ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെ 43 റൺസിന് പുറത്താക്കിയ വിൻഡീസ് ബാറ്റിങ്ങിലും മികവ് തുടരുന്നു. ആദ്യ ദിനം അവസാനിച്ചപ്പോൾ 68 ഓവർ ബാറ്റ് ചെയ്ത വിൻഡീസ് 2 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എടുത്തിട്ടുണ്ട്. നാല് ദിവസം ബാക്കി നിൽക്കെ വിൻഡീസിനെ രണ്ടാം ദിവസം തുടക്കം തന്നെ പുറത്താക്കിയില്ലെങ്കിൽ ബംഗ്ലദേശിന്റെ തിരിച്ചുവരവ് അസാധ്യമാകും.
ചെറിയ സ്കോറിന് പുറത്തായ ബംഗ്ലാദേശ് വിൻഡീസിനെ പിടിച്ചു കെട്ടാൻ തയ്യാറായാണ് ബൗളിംഗിന് എത്തിയത്. ഓപ്പണർമാരായ ക്രെയ്ഗ് ബ്രാത് വൈറ്റും ഡേവോൻ സ്മിത്തും മികച്ച രീതിയിൽ ബാറ്റിങ് തുടങ്ങി. അർധസെഞ്ചുറി കണ്ടെത്തിയ ഇരുവരും പിരിഞ്ഞത് സ്കോർ ബോർഡ് 113ൽ നിൽക്കെ. പിന്നീടെത്തിയ കിറോൺ പവൽ വേഗത്തിൽ സ്കോർ ബോർഡ് ചലിപ്പിച്ചു. 48 റൺസിന് പുറത്തായ പവലിന് അർഹിച്ച അർധ സെഞ്ചുറി നഷ്ടമായി.
നൈറ്റ് വാച്ച്മാൻ ആയി ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച് എത്തിയ ദേവേന്ദ്ര ബിഷു വിക്കറ്റ് നഷ്ടപ്പെടാതെ കാത്തു. 88 റൺസുമായി ക്രെയ്ഗ് ബ്രാത് വൈറ്റും 1 റൺസുമായി ബിഷുവുമാണ് ക്രീസിൽ. ഒന്നാം ദിനം മഴ മൂലം കളി ഇടക്ക് തടസ്സപ്പെട്ടത് കൊണ്ട് ഇന്ന് അരമണിക്കൂർ മുൻപേ മത്സരം ആരംഭിക്കും.