ഗ്രൂപ്പ് ജേതാക്കളായി ഉറുഗ്വേ പ്രീ-ക്വാട്ടറില്‍

ഗ്രൂപ്പ് A യില്‍ ജേതാക്കളായി ഉറുഗ്വേ പ്രീ-ക്വാട്ടറിലേക്ക്. ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ആതിഥേയരായ റഷ്യയെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് തകർത്താണ് ഉറുഗ്വേ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. നേരത്തെ ഈജിപ്തിനെയും സൗദിയേയും ഉറുഗ്വേ തോല്പിച്ചിരുന്നു. തോറ്റെങ്കിലും ആതിഥേയരായ റഷ്യയും അവസാനപതിനാറിൽ ഇടംപിടിച്ചു.പ്രീക്വാർട്ടർ ഉറപ്പിച്ചതിനാൽ മധ്യനിരയിലെ സൂപ്പർ താരം ഗോളോവിനെ ബെഞ്ചിലിരുത്തിയാണ് റഷ്യ ടീമിനെ അണിയിച്ചൊരുക്കിയത്. എന്നാൽ ഗ്രൂപ്പ് ജേതാക്കളാവാൻ തുനിഞ്ഞിറങ്ങിയ ഉറുഗ്വേ പരീക്ഷണങ്ങൾക്ക് മുതിർന്നില്ല. ഗോളോവിന്റെ അസാന്നിധ്യം റഷ്യയുടെ നീക്കങ്ങളിൽ മുഴച്ചു നിന്നപ്പോൾ മറുവശത്ത് ഉറുഗ്വേ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു.

ബോക്‌സിന് തൊട്ടുപുറത്തുനിന്നും ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ലൂയിസ് സുവാരസാണ് ലാറ്റിനമേരിക്കൻ കരുത്തരെ മുന്നിലെത്തിച്ചത്. പത്താം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് തന്ത്രപരമായ ഒരു വലംകാലനടിയിലൂടെ താരം വലയുടെ വലതുമൂലയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ഹീറോ ആയ ചെറിഷേവിന്റെ സെൽഫ് ഗോളിലൂടെയാണ് ഉറുഗ്വേ ലീഡ് രണ്ടായി ഉയർത്തിയത്. കോർണറിൽ നിന്നും ലഭിച്ച അവസരം ഉറുഗ്വേ താരം ലക്‌സാൾട്ട് ലക്ഷ്യത്തിലേക്കുതിർത്തത് ചെറിഷേവിന്റെ കാലുകളിൽ തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു.

36ആം മിനിറ്റിൽ രണ്ടാംമഞ്ഞക്കാർഡ് ലഭിച്ച പ്രതിരോധനിര താരം സ്‌മോൾനിക്കോവ് തിരിച്ചുകയറിയതോടെ ആതിഥേയരുടെ നില കൂടുതൽ പരുങ്ങലിലായി. റെഡ് കാർഡ് ലഭിച്ചയുടൻ പ്രതിരോധം ഭദ്രമാക്കാൻ റഷ്യ ചെറിഷേവിനെ തിരിച്ചുവിളിച്ചതോടെ മത്സരം പൂർണ്ണമായും ഉറുഗ്വേയുടെ വരുതിയിലായി. രണ്ടാം പകുതിയിൽ ഇരുനിരയും ഗോൾവഴങ്ങാതിരിക്കാൻ ശ്രദ്ധിച്ചതോടെ മത്സരം വിരസമായി. ലഭിച്ച ഒരുപിടി അവസരങ്ങൾ തുലച്ച സ്‌ട്രൈക്കർ കവാനിയും ഒടുവിൽ ഗോൾപട്ടികയിൽ ഇടംപിടിച്ചതോടെ റഷ്യയുടെ തോൽവി പൂർണമായി. ഉറുഗ്വേ ഗോൾകീപ്പർ മുസ്‌ലേരയുടെ തകർപ്പൻ പ്രകടനമാണ് ആതിഥേയരെ ലക്ഷ്യം കാണുന്നതിൽ നിന്നും തടഞ്ഞത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഗോളൊന്നും വഴങ്ങാതെയാണ് ഉറുഗ്വേയുടെ ക്വാട്ടര്‍ പ്രവേശനം എന്നുള്ളതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here