന്റെ സുന്ദരമായ കേളി ശൈലിയും നയന മനോഹരങ്ങളായ ചിപ്പ് ഗോളുകളുമായി പ്രീമിയർ ലീഗിനെ കയ്യിലെടുക്കുകയാണ്. പക്ഷെ ഒരു മേജർ കിരീടം ഒരിക്കലും തനിക്ക് ഇവിടെ നിന്ന് സ്വന്തമാക്കാനാകില്ല എന്ന് മറ്റാരേക്കാളും നന്നായി മനസ്സിലാക്കിയിട്ടും മോഹവിലയുമായി എത്തിയ ചെൽസിയോട് രണ്ടാമതൊന്ന് ആലോചിക്കാൻ പോലും നിൽക്കാതെ നോ പറയുന്നിടത്ത് അയാൾ ലോയൽറ്റി എന്ന വാക്കിനെ തന്നെ റീ ഡിഫൈൻ ചെയ്യുകയാണ്.

റലെഗേഷനും പ്രൊമോഷനും ഇടയിലെ ഈ നില നിൽപ്പിന്റെ പോരാട്ടത്തിന്റെ കൂടെ തന്റെ ബൂട്ട് അഴിച്ചു വെക്കുന്ന അവസാന നിമിഷം വരെ താൻ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുന്ന നിമിഷത്തിൽ സെയിന്റ്സ് ആരാധകരുടെ ഹൃദയത്തിൽ അയാൾ ‘ലെ ഗോഡ്’ ആയി ഉയർത്തപ്പെട്ടിരുന്നു… അതെ മദ്ധ്യ നിരയിൽ കളി മെനഞ്ഞു കൊണ്ടിരിക്കെ അപ്രതീക്ഷിതമായി കയറി വന്നു ചാട്ടുളി പോലെയുള്ള ഗോളുകളാൽ ലോകത്തെ വിസ്മയിപ്പിച്ച അതെ ലെ ടെസ്സിയർ… മധ്യ നിര അടക്കി ഭരിച്ച ഇതിഹാസങ്ങൾ ഒരുപാട് കടന്ന് പോയ പ്രീമിയർ ലീഗിൽ 100 ഗോളുകൾ എന്ന മാജിക്കൽ നമ്പർ മറികടന്ന ആദ്യ മിഡ്ഫീൽഡർ എന്നത് അയ്യാളുടെ പ്രതിഭയുടെ ചെറിയൊരു സൂചകം മാത്രമാണ്… നമുക്ക്അയാളുടെ എതിർവശത്ത് അക്ഷമനായി ഇരിക്കുന്ന മനുഷ്യനിലേക്ക് തിരിച്ചു വരാം.

 

ആഫ്രിക്കൻ കാൽപന്ത് കളിക്കാരുടെ നിലവാരത്തെയും ആത്മാർത്ഥതയെയും അല്പമൊരു സംശയത്തോടെ മാത്രം നോക്കി കണ്ടിരുന്ന കാലത്താണ് ഒട്ടും പരിചിതമല്ലാത്ത യൂറോപ്യൻ മണ്ണിലെക്കുള്ള തന്റെ പ്രയാണം അയാൾ ആരംഭിക്കുന്നത്. സ്വിറ്റ്സർലണ്ടിൽ തുടങ്ങി ഇറ്റലിയിലും ജർമനിയിലുമായി നീണ്ടു കിടക്കുന്ന അയാളുടെ യൂറോപ്യൻ അധിനിവേശം ഏറ്റവും വലിയ വിപ്ലവം സൃഷ്ടിച്ചത് ഫ്രഞ്ച് മണ്ണിലായിരുന്നു. എതിർ പ്രതിരോധ ഭടന്മാരെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞു ഗോളുകൾ നേടുന്നത് ശീലമാക്കിയപ്പോൾ ആഫ്രിക്കൻ “മറഡോണ” എന്ന് വിളിക്കപ്പെട്ട അബിദി അയേവ് ഫ്രഞ്ച് ക്ലബ്ബുകളുടെ ചരിത്രത്തിലെ ഒരേയൊരു ചാമ്പ്യൻസ് ലീഗ് കിരീടം മാർസെയിലെത്തിക്കുമ്പോഴേക്ക് അബിദി “പെലെ” ആയി മാറിയിരുന്നു. ഇന്നും ഫ്രഞ്ച് ലീഗിൽ നിന്നും ചാമ്പ്യൻസ് ലീഗ് നേടിയ ഒരേയൊരു ക്ലബ് ആയി മാർസെ തലയുയർത്തി നിൽക്കുന്നതിന് കാരണം 1993 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വാൻബാസ്റ്റനും മാൽഡിനിയും ബറേസിയും അടങ്ങിയ AC മിലാനെ നിഷ്പ്രഭരാക്കി കൊണ്ട് മാൻ ഓഫ് ദി മാച്ച് പ്രകടനവുമായി മ്യുണിച്ചിലെ ഒളിമ്പിയ സ്റ്റേഡിയത്തിൽ അയാൾ നടത്തിയ പ്രകടനമായിരുന്നു… 

ഘാനക്കൊപ്പം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ കിരീടം നേടിയ അയാൾക്കും പക്ഷെ ലോകകപ്പ് എന്ന ആത്യന്തിക ലക്ഷ്യത്തിന് മുന്നിൽ കാലിടറി..

യൂറോസ്റ്റാർ എക്സ്പ്രസ് പുറപ്പെടുന്നതായുള്ള അനൗൺസ്മെന്റ് മുഴങ്ങി കൊണ്ടിരിക്കെ അരോഢ ദൃഢ ഗാത്രരായാ രണ്ട് പേർ പെട്ടെന്ന് കയറി വരികയാണ്.

“Welcome Mr Riyo..
Where is he? Do you know where he is???”

അതിഥിയെ സീറ്റിലേക്ക് പിടിച്ചിരുത്തി കൊണ്ട് അബിദി പെലെ
ആകാംക്ഷയോടെ പുറകിലേക്ക് നോക്കുമ്പോഴേക്കും ഓട്ടോമാറ്റിക് ഡോർ അടഞ്ഞു കഴിഞ്ഞിരുന്നു…

പക്ഷെ
അബിദിയുടെ ചോദ്യത്തിന് മറുപടി വന്നത് രണ്ടാമതായി കയറി വന്ന വ്യക്തിയിൽ നിന്നാണ്…

“We should be more patient brother. We are waiting for his call”

ലിവർപൂളിന്റെ ചരിത്രത്തിലെ സുവർണ കാലഘട്ടത്തിലെ നായകൻ. വെൽഷ് മണ്ണിൽ നിന്നും ആൻഫീല്ഡിൽ കാലു കുത്തി ആദ്യ ഒൻപത് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ പോലും നേടാൻ സാധിക്കാതെ വന്നപ്പോൾ മാനേജർ ബോബ് പൈസ്‌ലിയുടെ മുന്നിൽ അയാളൊരു ട്രാൻസ്ഫർ റിക്വസ്റ്റ് വെക്കുന്നുണ്ട്. പക്ഷെ അയാളുടെ പ്രതിഭയെ തിരിച്ചറിഞ്ഞ പെയ്സ്‌ലി ആ റിക്വസ്റ്റ് റിജക്ട് ചെയ്യുന്നിടത്ത് പുതിയൊരു ചരിത്രം ജന്മമെടുക്കുകയാണ്.

ഇയാൻ റഷ്…

ഇന്നും റെഡ്‌സിന്റെ ഓൾ ടൈം ടോപ് സ്കോറെർസിന്റെ ലിസ്റ്റിൽ ഏറ്റവും മുകളിലായി നിങ്ങൾക്ക് കാണാൻ കഴിയുന്ന നാമം… ഇംഗ്ലീഷ് ഫുട്ബാൾ ലിവർപൂൾ അടക്കി ഭരിച്ച എൺപതുകളിൽ ഓരോ നീക്കങ്ങൾക്കുമൊപ്പം You’ll Never Walk Alone എന്ന് ഹൃദയം കൊണ്ട് പാടുന്ന ആൻഫീൽഡിന്റെ സ്വപ്ന കാമുകനായി മാറി ഗോളുകൾ കൊണ്ട് മറു ചുംബനങ്ങൾ നൽകുകയായിരുന്നു അയാൾ… അയാളുടെ ബൂട്ടുകൾ നിലക്കാതെ വെടിയുതിർത്തപ്പോൾ 5 ലീഗ് കിരീടങ്ങളടക്കം 16 ട്രോഫികളാണ് ആൻഫീൽഡിന്റെ ട്രോഫി ക്യാബിനെറ്റിലേക്ക് എത്തിയത്.

പക്ഷെ സ്വന്തം രാജ്യത്ത് അദ്ദേഹത്തിന് പരിമിതികൾ മാത്രമേ ഉണ്ടായിരുന്നുള്ളു… ഇപ്പൊൾ അദ്ദേഹത്തിന്റെ കൂടെ കടന്ന് വന്ന നിശബ്ദനായി ഇരിക്കുന്ന ഈ സംഘത്തിലെ നാലാമൻ. വെയിൽസ്‌ന്റെ പുത്രനായി ജനിച്ചു റഷിന്റെ പാത പിന്തുടർന്ന് ഇംഗ്ലീഷ് മണ്ണിൽ കാലു കുത്തിയപ്പോൾ അയാളും സ്വീകരിച്ചത് ചുവപ്പിന്റെ കൊടിയടയാളം തന്നെ ആയിരുന്നു. പക്ഷെ ആ ചുവപ്പ് നേരെ എതിർ വശത്തുള്ളതായിരുന്നു. അയാളുടെ ഹൃദയം കവർന്നത് മാഞ്ചെസ്റ്ററിന്റെ ചുവന്ന ഭൂമിയായിരുന്നു. 24 സംവത്സരങ്ങൾ അയാൾ ആ ചുവന്ന ജേഴ്സിയിൽ നിറഞ്ഞാടി… മാഞ്ചെസ്റ്ററിന്റെ സുവർണ കാലത്ത് ഫെർഗിയുടെ വിശ്വസ്ത പോരാളിയായി അയാൾ ഓൾഡ് ട്രാഫോഡിനെ പ്രകമ്പനം കൊള്ളിച്ചു. രണ്ടര പതിറ്റാണ്ടിനിടയിൽ അയാളുടെ കയ്യൊപ്പ് പതിയാത്ത ഒരു കിരീടമെങ്കിലും ഓൾഡ്ട്രാഫോഡിലെത്തിയിട്ടുണ്ടോ…? ഇല്ലെന്ന് തന്നെ പറയാൻ മാത്രം സമ്പന്നമായൊരു ലെഗസി ബാക്കി വെച്ച് കൊണ്ടാണ് അയാൾ കരിയർ അവസാനിപ്പിച്ചത്…

അവർ 4 വർഷങ്ങൾക്ക് ശേഷമുള്ള ഒത്തു ചേരലിന്റെ വിശേഷങ്ങൾ പങ്ക് വെച്ച് കൊണ്ടിരിക്കെ ട്രെയിൻ ബ്രിട്ടൻ അതിർത്തി മറികടന്ന് ഫ്രഞ്ച്‌ മണ്ണിൽ പ്രവേശിച്ചിരുന്നു. സ്വപ്നങ്ങളുടെ നഗരമായ പാരീസിൽ നിന്നാണ് ഈ സംഘം തങ്ങളുടെ അന്തിമ ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. പാരീസിൽ അവരോടൊപ്പം ചേരാനായി കൊണ്ട് രണ്ട് അതിഥികൾ കാത്തിരിക്കുന്നു..

(തുടരും)

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here