വിമ്പിൾഡൺ നാലാം ദിവസം: നദാൽ,സിമോണ ഹാലപ്പ് മൂന്നാം റൗണ്ടിൽ. മുഗുരസ,വാവ്റിങ്ക പുറത്ത്.

വിമ്പിൾഡൺ 2018 നാലാം ദിവസവും അട്ടിമറികൾ തുടരുന്നു. പുരുഷന്മാരുടെ വിഭാഗത്തിൽ മൂന്നാം സീഡ് മരിൻ സിലിച്ച് പുറത്തായി. അർജന്റീനയുടെ ഗൈഡോ പെല്ലയാണ് സിലിച്ചിനെ  3-6, 1-6, 6-4, 7-6 (3), 7-5 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. മൂന്ന് തവണ ഗ്രാൻഡ്സ്ലാം ജേതാവ് സ്റ്റാൻ വാവ്റിങ്കയും രണ്ടാം റൗണ്ടിൽ പുറത്തായി. ഇറ്റലിയുടെ തോമസ് ഫാബിയാനോ വാവ്റിങ്കയെ തോൽപിച്ചത്  7-6 (9-7), 6-3, 7-6 (8-6) സ്കോറിന്.

വനിതാ വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ ചാംപ്യനും രണ്ടാം സീഡുമായ സ്പെയിന്റെ ഗാർബിൻ മുഗുരസ ബെൽജിയത്തിന്റെ അലിസൺ വാനോട് 5-7 6-2 6-1ന് തോറ്റു പുറത്തായി. ഒന്നാം സീഡ് റൊമാനിയയുടെ സിമോണ ഹാലപ്പ് 5-3ന് ചൈനയുടെ ഴെങ് സെൻസായിയോട് പിന്നിലായതിന് ശേഷം തുടരെ 10 ഗെയിമുകൾ ജയിച്ച് 7-5 6-0 എന്ന സ്കോറിന് ജയിച്ചു മുന്നേറി.

പുരുഷന്മാരിൽ മുൻ ചാമ്പ്യന്മാർ നൊവാക് ജോക്കോവിച്ചും റാഫേൽ നദാലും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം സീഡ് നദാൽ മിഖായേൽ കുകുഷ്‌കിനെ തോൽപിച്ചത് 6-4 6-3 6-4 സ്കോറിന്. ജോക്കോവിച്ചിന്റെ ജയം അർജന്റീനയുടെ സെബല്ലോസിനോടാണ് സ്കോർ 6-1 6-2 6-3. ഇന്ന് നടക്കുന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാർ റോജർ ഫെഡററും സെറീന വില്യംസും കളത്തിലിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here