ക്ലോസെയുടെ റെക്കോർഡ് ഇത്തവണ ക്ലോസാകുമോ??

20 ലോകകപ്പുകളിലായി ഇതുവരെ 2300ൽ അധികം ഗോളുകൾ സ്കോർ ചെയ്യപ്പെട്ടുകഴിഞ്ഞു. ഗോൾവേട്ടക്കാരുടെ വ്യക്തിഗത റെക്കോർഡ് നിലവിൽ ജർമനിയുടെ മിറോസ്ലാവ് ക്ളോസെയുടെ പേരിലാണ്. 4 ലോകകപ്പ് ടൂർണമെന്റിലെ 24 മത്സരങ്ങളിൽനിന്ന് ക്ളോസെ അടിച്ചുകൂട്ടിയത് 16 ഗോളുകൾ. കഴിഞ്ഞ ലോകകപ്പിൽ ആതിഥേയരായ ബ്രസീലിനെ 7-1ന് ജർമ്മനി തകർത്തുവിട്ട മത്സരത്തിലാണ് ക്ളോസെ ബ്രസീലിന്റെതന്നെ റൊണാൾഡോയെ മറികടന്നു റെക്കോർഡ് സ്വന്തമാക്കിയത്. 

ഇതുവരെയുള്ള കണക്കുകളിൽ ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയവർ ഇവരാണ്:

1. മിറോസ്ലാവ് ക്ളോസെ (ജർമ്മനി) – ഗോൾ 16, മത്സരങ്ങൾ 24

2. റൊണാൾഡോ (ബ്രസീൽ) – ഗോൾ 15, മത്സരങ്ങൾ 19

3. ഗെർഡ് മുള്ളർ (ജർമ്മനി) – ഗോൾ 14, മത്സരങ്ങൾ 13

4. ജസ്റ്റ് ഫൊന്റൈൻ (ഫ്രാൻസ്) – ഗോൾ 13, മത്സരങ്ങൾ 6

5. പെലെ (ബ്രസീൽ) – ഗോൾ 12, മത്സരങ്ങൾ 14

ഇത്തവണ മത്സരത്തിനിറങ്ങുന്ന താരങ്ങളിൽ ജർമ്മനിയുടെ തോമസ് മുള്ളറൊഴികെ മറ്റൊരാൾപോലും ക്ളോസെയുടെ ഗോളുകളുടെ അടുത്തെങ്ങുമില്ല. എന്നിരുന്നാലും പ്രതിഭാശാലികളായ താരങ്ങളിൽനിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. ക്ളോസെയുടെ നേട്ടം മറികടക്കാൻ സാധ്യതയുള്ള താരങ്ങൾ ഇവരൊക്കെയാണ് :

1. തോമസ് മുള്ളർ (ജർമ്മനി) : ഗോൾ 10, മത്സരങ്ങൾ 13


ബ്രസീൽ വേൾഡ്കപ്പിലെ ജർമ്മനിയുടെ വിജയശില്പികളിലൊരാൾ. തുടർച്ചയായ രണ്ടാം ലോകകപ്പിലും (2010,2014) 5 ഗോൾ നേടിയ മുള്ളർ ആ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമായി മാറിയിരുന്നു. 28 വയസുകാരനായ താരത്തിൽനിന്നു ഇനിയുമേറെ പ്രതീക്ഷിക്കാം. വേൾഡ്കപ്പ് ഡിഫൻഡ് ചെയ്യാനുള്ള ജർമനിയുടെ മോഹങ്ങൾക്ക് മുള്ളറുടെ പ്രകടനം നിർണായകമാണ്. 

2. ജെയിംസ് റോഡ്രിഗസ് (കൊളംബിയ) : ഗോൾ 6, മത്സരങ്ങൾ 5


കൊളംബിയയുടെ മിന്നും താരം. ക്ലബ് ഫുട്ബോളിൽ റയൽ മാഡ്രിഡിന്റെ താരമായ ജെയിംസ് ഈ സീസണിൽ ലോണിൽ ബയേൺ മ്യൂണിച്ചിലാണ് കളിച്ചത്. 26കാരനായ താരം ഒരേയൊരു ലോകകപ്പിൽനിന്നാണ് 6 ഗോളുകൾ നേടിയത്. ഫോം തുടരുകയാണെങ്കിൽ കുറഞ്ഞത് ഒരു ലോകകപ്പ്കൂടി ജെയിംസ് റോഡ്രിഗസിനെ കാണാം. 

3. ടിം കാഹിൽ (ഓസ്ട്രേലിയ) : ഗോൾ 5, മത്സരങ്ങൾ 8


ഓസ്ട്രേലിയയുടെ ഏറ്റവും മത്സരപരിചയമുള്ള താരം. ഓസ്ട്രേലിയ ഇതുവരെ ടീം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, താരം ടീമിൽ ഇടംനേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സമീപകാലത്തെ ഫോമില്ലായ്മയാണ് ടീമിലേക്കുള്ള പ്രവേശനത്തിന് വിലങ്ങുതടി. തുടർച്ചയായ മൂന്നാമത്തെ ലോകകപ്പിന് ടിം കാഹിൽ ഇറങ്ങുമോയെന്നു കാത്തിരുന്നു കാണാം. 

4. ലൂയിസ് സുവാരസ് (ഉറുഗ്വായ്) : ഗോൾ 5, മത്സരങ്ങൾ 8


കഴിഞ്ഞ ലോകകപ്പിൽ ഇറ്റലിയുടെ ചെല്ലിനിയെ കടിച്ച അതേ സുവാരസ്. ബാർസലോണയ്ക്കുവേണ്ടി ക്ലബ് ഫുട്ബോളിൽ മികച്ച പ്രകടനമാണ് സുവാരസ് കാഴ്ചവച്ചത്. ഗോളടിക്കുന്നതിലും, ഗോൾ അവസരങ്ങൾ ഒരുക്കുന്നതിലും ഒരുപോലെ അഗ്രഗണ്യൻ. 

5. ഗോൺസാലോ ഹിഗ്വേയ്ൻ (അര്ജന്റീന) : ഗോൾ 5, മത്സരങ്ങൾ 11


അര്ജന്റീനയ്ക്കുവേണ്ടി 2 ലോകകപ്പിൽ ഹിഗ്വേയ്ൻ പങ്കെടുത്തു. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബ് ജുവന്റസിനുവേണ്ടി 55 മത്സരങ്ങളിൽനിന്നും 23 ഗോൾ നേടി മികച്ച ഫോമിലാണ്.

6. ലയണൽ മെസ്സി (അര്ജന്റീന) : ഗോൾ 5, മത്സരങ്ങൾ 14


ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാൾ. ഫുട്ബോളിലെ മിശിഹാ. ക്ലബ് ഫുട്ബോളിലെ അപ്രമാദിത്വം രാജ്യത്തിനുവേണ്ടി പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. റഷ്യയിൽ കണക്കുകൾ തിരുത്തിക്കുറിക്കാൻ തന്നെയാണ് മെസ്സി ഇറങ്ങുന്നത്. ബ്രസീൽ ലോകകപ്പിൽ ജർമനിയോടേറ്റ തോൽവിക്ക് മെസ്സിയിലൂടെ പകരംവീട്ടാൻ അർജന്റീന റഷ്യയിൽ ഉണ്ടാവും. 

7. നെയ്മർ (ബ്രസീൽ) : ഗോൾ 4, മത്സരങ്ങൾ 5


ബ്രസീലിനുമുണ്ട് തീർക്കാൻ കണക്കുകൾ ഏറെ. സ്വന്തം നാട്ടിൽ ജർമ്മനി നാണംകെടുത്തിയ മത്സരം ബ്രസീൽ അടുത്തെങ്ങും മറക്കില്ല. തിരിച്ചടിക്കാൻ പരിക്ക് മാറി നെയ്മർ തിരിച്ചെത്തുന്നത് ഒരു ഘടകമാണ്. 23 അംഗ ടീമിൽ നെയ്മറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പിഎസ്ജിക്ക് വേണ്ടി ഫ്രഞ്ച് ലീഗിൽ ഗോൾവേട്ട നടത്തുന്നതിനിടയിലാണ് പരിക്ക് വില്ലനായെത്തിയത്. 

8. ക്രിസ്ത്യാനോ റൊണാൾഡോ (പോർച്ചുഗൽ) : ഗോൾ 3, മത്സരങ്ങൾ 13


റൊണാൾഡോയുടെ അവസാന ലോകകപ്പ് ആയിരിക്കുമോ റഷ്യയിൽ? 33കാരനായ താരം ഇനിയൊരു അങ്കത്തിനു ഉണ്ടാവാനുള്ള സാധ്യതകൾ കുറവാണ്. മെസ്സിക്കൊപ്പം ഫുട്ബോൾ ലോകം ഭരിക്കുന്ന റൊണാൾഡോയ്ക്കും വേൾഡ്കപ്പിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചിട്ടില്ല. കണക്കുകൾ നേരെയാക്കാൻ റോണോയ്ക്ക് അധികം മത്സരങ്ങൾ വേണ്ടിവരില്ല. 

റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്. റഷ്യയിൽ ക്ളോസെയുടെ റെക്കോർഡ് തകർക്കപ്പെട്ടാലും ഇല്ലെങ്കിലും ഗോൾമഴ തീർച്ചയായും പ്രതീക്ഷിക്കാം. 

LEAVE A REPLY

Please enter your comment!
Please enter your name here