പോർച്ചുഗലിന് മടക്കയാത്ര. ഉറുഗ്വായ് vs ഫ്രാൻസ് ക്വാർട്ടർ ഫൈനൽ.

രണ്ടാം പ്രീ ക്വാർട്ടർ മത്സരത്തിൽ ഉറുഗ്വായ്ക്ക് ജയം. പോർച്ചുഗലിനെ തോൽപിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ഉറുഗ്വായുടെ ഗോളുകൾ രണ്ടും സ്റ്റാർ സ്‌ട്രൈക്കർ എഡിസൺ കവാനി നേടിയപ്പോൾ പോർച്ചുഗൽ ഗോൾ ഡിഫൻഡർ പെപെയുടെ വകയായിരുന്നു.

മത്സരം തുടങ്ങി കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഉറുഗ്വായ് ലീഡ് നേടി. 7ആം മിനിറ്റിൽ സുവാരസിന്റെ മികച്ച ക്രോസ്സ് ഒരു പിൻ പോയിന്റ് ഹെഡ്ഡറിലൂടെ കവാനി വലയിലെത്തിച്ചു. പിന്നീട് ഇരു ടീമുകൾക്കും അധികം അവസരങ്ങൾ ഒന്നും ലഭിക്കാതെ ആദ്യ പകുതി കടന്നുപോയി.രണ്ടാം പകുതിയിൽ ഗോൾ നേടാനുറച്ച് മൈതാനത്ത് ഇറങ്ങിയ പോർച്ചുഗലിനായി പെപെ 10 മിനിറ്റിനുള്ളിൽ ലക്ഷ്യം കണ്ടു. 55ആം മിനിറ്റിലെ ഷോർട്ട് കോർണറിൽ നിന്നും വന്ന ക്രോസ്സിൽ മാർക്കറെ ഒഴിഞ്ഞ് പെപെ ഹെഡ് ചെയ്തു. ഈ ലോകകപ്പിൽ ഉറുഗ്വായ് വഴങ്ങുന്ന ആദ്യ ഗോൾ. സമനില കണ്ടെത്താൻ ആയ പോർച്ചുഗലിന്റെ സന്തോഷം അധിക സമയം നീണ്ടില്ല. 62ആം മിനിറ്റിൽ കവാനി തന്റെയും ഉറുഗ്വായുടെയും മത്സരത്തിലെ രണ്ടാം ഗോൾ നേടി. ബെൻടാൻകർ നൽകിയ അസിസ്റ്റിൽ മനോഹരമായ ഫിനിഷ്. ബോൾ പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് മനോഹരമായി ചാഞ്ഞിറങ്ങി.

ലീഡ് നേടിയ ശേഷം പിന്നോട്ട് വലിഞ്ഞ ഉറുഗ്വായ് പിന്നീട് മികച്ച ഡിഫെൻസിവ് പ്ലേ പുറത്തെടുത്തു. പാറ പോലെ ഉറച്ചുനിന്ന ഗോഡിനും,ഗിമെനസിനും ഒരു ഭീഷണിയാകാൻ പോർച്ചുഗൽ മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവയും ഇടക്ക് ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾക്ക് ശ്രമിച്ചെങ്കിലും ഉറുഗ്വായുടെ പ്രതിരോധ കോട്ടയിൽ ഇടിച്ചു തകർന്നു. ജൂലൈ 6ആം തീയതി നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഉറുഗ്വായ് അർജന്റീനയെ തോല്പിച്ചെത്തുന്ന ഫ്രാൻസിനെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here